കെ പി സി സി പ്രസിഡന്റായി മാത്യു കുഴല്‍ നാടനെ കൊണ്ടുവരാന്‍ പ്രായ പരിധി മാനദണ്ഡമാക്കാന്‍ നീക്കം

Wait 5 sec.

ന്യൂഡല്‍ഹി | കെ പി സി സി പ്രസിഡന്റായി കെ സി വേണുഗോപാല്‍ വിഭാഗത്തിന്റെ പിന്തുണയില്‍ മാത്യു കുഴല്‍നാടനാടനെ കൊണ്ടുവരാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരാന്‍ നീക്കം. മന്ത്രിസഭയിലെ യൂത്ത് മോഡല്‍ പുനസ്സംഘടനയിലും നടപ്പാക്കണമെന്നാണ് ആവശ്യം. പരമാവധി 55 വയസിനകത്തുള്ളവര്‍ തലപ്പത്തേക്ക് വരണം എന്ന നിര്‍ദ്ദേശം നടപ്പാക്കി പ്രസിഡന്റ് പദവിയില്‍ കണ്ണു വച്ച മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുകയാണ് തന്ത്രം.പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് വി എസ് ശിവകുമാര്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍ ,ജോസഫ് വാഴക്കന്‍ എന്നിവര്‍ വിവിധ ഗ്രൂപ്പുകളുടെ പിന്‍തുണയോടെ കരുനീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രായ പരിധി വച്ച് അവരെ വെട്ടി മാത്യു കുഴല്‍ നാടനെ കൊണ്ടുവരാന്‍ കെ സി വേണുഗോപാല്‍ നീക്കം ആരംഭിച്ചത്. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ ഈ തന്ത്രം വേണുഗോപാല്‍ നടപ്പാക്കുമെന്നുറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ നേരിട്ട് ഹൈക്കമാന്‍ഡിനെ കണ്ട് തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്. പാര്‍ട്ടിയും സര്‍ക്കാറും ഒരുമിച്ചു പോയാല്‍ മാത്രമേ സര്‍ക്കാറിന്റെ ലക്ഷ്യം നേടാനാവുകയുള്ളൂ എന്നും സര്‍ക്കാറിന്റെ നീക്കങ്ങളെ തടസ്സപ്പെടുത്തുന്ന ആള്‍ കെ പി സി സി പ്രസിഡന്റായി വന്നാല്‍ ഭരണത്തെ നയിക്കാന്‍ പ്രയാസമുണ്ടാവുമെന്നും അറിയിക്കാനാണ് പ്രധാനമായും മുഖ്യമന്ത്രി വി ഡി സതീശന്റെ ഡല്‍ഹി സന്ദര്‍ശനം എന്നാണു വിവരം.നേതൃപദവിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് ശിവകുമാര്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ടു. കെ പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് പലവട്ടം തഴഞ്ഞ തന്നെ പരിഗണിക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ആവശ്യം. ബെന്നി ബഹനാനായി ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ് എ ഗ്രൂപ്പ്. ജോസഫ് വാഴയ്ക്കനായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്.മന്ത്രിസഭയില്‍ പുതുമുഖങ്ങളെയും യുവാക്കളെയും ഉള്‍പ്പെടുത്തിയ അതേ മാതൃക കെ പി സി സി, ഡി സി സി പുനഃസംഘടനയിലും തുടരണമെന്നാണ് കെ സി വേണുഗോപാല്‍ പക്ഷം മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം. യുവാക്കള്‍, പൊതു സ്വീകാര്യതയുള്ളവര്‍ തുടങ്ങിയവര്‍ തലപ്പത്തേക്ക് വരണമെന്നാണ് ആവശ്യം. ഓടിനടന്ന് സംഘടന കെട്ടിപ്പടുക്കാന്‍ പ്രാപ്തരായവര്‍ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ആവശ്യം. പാര്‍ലമെന്ററി പദവി ലഭിക്കാത്തവരെ സംഘടനയ്ക്കുള്ളില്‍ കുത്തിതിരികുന്ന പഴയ രീതി നിയന്ത്രിക്കണമെന്നാണ് ആവശ്യം. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കമുന്നയിക്കാത്ത വിധം പലരേയും ഒതുക്കാന്‍ പാര്‍ട്ടി പദവികളാണ് അന്നു പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്‍ വാഗ്ദാനം ചെയ്തിരുന്നത്.അതിനാല്‍ പ്രായത്തിന്റെ പേരില്‍ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നതിനോട് വി ഡി സതീശനു താല്‍പര്യമില്ലെന്നാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രി പദവിക്കായുള്ള മത്സരത്തില്‍ പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷമുണ്ടായിട്ടും വി ഡി സതീശനു മുന്നില്‍ കീഴടങ്ങി കെ സി വേണുഗോപാല്‍ സംഘടനയില്‍ മേല്‍ക്കൈ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് സൂചന. ഹൈക്കമാന്‍ഡിന്റെ പിന്‍തുണയോടെ ഈ കാര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് അദ്ദേഹം മെനയുന്നത്.