കൊല്‍ക്കത്ത | തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തൃണമൂല്‍ സ്ഥാനാര്‍ഥി പിന്‍മാറിയ പശ്ചിമബംഗാളിലെ ഫാള്‍ട്ട ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് സി പി എം. തൃണമൂല്‍ നാലാം സ്ഥാനത്തായി. ബി ജെ പി സ്ഥാനാര്‍ഥി ദേബാങ്ഷു പാണ്ഡെ വിജയിച്ച മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥി ശംഭു നാഥ് കുര്‍മി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിന്റെ അബ്ദുള്‍ റസാക്ക് മൊല്ല മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജഹാംഗീര്‍ ഖാന്‍ നാലാം സ്ഥാനത്തായി.ഒന്നരലക്ഷം ലീഡ് നേടുമെന്ന അവകാശവാദം ഉയര്‍ത്തിയ ബി ജെ പിക്ക് 1,09,021 വോട്ടുകളാണ് ലഭിച്ചത്. 40,627 വോട്ടുകള്‍ നേടിയാണ് സി പി എം സ്ഥാനാര്‍ഥി ശംഭു നാഥ് കുര്‍മി രണ്ടാം സ്ഥാനം നേടിയത്.തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ നല്‍കുന്നത് എന്ന് സി പി എം ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. ഭയമില്ലാതെ ജനങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ പോരാട്ടം സി പി എമ്മും ബി ജെ പിയും തമ്മിലായെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് തകരുന്നതോടെ ബംഗാളില്‍ നിര്‍ണായകമായ ന്യൂനപക്ഷ വോട്ടുകള്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നതിന്റെ സൂചിക എന്ന നിലയിലാണ് ഫാള്‍ട്ട ഉപതിരഞ്ഞെടുപ്പ് ഇത്തവണ ദേശീയ ശ്രദ്ധ നേടിയത്.