70 ലേറെ പ്രവാചകന്മാർ പ്രാർത്ഥിച്ച പള്ളി; ഹാജിമാരെ സ്വീകരിക്കാൻ ഒരുങ്ങി മിനയിലെ മസ്ജിദുൽ ഖൈഫ്

Wait 5 sec.

മിന | പള്ളികളുടെ രാജാവ് എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ മിനയിലെ മസ്ജിദുൽ ഖൈഫ് വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി എത്തിയ തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി. അന്ത്യ പ്രവാചകർ മുഹമ്മദ് നബി(സ്വ)യുടെയും മറ്റ് നിരവധി പ്രവാചകന്മാരുടെയും കാലടി സ്പർശമേറ്റ പുണ്യസ്ഥലമാണിത്. അതുകൊണ്ടുതന്നെ പ്രവാചകന്മാരുടെ പള്ളി എന്ന പേരിലും മസ്ജിദുൽ ഖൈഫ് അറിയപ്പെടുന്നു. അറബി ഭാഷയിൽ ഖൈഫ് എന്ന വാക്കിനർത്ഥം താഴ്‌വരയ്ക്ക് മുകളിൽ ഉയർന്നുനിൽക്കുന്ന പർവത ചരിവ് എന്നാണ്.മിനയിലെ ജബൽ അൽ ദിബ പർവതത്തിന്റെ താഴ്‌വാരത്താണ് ഈ മനോഹരമായ പള്ളി സ്ഥിതി ചെയ്യുന്നത്. മൂസാ നബി ഉൾപ്പെടെ എഴുപതോളം പ്രവാചകന്മാർ ഈ പുണ്യഭൂമിയിൽ എത്തി നിസ്കരിച്ചതായാണ് ചരിത്രരേഖകളിൽ വ്യക്തമാക്കുന്നത്. ഏകദേശം 23,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മസ്‌ജിദ് അൽ ഖൈഫിൽ ഒരേസമയം 25,000 തീർത്ഥാടകർക്ക് പ്രാർത്ഥന നടത്താനുള്ള വിപുലമായ സൗകര്യമുണ്ട്. ഹജ്ജ് വേളയിൽ മാത്രമാണ് ഈ പള്ളി പൊതുജനങ്ങൾക്ക് തുറന്നുനൽകുന്നത്. പർവതത്തിൽ നിന്ന് താഴേക്ക് ചരിഞ്ഞ് ജലപ്രവാഹത്തിന് മുകളിലൂടെ ഉയർന്നുനിൽക്കുന്ന ഭൂപ്രകൃതി ഉള്ളതിനാലാണ് പള്ളിക്ക് അൽ ഖൈഫ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്.ചരിത്രത്തിലുടനീളം ഇസ്ലാമിക ഖലീഫമാരുടെ വലിയ രീതിയിലുള്ള ശ്രദ്ധയും പരിചരണവും ലഭിച്ച പുണ്യകേന്ദ്രമാണിത്. ഹിജ്റ 1407 ൽ അതായത് 1987 ലാണ് പള്ളിയിൽ ഏറ്റവും വലിയ നവീകരണവും വികസന പ്രവർത്തനങ്ങളും നടന്നത്. ആകർഷകമായ നാല് മിനാരങ്ങളാണ് പള്ളിക്കുള്ളത്. കൂടാതെ ആധുനിക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനം, എയർ കണ്ടീഷനിംഗ്, മനോഹരമായ പരവതാനികൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സൗകര്യം മുൻനിർത്തി ആയിരത്തിലധികം ടോയ്‌ലറ്റുകളും മൂവായിരത്തിലധികം വാട്ടർ ടാപ്പുകളുമുള്ള വിപുലമായ വുദു സമുച്ചയവും പള്ളിയിൽ സജ്ജീകരിച്ചിട്ടുണ്ട്.ഓരോ വർഷവും ഹജ്ജ് സീസണിലെ യൗമുത്തർവിയ ദിനം, ഈദ് അൽ അദ്ഹ ദിനം, അയ്യാമു തഷ്‌രീഖ് ദിനങ്ങൾ എന്നിവയിൽ മാത്രമാണ് ഈ പള്ളി ആരാധനയ്ക്കായി പൊതുജനങ്ങൾക്കും തീർത്ഥാടകർക്കും തുറന്നുനൽകാറുള്ളത്. വിശുദ്ധ കല്ലേറ് കർമ്മം നടക്കുന്ന ജംറയുമായി ബന്ധിപ്പിക്കുന്ന അൽ മഷായർ ട്രെയിൻ സ്റ്റേഷനിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയാണ് ഈ ചരിത്ര പ്രസിദ്ധമായ മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഹജ്ജ് ദിനങ്ങളിൽ പുണ്യം തേടി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ പ്രവാചകപ്പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്.Content Highlights:The historic Masjid al-Khayf in Mina, also known as the Mosque of the Prophets, has been opened to welcome thousands of Hajj pilgrims for the annual ritual. Situated at the base of Jabal al-Diba, this holy site covers 23500 square meters and can accommodate up to 25000 worshippers simultaneously. The mosque is uniquely opened only during specific days of the Hajj season, featuring comprehensive amenities including an extensive ablution complex and modern air conditioning systems to ensure pilgrim comfort.