ആഗോളതലത്തിലെ സാങ്കേതികവിദ്യ അഭിഭാഷകരുടെ കൂട്ടായ്മയായ ഇൻ്റർനാഷണൽ ടെക്നോളജി ലോ അസോസിയേഷന്റെ (iTechLaw) പുതിയ പ്രസിഡന്റായി മലയാളിയായ അഭിഭാഷകൻ നിഖിൽ നരേന്ദ്രനെ തെരഞ്ഞെടുത്തു. 1971-ൽ സ്ഥാപിതമായ സാങ്കേതിക നിയമങ്ങളിലും നയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഭിഭാഷകരുടെയും പോളിസി പ്രൊഫഷണലുകളുടെയും സംഘടനയാണ് ഐടെക് ലോ (International Technology Law Association).സാങ്കേതിക നിയമമേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ അസോസിയേഷനുകളിൽ ഒന്നായ ഐടെക് ലോ സാങ്കേതിക നവീകരണത്തിൽ നിന്ന് ഉയർന്നുവരുന്ന നിയമപ്രശ്നങ്ങളിൽ ഇടപെടുന്നതിനുമായി ഈ സംഘടന ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളെ ഒന്നിപ്പിക്കുന്നു. നിഖിൽ നരേന്ദ്രൻ ഐടെക് ലോയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നതോടെ സാങ്കേതിക നിയമരംഗത്ത് ആഗോളതലത്തിൽ ദക്ഷിണേഷ്യൻ പ്രാതിനിധ്യവും ഉറപ്പാക്കപ്പെടുന്നു.“സാങ്കേതികവിദ്യയുടെ വികസനവും ഉപയോഗവും മനുഷ്യരാശിയുടെ പുരോഗതിക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുന്നതിൽ സാങ്കേതിക നിയമജ്ഞർക്ക് സമൂഹത്തിൽ വലിയൊരു പങ്കുവഹിക്കാനുണ്ട്. സാങ്കേതിക നിയമരംഗത്ത് ലോകമെമ്പാടും നിന്നുയരുന്ന ശബ്ദങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ ഐടെക് ലോ പോലുള്ള അന്താരാഷ്ട്ര സംഘടനകൾക്ക് പ്രധാന്യമുണ്ട്.” ചിക്കാഗോയിൽ നടന്ന ഐടെക് ലോയുടെ വേൾഡ് ടെക്നോളജി ലോ കോൺഫറൻസിൽ പ്രസിഡന്റായി ചുമതലയേറ്റുകൊണ്ട് നിഖിൽ നരേന്ദ്രൻ പറഞ്ഞു.ഐടെക് ലോയുടെ വൈസ് പ്രസിഡൻ്റ്, ട്രഷറർ, സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധി നേതൃപദവികൾ വഹിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയിലേക്ക് നിഖിൽ നരേന്ദ്രൻ എത്തുന്നത്. ഇന്ത്യയിലെ ടെക്നോളജി, മീഡിയ, ടെലികമ്മ്യൂണിക്കേഷൻസ് (TMT) നിയമരംഗത്ത് ബാൻഡ് 1 പദവിയുള്ള അഭിഭാഷകൻ കൂടിയാണ് നിഖിൽ നരേന്ദ്രൻ.പ്രമുഖ നിയമ സ്ഥാപനമായ ‘ട്രൈലീഗൽ’ (Trilegal)-ലെ പാർട്ണറും, ഡിജിറ്റൽ ഇന്നൊവേഷൻ ഗ്രൂപ്പിൻ്റെ തലവനുമായ അദ്ദേഹം ഡാറ്റാ സംരക്ഷണം, ഡിജിറ്റൽ അവകാശങ്ങൾ, നിർമിത ബുദ്ധി (AI) എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ നിയമ, നിയന്ത്രണ, നയപരമായ വിഷയങ്ങളിൽ സാങ്കേതിക മേഖലയിലെ ക്ലയൻ്റുകൾക്ക് ഉപദേശം നൽകുന്ന ബംഗളൂരു അടിസ്ഥാനമായി പ്രവർത്തിക്കുന്ന നിഖിൽ നരേന്ദ്രൻ തിരുവനന്തപുരം സ്വദേശിയാണ്. സിപിഐ നേതാവായ വഴുതക്കാട് നരേന്ദ്രന്റെ മകനാണ്.The post ആഗോളതലത്തിലെ സാങ്കേതികവിദ്യ അഭിഭാഷകരുടെ കൂട്ടായ്മയായ ഐടെക് ലോയുടെ പ്രസിഡന്റായി മലയാളി അഭിഭാഷകൻ നിഖിൽ നരേന്ദ്രൻ appeared first on Kairali News | Kairali News Live.