ന്യൂഡല്‍ഹി | സിബിഎസ്ഇ പരീക്ഷാ മൂല്യനിര്‍ണയ വിവാദങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പരീക്ഷാ നടത്തിപ്പിലെ പൊരുത്തക്കേടുകളുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്ഇ പരീക്ഷയിലെ ഡിജിറ്റല്‍ മൂല്യനിര്‍ണയ പ്രക്രിയയായ ‘ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ്’ സംവിധാനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ക്രമക്കേടുകളും പരാതികളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. അതേ സമയം ലോകത്തെല്ലായിടത്തും ഉപയോഗിക്കുന്നതാണ് ഡിജിറ്റല്‍ മൂല്യനിര്‍ണയമെന്നും കേന്ദ്രമന്ത്രി പറഞ്ഞുമങ്ങിയ രീതിയില്‍ സ്‌കാന്‍ ചെയ്ത ഉത്തരക്കടലാസുകള്‍, ചില ഉത്തരങ്ങള്‍ വിലയിരുത്താതിരിക്കുക, പോര്‍ട്ടലുകള്‍ തകരാറിലാകുക, പണമിടപാട് പ്രശ്‌നങ്ങള്‍, പുനര്‍മൂല്യനിര്‍ണയ പ്രക്രിയയിലെ ആശയക്കുഴപ്പങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളോളം വ്യാപകമായി പരാതിപ്പെട്ടിരുന്നു.. ഒഎസ്എം പൊരുത്തക്കേടുകള്‍ മൂലം വിദ്യാര്‍ത്ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ മന്ത്രി, നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമ്മര്‍ദം വര്‍ധിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.