കപൂര്‍ത്തല | പഞ്ചാബിലെ കപൂര്‍ത്തല ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു തടവുകാരനുമായി ഉണ്ടായ നിസ്സാര തര്‍ക്കമാണ് വന്‍ അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. തടവുകാരും വിചാരണ തടവുകാരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.ഇന്നലെ രാത്രി 8:30ഓടെയായിരുന്നു സംഭവം. സംഘര്‍ഷത്തിലേര്‍പ്പെട്ട തടവുകാര്‍ നാലാം നമ്പര്‍ ബാരക്കിന്റെ ഭിത്തികള്‍ തകര്‍ക്കുകയും ജയിലിന്റെ ഒരു ഭാഗത്തിന് തീയിടാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമം നിയന്ത്രിക്കാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉദ്യോഗസ്ഥരെ തടവുകാര്‍ ആക്രമിക്കുകയും ഇവര്‍ക്കുനേരെ കല്ലെറിയുകയും ചെയ്തു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ തടവുകാര്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ജലന്ധര്‍ റേഞ്ച് ഡി ഐ ജി, കപൂര്‍ത്തല എസ് എസ് പിയും തുടങ്ങിയവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും സുരക്ഷാ വീഴ്ച, ആക്രമണത്തിന് പിന്നിലെ കാരണം എന്നിവ സംബന്ധിച്ചെല്ലാം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.