കൊവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് ലോകം പതുക്കെ കരകയറുന്നതേയുള്ളൂ. അതിനിടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന എബോള വൈറസ് ലോകസമൂഹത്തെ വീണ്ടും ആശങ്കയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അപകടകാരിയായ വൈറസാണ് എബോള. ലോകത്തിന് പുതിയൊരു അറിവല്ല എബോള വൈറസ്. ആദ്യമായി 1976ല്‍ ആഫ്രിക്കയിലെ കോംഗോയില്‍ കാണപ്പെട്ട ഈ വൈറസ് പിന്നീട് പലപ്പോഴായി ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലും മറ്റു വിവിധ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ചിട്ടുണ്ട്. നാളിതു വരെ എബോളയുടെ ആറ് വകഭേദങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഏറ്റവും മാരകവും ഇതുവരെ വാക്‌സീന്‍ കണ്ടെത്തിയിട്ടില്ലാത്തതുമായ “ബൂന്‍ഡി ബുഗ്യോ’ വകഭേദമാണ് നിലവില്‍ പടര്‍ന്നു പിടിക്കുന്നതെന്നതാണ് ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളി. പുതിയ വൈറസിനെതിരെ വാക്‌സീന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ക്ലിനിക്കല്‍ ട്രയലുകള്‍ കഴിഞ്ഞ് ഫലപ്രദമായ വാക്‌സീന്‍ പുറത്തിറക്കണമെങ്കില്‍ ഒമ്പത് മാസമെങ്കിലും താമസമെടുക്കും. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്.നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും സുഡാനിലുമാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിലൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹം ആശങ്കപ്പെടേണ്ടതില്ലെങ്കിലും ഒരു പ്രദേശത്ത് ബാധിച്ച രോഗം പെട്ടെന്ന് ആഗോള പ്രതിസന്ധിയായി മാറാമെന്ന് കൊവിഡ് ലോകത്തെ പഠിപ്പിച്ചിരിക്കെ ജാഗ്രത ആവശ്യമാണ്. വിമാന യാത്രകളും ആഗോള വ്യാപാര ബന്ധങ്ങളും കുടിയേറ്റങ്ങളും വര്‍ധിച്ച ഇന്നത്തെ ലോകക്രമത്തില്‍ രോഗവ്യാപനം തടയുന്നത് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശ്രമകരവും പ്രയാസകരവുമാണ്.രാജ്യാന്തര യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും രോഗലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ ഉടന്‍ ഐസൊലേഷന്‍ ക്യാമ്പുകളിലേക്ക് മാറ്റുകയുമാണ് രോഗം രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനുള്ള മാര്‍ഗം. വിമാന മാര്‍ഗമോ കപ്പല്‍ മാര്‍ഗമോ ആണ് രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ മറ്റു രാജ്യങ്ങളിലെത്തുന്നത്. ഇത്തരം യാത്രക്കാരെ വിമാനത്താവളങ്ങളില്‍ സൂക്ഷ്മ പരിശോധനക്ക് വിധേയരാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും കര്‍ശന നിരീക്ഷണം നടത്തിവരുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു. വിമാനത്താവളങ്ങളില്‍ ഐസൊലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇതോടൊപ്പം ആരോഗ്യ സംവിധാനങ്ങളുടെ ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. നിപ്പാ- കൊവിഡ് വൈറസ് ബാധ നിയന്ത്രണത്തില്‍ കേരളം ആരോഗ്യരംഗത്ത് ഒരു മാതൃക തന്നെ സൃഷ്ടിക്കുകയും അന്താരാഷ്ട്ര തലത്തില്‍ അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനം നേരിടുന്ന എല്ലാ പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ഈ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്താനാകണം.പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യതയിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്, ആഗോള സമൂഹത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികളും മഹാമാരികളും. കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും പുതിയ വൈറസ് രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭൂരിഭാഗം പകര്‍ച്ചവ്യാധികളും മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യന്‍ സ്വാര്‍ഥതക്കായി വനം നശിപ്പിക്കുകയും ഇതുവഴി പ്രകൃതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ തകരുകയും ചെയ്യുമ്പോള്‍ വന്യജീവികളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മാരക വൈറസുകള്‍ മനുഷ്യരിലേക്കും എത്തിച്ചേരുന്നു.മഹാമാരികള്‍ ആഗോള സമൂഹത്തിനു നല്‍കുന്ന മറ്റൊരു പാഠമുണ്ട്. ശാസ്ത്ര- സാങ്കേതിക മേഖല എത്രതന്നെ പുരോഗതി കൈവരിച്ചാലും പ്രപഞ്ചത്തിലെ നിഗൂഢതകള്‍ക്കും പ്രതിഭാസങ്ങള്‍ക്കും മുന്നില്‍ മനുഷ്യന്‍ നിസ്സഹായനാണ്. ശാസ്ത്രം ആരോഗ്യമേഖലയില്‍ അത്ഭുതകരമായ വളര്‍ച്ച നേടിയിട്ടുണ്ട്. ജീവന്‍രക്ഷാ മരുന്നകള്‍, അത്യന്താധുനിക ശസ്ത്രക്രിയകള്‍, ജനിതക ഘടന വേര്‍തിരിച്ചുള്ള പഠനങ്ങള്‍ എന്നിവയെല്ലാം ആരോഗ്യ മേഖലയുടെ നേട്ടങ്ങളാണ്. എങ്കിലും സൂക്ഷ്മരൂപങ്ങളായ വൈറസുകളിലൂടെയും ബാക്ടീരിയകളിലൂടെയും പുതിയ വെല്ലുവിളികള്‍ ഉയരുമ്പോള്‍ മനുഷ്യന്‍ പലപ്പോഴും പകച്ചുപോകുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ വികസിതമായ രാജ്യങ്ങളിലെ അത്യന്താധുനിക നഗരങ്ങളെ പോലും ദിവസങ്ങള്‍ക്കകം നിശ്ചലമാക്കാന്‍ ഒരു കുഞ്ഞുവൈറസിന് സാധിക്കുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതിക മേഖലയുടെയും വളര്‍ച്ചയേക്കാള്‍ വേഗതയാര്‍ന്നതാണ് പലപ്പോഴും പ്രകൃതിയുടെ മാറ്റങ്ങള്‍. പ്രകൃതിയെ കീഴടക്കാനുള്ളതല്ല, പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയാണ് വേണ്ടതെന്ന ബോധം മനുഷ്യസമൂഹത്തിന് കൈവരേണ്ടതുണ്ട്.മാരകമായ പകര്‍ച്ചവ്യാധികളോളം തന്നെ ഭയക്കേണ്ടതാണ് ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടാനിടയുള്ള വ്യാജവാര്‍ത്തകള്‍. കൊവിഡ് കാലത്ത് ഇത്തരം ധാരാളം വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടു. തെറ്റായ വിവരങ്ങളുടെ അതിപ്രസരം ജനങ്ങളില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. എബോളയുടെ കാര്യത്തിലും വ്യാജമായ രോഗവ്യാപന വാര്‍ത്തകളും തെറ്റായ ചികിത്സാരീതികളും പ്രചരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് തടയാന്‍ ആരോഗ്യവകുപ്പ് കൃത്യമായ ഇടവേളകളില്‍ ശരിയായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കണം. മാധ്യമങ്ങള്‍ ഉത്തരവാദിത്വ ബോധത്തോടെ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുകയും വേണം. ഭീതിയല്ല, ശരിയായ അറിവും ജാഗ്രതയുമാണ് രോഗനിര്‍ണയത്തിനും പ്രതിരോധത്തിനും ആവശ്യം.