മലപ്പുറം | മലപ്പുറം ജില്ലാ വിഭജനം സാമുദായിക വിഷയമല്ലെന്നും അത് തികച്ചും ഭരണപരവും ജനസംഖ്യാപരവുമായ ആവശ്യമാണെന്നും തിരൂർ സബ് കലക്ടറും ജില്ലാ വികസന കമ്മീഷണറുമായ ദിലീപ് കെ കൈനിക്കര. കേവല ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ 2011ലെ സെൻസസ് ഡാറ്റകളിൽ തൊട്ടടുത്ത് നിൽക്കുന്ന തിരുവനന്തപുരം ജില്ലയേക്കാൾ പത്ത് ലക്ഷത്തോളം പേർ മലപ്പുറത്ത് കൂടുതലുണ്ട്. വയനാട്, പത്തനംതിട്ട, കാസർകോട്, ഇടുക്കി എന്നീ നാല് ജില്ലകളിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ ആളുകൾ മലപ്പുറത്ത് മാത്രമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “സിറാജ് എജ്യൂവേ’ ഫ്യൂച്ചർ സ്‌കിൽ കരിയർ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം സിറാജിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. പൊന്നാനി മുതൽ നിലമ്പൂർ വരെയുള്ള വലിയ ഭൂവിസ്തൃതിയും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ഒരൊറ്റ ജില്ലാ കേന്ദ്രത്തിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ കൃത്യമായി ഉറപ്പുവരുത്തുന്നതിനും പരിമിതികളുണ്ട്. നവകേരള സദസ്സിൽ ജില്ലാ വിഭജനം എന്ന ആവശ്യം ഉയർന്നപ്പോൾ സാധ്യതാപഠനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരോട് അഭിപ്രായം തേടിയിരുന്നു. മലപ്പുറം ജില്ലയെ മാത്രമായി വിഭജിക്കണമെന്നില്ല, സമീപ ജില്ലകളെക്കൂടി ഉൾപ്പെടുത്തി വിദഗ്ധ പഠനം നടത്തി ജനങ്ങൾക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാവുന്ന കേന്ദ്രങ്ങൾ നിശ്ചയിച്ച് വികസനവും സാമൂഹികക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.വിദ്യാഭ്യാസ രംഗത്ത് വലിയൊരു നിശബ്ദ വിപ്ലവം മലപ്പുറത്ത് നടക്കുന്നുണ്ട്. ഇത്തവണ കഠിനമായ സയൻസ് വിഷയങ്ങളിൽ പോലും ആയിരക്കണക്കിന് കുട്ടികളാണ് മുഴുവൻ എ പ്ലസും ഉന്നത വിജയവും നേടിയത്. ഉപരിപഠന മേഖലയിലാണ് ഇനി ജില്ല കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്ലസ് ടു കഴിഞ്ഞാലുടൻ ഗൾഫിലേക്ക് പോകണമെന്ന ചിന്താഗതി മാറി ലോംഗ് ടേം കരിയർ സ്വപ്‌നം കാണാൻ കുട്ടികൾക്ക് സാധിക്കണം. അതിനനുസരിച്ചുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നോളജ് ഇക്കോണമി സിസ്റ്റവും ജില്ലയിൽ ഇനിയും വളർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.