വന്ദേമാതരവും ഭാരത് മാതയും

Wait 5 sec.

കാളി, ദുര്‍ഗ, മാനസ, ചാന്തി തുടങ്ങിയ ശക്തിസ്വരൂപങ്ങളെ ആരാധിക്കുന്ന ബംഗാള്‍ പാരമ്പര്യത്തിന്റെ ബാക്കിപത്രമായിരുന്നു വന്ദേമാതരവും ഭാരത് മാതയും. രണ്ടും ആനന്ദമഠം എന്ന നോവലിന്റെ സംഭാവനയാണ്. ബങ്കിം ചന്ദ്ര ചതോപാധ്യായ (1838-94) എന്ന ബ്രിട്ടീഷ് കലക്ടര്‍ ഉദ്യോഗസ്ഥനായ ബ്രാഹ്മണന്‍ എഴുതിയ നോവല്‍ പ്രതികാരത്തിന് ആഹ്വാനം ചെയ്യുന്നതും തീര്‍ത്തും മുസ്‌ലിംവിരുദ്ധവുമായിരുന്നു. 1875ലാണ് ബങ്കിം ചന്ദ്ര വന്ദേമാതരം എഴുതിയത്. നോവലിലും നോവലിലെ ഗാനത്തിലും പറയുന്ന ശത്രു “മുസ്‌ലിം’ ആണെന്ന് ആര്‍ക്കും വ്യക്തമായി മനസ്സിലാകും. ഇന്ത്യ 800 വര്‍ഷം ഭരിച്ച മുസ്‌ലിംകളോടുള്ള ക്രൂരമായ ശത്രുത നോവലിലുടനീളം കാണാം. ഒരു മാര്‍ബിള്‍ ക്ഷേത്രത്തിലെ ദശഹസ്തങ്ങളുള്ള ദുര്‍ഗാദേവിയുടെ വിഗ്രഹത്തെയാണ് ബങ്കിംചന്ദ്ര ഭാരത് മാതയാക്കി പുനരവതരിപ്പിച്ചത്.സൂഫികളും സന്യാസിമാരും ചേര്‍ന്ന് ഹിന്ദു – മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമായി നടത്തിയ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളെ ഹിന്ദു- മുസ്‌ലിം കലാപങ്ങളായി ചിത്രീകരിച്ച് ചരിത്രം മാറ്റി മറിക്കുക മാത്രമായിരുന്നില്ല ഇയാള്‍. എക്കാലത്തേക്കും ഇന്ത്യാ രാജ്യത്തെ കലാപ കലുഷിതമാക്കാനുള്ള നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക് വിത്തിടുകയുമായിരുന്നു. 1905ലെ ബംഗാള്‍ വിഭജന കലഹങ്ങളുടെ കാലത്ത് ഏറ്റവുമേറെ ഉപയോഗിക്കപ്പെട്ടത് വന്ദേമാതരമായിരുന്നു. ഇക്കാലത്ത് രബീന്ദ്രനാഥ ടാഗോറിന്റെ ചിത്രകാരനായ മരുമകന്‍ അബീന്ദ്രനാഥ് ആണ് ഇപ്പോള്‍ നാം കാണുന്ന ഭാരത് മാതാവിനെ വരച്ചുണ്ടാക്കിയത്. ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പ്രേരണ നല്‍കുന്ന നോവല്‍ അനുശീലന്‍ സമിതി എന്നൊരു അക്രമി സംഘത്തിനും ജന്മം നല്‍കി. ദുര്‍ഗാദേവിക്ക് മുന്നില്‍ അവര്‍ മാരകായുധങ്ങള്‍ പൂജക്ക് വെച്ചു. മുസ്‌ലിംകളെ കൂട്ടക്കൊല നടത്തുന്നത് ഇവര്‍ പുണ്യ ഹോബിയാക്കി. സമിതിയുടെ സംഘാടകനായിരുന്ന അരബിന്ദ ഘോഷിനെ 1908ല്‍ ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹ കുറ്റത്തിന് ജയിലിലിട്ടിരുന്നു.1870ല്‍ ബ്രിട്ടീഷുകാരുണ്ടാക്കിയ അതേ രാജ്യദ്രോഹകുറ്റ നിയമപ്രകാരം അരബിന്ദ ഘോഷ് മാത്രമായിരുന്നില്ല, ആര്‍ എസ് എസിന്റെ ആചാര്യന്‍ വീര്‍ സവര്‍ക്കറും ആന്തമാന്‍ ജയിലില്‍ കിടന്നു. ബ്രിട്ടീഷ് സര്‍ക്കാറിന് സേവ ചെയ്യാമെന്ന് മാപ്പെഴുതി കൊടുത്താണ് ഇരുവരും മോചിതരായത്. അരബിന്ദ ഘോഷ് മാപ്പെഴുതി കൊടുത്ത് ഭാവിയില്‍ സംഗീതജ്ഞാനിയായി ജീവിക്കാമെന്ന് ഉറപ്പുകൊടുത്ത് ജയില്‍ മോചിതനായി. ഇതേ നിയമപ്രകാരമാണ് സംഘ്പരിവാര്‍ ഭരണകൂടം ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും അറസ്റ്റ് ചെയ്തതെന്ന വസ്തുത ചരിത്രത്തിന്റെ വിധിവൈപരീത്യമാണ്.1937ല്‍ രബീന്ദ്രനാഥ ടാഗോര്‍ വന്ദേമാതരം ഒരിക്കലും ദേശീയഗാനമാക്കാന്‍ പാടില്ലെന്ന് അന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന സുഭാഷ് ചന്ദ്രബോസിന് എഴുതിയിരുന്നു. കാരണം അത് ദുര്‍ഗാദേവിക്കുള്ള സ്തുതിഗീതമാണ്. ഏകദൈവ വിശ്വാസികളായ മുസ്‌ലിംകള്‍ക്ക് അത് ആലപിക്കാനാകില്ല എന്നാണ് പറഞ്ഞിരുന്നത്. ദശഹസ്ത ദേവതയുടെ വിഗ്രഹത്തെ നമിക്കാന്‍ ഒരു നോവലില്‍ ആവശ്യപ്പെടാം. പക്ഷേ പാര്‍ലിമെന്റിലോ നിയമസഭയിലോ അത് ആലപിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ല. ഇതേ വാദഗതി ഇപ്പോഴത്തെ ശങ്കരാചാര്യര്‍ ഉയര്‍ത്തിയതിന്റെ വീഡിയോ വൈറലാണ്. അദ്ദേഹം ഒന്ന് കൂടി പറഞ്ഞു, മുസ്‌ലിംകള്‍ അല്ലാഹുവല്ലാതെ ഒന്നിനെയും നമിക്കുന്നില്ല. പ്രവാചകനെ സ്‌നേഹിക്കുകയാണ് മുസ്‌ലിംകള്‍. അവര്‍ മാതൃരാജ്യത്തെയും സ്‌നേഹിക്കുന്നു. അതിനാല്‍ അവരെ നിര്‍ബന്ധിക്കരുത്.രബീന്ദ്രനാഥ് ടാഗോറിന്റെ ആവശ്യമാണ് കോണ്‍ഗ്രസ്സ് നിലപാടായി സ്വീകരിച്ചത്. എങ്കിലും കുട്ടത്തില്‍ അതിഭക്തരായ ബ്രാഹ്മിന്‍ പ്രോക്ത സംഘമാനസ കോണ്‍ഗ്രസ്സുകാര്‍ വന്ദേമാതരത്തെ സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയതയുടെയും ഭാഗമാക്കി മാറ്റുകയായിരുന്നു. 1923ല്‍ അരബിന്ദ ഘോഷിന്റെ ആക്രമണോത്സുക ഭാരത് മാതാവിനെ ചുമന്നാണ് വീര്‍ സവര്‍ക്കറുടെ അരങ്ങേറ്റം. ക്രിസ്ത്യാനികളും മുസ്‌ലിംകളും ഭാരത് മാതാവിന്റെ മക്കളല്ലെന്ന് സവര്‍ക്കര്‍ സിദ്ധാന്തിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ പതാകയേന്തുന്നതിന് പകരം ഭാരത് മാതാ ചിത്രണം ചെയ്ത കാവിക്കൊടിയാണ് ആര്‍ എസ് എസ് സ്വന്തം പ്രതിച്ഛായാ നിര്‍മിതിക്ക് ഉപയോഗിച്ചത്. ശക്തിപ്രഭാവം കാണിക്കാനായി ഒരു സിംഹത്തിന്റെ പുറത്തിരുന്ന് സഞ്ചരിക്കുന്നതായിട്ടാണ് ദുര്‍ഗാദേവിയുടെ ചിത്രസംയോജനം. ദുര്‍ഗാദേവി ശത്രുനിഗ്രഹം നടത്തിയതിന്റെ പ്രതീകമായി വിജയദശമി ദിനം ആചരിക്കുന്നു. ആര്‍ എസ് എസിന്റെ സ്ഥാപകദിനവും ഇതേ ദിവസം ആഘോഷിക്കുന്നു. ശാന്തിയുടെയോ സമാധാനത്തിന്റെയോ ആത്മീയ മന്ത്രമല്ല ആനന്ദമഠം നോവല്‍ വിളംബരം ചെയ്യുന്നത്. കശാപ്പിന്റെയും നിഗ്രഹത്തിന്റെയും ആഹ്വാനമാണത്.ക്ഷേത്രപ്രതിഷ്ഠയായ ദുര്‍ഗാദേവിയെ ഇതരമതസ്ഥര്‍ ആരാധിക്കണമെന്നും വണങ്ങണമെന്നും ഇന്ത്യയില്‍ നിര്‍ബന്ധിക്കാമോ എന്ന ചിന്ത പോലും സമ്മതിക്കാത്ത വിധമാണിപ്പോള്‍ കാര്യങ്ങളുടെ പോക്ക്. വന്ദേമാതരം ദേശസ്‌നേഹത്തിന്റെ മാനദണ്ഡമാക്കി നിശ്ചയിച്ചാല്‍ ഒന്നുകില്‍ മുസ്‌ലിംകള്‍ ദേശക്കൂറില്ലാത്തവരായി തീരും. അല്ലെങ്കിലവര്‍ ഇസ്‌ലാം മതത്തിന് പുറത്തുപോകേണ്ടി വരും.ഇപ്പോഴത്തെ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എല്ലാ യുവ ഇന്ത്യക്കാരും വിദ്യാര്‍ഥികളും ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് ശാഠ്യം പിടിക്കുകയുണ്ടായി. അല്ലെങ്കില്‍ പടിക്ക് പുറത്താകും എന്നാണ് ഭീഷണി. ഉജ്വലമായ രാജ്യസ്‌നേഹം പ്രദര്‍ശിപ്പിച്ച് ബ്രിട്ടീഷുകാരുടെ നിറതോക്കിന് മുമ്പില്‍ വിരിമാറ് കാട്ടിയ ഇതര മതസ്ഥരായ വിശ്വാസികള്‍ ഇനിയെന്ത് ചെയ്യുമെന്നതാണ് ചോദ്യം.