എബോള വ്യാപനം തടയുന്നതിനായി അയൽരാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുമായുള്ള അതിർത്തി താത്കാലികമായി അടച്ച് ഉഗാണ്ട. നാല് ആഴ്ചത്തേക്കാണ് അതിർത്തി അടച്ചിട്ടത്. ഒരു മരണം ഉൾപ്പെടെ കുറഞ്ഞത് ഏഴ് കേസുകൾ രാജ്യത്ത് ഇതിനോടകം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. നൂറുകണക്കിന് പേർ നിരീക്ഷണത്തിലാണെന്നും അധികൃതർ പറയുന്നു.കോംഗോയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയും വിലയിരുത്തി. ആഭ്യന്തര യുദ്ധം ഡിആർ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ എബോള പടരുന്നത് തടയാനുള്ള ശ്രമങ്ങൾക്ക് കടുത്ത തടസ്സമാകുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.രോഗവ്യാപനവും യുദ്ധവും ഒരേസമയം നടക്കുന്ന ഈ സാഹചര്യത്തെ “മഹാവിപത്ത്” എന്നാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ ഡോ. ടെഡ്രോസ് അഥാനം ഗബ്രിയേസസ് വിളിച്ചത്. കോംഗോയിലെ പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി അദ്ദേഹം ഈ ആഴ്ച രാജ്യം സന്ദർശിക്കുന്നുണ്ട്.രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ബോംബാക്രമണങ്ങൾക്കിടയിൽ രോഗികളെ മാറ്റിപ്പാർപ്പിക്കുന്നതും ജനങ്ങളുടെ വിശ്വാസം നേടുന്നതും സാധ്യമല്ലെന്ന് ഡോ. ടെഡ്രോസ് പറഞ്ഞു. നിലവിൽ ഏതാണ്ട് 220 പേർക്ക് എബോള മൂലം ജീവൻ നഷ്ടമായതായാണ് സംശയിക്കുന്നത്. കോംഗോയിലെ മോശം റോഡുകളും ജനങ്ങളുടെ കൂട്ടപ്പലായനവും അന്താരാഷ്ട്ര സഹായങ്ങളിലെ കുറവും രാജ്യത്തെ ആരോഗ്യ സംവിധാനത്തെ താറുമാറാക്കിയിരിക്കുകയാണ്.ALSO READ: ‘ലോക മലയാളികൾക്ക് നന്ദി’; നീണ്ട 20 വർഷത്തെ കാത്തിരിപ്പിനുശേഷം ജന്മനാട്ടിലെത്തി അബ്ദുള്‍ റഹീം2021 മുതൽ ഇറ്റൂരി പ്രവിശ്യ സൈനിക ഭരണത്തിന് കീഴിലാണ്. സായുധ ഗ്രൂപ്പുകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് ഇത്. ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയും നിരന്തരം ആക്രമണങ്ങളുണ്ടാകുന്നു. ഇത് രോഗികളെയും അവരുടെ സമ്പർക്ക പട്ടികയിലുള്ളവരെയും കണ്ടെത്തുന്നതിന് വിലങ്ങുതടിയാകുന്നു.അതേസമയം മെഡിക്കൽ സംഘത്തിന് സുരക്ഷിതമായി പ്രവർത്തിക്കാൻ എല്ലാ വിഭാഗങ്ങളും ഉടനടി വെടിനിർത്തലിന് തയ്യാറാകണമെന്ന് ഡോ. ടെഡ്രോസ് ആവശ്യപ്പെട്ടു. നിലവിൽ വലിയ തോതിലുള്ള വെല്ലുവിളികൾ നേരിട്ടാണ് ആരോഗ്യ പ്രവർത്തകർ കോംഗോയിൽ സേവനം നടത്തുന്നത്.The post എബോള വ്യാപനം: കോംഗോയുമായുള്ള അതിർത്തി അടച്ച് ഉഗാണ്ട appeared first on Kairali News | Kairali News Live.