ഇ ഡി റെയ്ഡ്: അക്ര സംഭവത്തില്‍ ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Wait 5 sec.

തിരുവന്തപുരം | പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കടക്കം വീഴ്ചയുണ്ടായെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിട്ടും മുന്‍കരുതലുകള്‍ എടുത്തില്ല. സ്ഥലത്തുണ്ടായിരുന്നത് ജൂനിയറായ ഐ പി എസ് ഉദ്യോഗസ്ഥന്‍ മാത്രമാണ്. വികാരികമായി നിലയുറപ്പിച്ച ആള്‍ക്കൂട്ടത്തിലേക്ക് ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം ഇറക്കിവിട്ട നടപടി വന്‍ വീഴ്ചയാണ്. ചുമതല നല്‍കിയിട്ടും റേഞ്ച് ഡി ഐ ജി നേരിട്ടെത്തിയില്ലെന്നും വാഹനം പുറത്തേക്കിറങ്ങുമ്പോള്‍ ഇരുവശങ്ങളിലും സുരക്ഷ തീര്‍ത്തില്ലെന്നും വിമര്‍ശമുണ്ട്.മാത്രമല്ല പോലീസുകാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ ഡി സി പിക്കും എസ് എച്ച് ഒയ്ക്കും കഴിഞ്ഞില്ലെന്നും സ്ഥലത്ത് വെച്ച് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ ഡി റെയ്ഡിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്. കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ മ്യൂസിയം പോലീസാണ് കേസെടുത്തത്. എഫ്ഐആറിന്റെ പകര്‍പ്പ് പുറത്തുവന്നു.ലഹളയുണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് ആക്രമണം എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. സംഭവത്തില്‍ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്. ഇതില്‍ പന്ത്രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രതികളായ സി പി എം പ്രവര്‍ത്തകരെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാണ് പോലീസ് മേധാവിയുടെ നിര്‍ദേശം.