സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) ആയിരുന്ന ഡോ. രത്തന്‍ യു ഖേല്‍ക്കറെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ നടപടി വിവാദമായിരിക്കുകയാണ്. ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന തസ്തികയിലേക്ക് മാറ്റുന്നത് രാഷ്ട്രീയ അധാര്‍മികതയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുന്നതുമാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.നിയമത്തിന്റെ മാനദണ്ഡം തികച്ചും ഭരണപരമായ യോഗ്യത മാത്രമാണെന്നാണ് ഇതിനോടുള്ള ഭരണപക്ഷത്തിന്റെ പ്രതികരണം. 2003 ബാച്ച് കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ രത്തന്‍ ഖേല്‍ക്കര്‍ നേരത്തേ കണ്ണൂര്‍ കലക്ടര്‍, ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ മികച്ച സേവനം ചെയ്ത ഉദ്യോഗസ്ഥനാണ്. ഒരു മുഖ്യമന്ത്രിക്ക് തന്റെ വിശ്വസ്ത തസ്തികയിലേക്ക് കാര്യക്ഷമതയുള്ള ഏത് ഉദ്യോഗസ്ഥനെയും നിയമിക്കാനുള്ള പൂര്‍ണ അധികാരമുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാന അഡ്മിനിസ്ട്രേഷന്റെ ഭാഗമായി മാറുന്നതും അസാധാരണമല്ല. അതേസമയം ഭരണപരമായ നിയമസാധുതകള്‍ക്കപ്പുറം ഭരണഘടനാ ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങളെക്കുറിച്ചുള്ള ജനവിശ്വാസം കാത്തുസൂക്ഷിക്കുകയെന്ന ധാര്‍മിക ഉത്തരാദിത്വം കൂടിയില്ലേ സര്‍ക്കാറിന്? രാഷ്ട്രീയ ഔചിത്യത്തിനും ധാര്‍മികതക്കും ചേരുന്നതാണോ ഈ നിയമനമെന്നതാണ് പ്രശ്നം.ജനാധിപത്യ വ്യവസ്ഥയുടെ കാതല്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പാണ്. അതിന് മേല്‍നോട്ടം വഹിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ സംസ്ഥാന പ്രതിനിധിയായ ചീഫ് ഇലക്ടറല്‍ ഓഫീസറും കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കേണ്ടവരാണ്. കേരളത്തില്‍ യു ഡി എഫ് 102 സീറ്റ് നേടി വന്‍വിജയം കൈവരിച്ചതിനു തൊട്ടുപിന്നാലെ, തിരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും സ്വാധീനമുള്ള തസ്തികയില്‍ നിയമിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും പ്രതിപക്ഷത്തും പൊതുസമൂഹത്തിലും സംശയങ്ങളുണര്‍ത്തും. ഭരണത്തിന്റെ തുടക്കത്തില്‍ നല്ല പ്രതിഛായ സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര്‍ ഇത്തരം സംശയങ്ങളുടെ നിഴലിലേക്ക് നടന്നു നീങ്ങരുതായിരുന്നു.സാധാരണ ഭരണപരമായ തസ്തികകളില്‍ നിന്ന് വ്യത്യസ്തമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി. ഭരണവിഷയങ്ങളുമായി ഏറെ ബന്ധപ്പെട്ട രഹസ്യ മേഖലകളിലേക്കും അധികാര കേന്ദ്രങ്ങളിലേക്കും കടന്നു ചെല്ലാവുന്ന സുപ്രധാന പദവിയാണത്. ഇവിടെ നിയമിക്കപ്പെടുന്ന വ്യക്തിയുടെ രാഷ്ട്രീയ പശ്ചാത്തലവും പൊതുസ്വീകാര്യതയും പരിഗണിക്കപ്പെടുന്നതാണ് രാഷ്ട്രീയ ധാര്‍മികത. നിയമസാധുതക്കൊപ്പം രാഷ്ട്രീയ ധാര്‍മികതയും പ്രധാനമാണ് എന്നര്‍ഥം.ബംഗാളിലെ ചീഫ് സെക്രട്ടറി നിയമന കാര്യത്തില്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇരട്ടത്താപ്പായി അനുഭവപ്പെടും രത്തന്‍ യു ഖേല്‍ക്കറുടെ നിയമനം. ബംഗാളിലെ ചീഫ് സെക്രട്ടറിയായി, സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന മനോജ് കുമാറിനെ നിയമിച്ച ബി ജെ പി സര്‍ക്കാറിനെ അതിരൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വവും വിമര്‍ശിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ ബി ജെ പി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്ന് പാര്‍ലിമെന്റിനകത്തും പുറത്തും രാഹുല്‍ ഗാന്ധി നിരന്തരം കുറ്റപ്പെടുത്തുമ്പോള്‍, കേരളത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു ഡി എഫ് സര്‍ക്കാര്‍ സമാനമായൊരു നടപടിയെടുത്തത് ശരിയാണോ? ബംഗാളില്‍ ബി ജെ പി ചെയ്തത് തെറ്റും കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ ചെയ്തത് ശരിയുമാകുന്നതിന്റെ ലോജിക് എന്താണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് എന്ത് ഉത്തരം നല്‍കും സര്‍ക്കാര്‍?പ്രതിപക്ഷത്തിരിക്കുമ്പോള്‍ അധികാര ദുരുപയോഗത്തെയും പാര്‍ട്ടിവത്കരണത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചവര്‍ അധികാരത്തിലെത്തുമ്പോള്‍ അതേരൂപത്തിലുള്ള ആരോപണങ്ങള്‍ ക്ഷണിച്ചു വരുത്താന്‍ ഇടയാക്കുന്ന നടപടി സ്വീകരിക്കരുതായിരുന്നു. ഭരണകൂടത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ‘ഞങ്ങള്‍ വ്യത്യസ്തരാണ്’ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കേണ്ട സമയമാണിത്. ഭരണത്തിന്റെ ആദ്യനാളുകളില്‍ രൂപപ്പെടുന്ന പൊതുധാരണ പിന്നീട് തിരുത്തുക അത്ര എളുപ്പമല്ല. മുന്‍ സര്‍ക്കാറിന്റെ ഭരണപരമായ വീഴ്ചകളും തെറ്റായ നടപടികളുമാണ് ജനങ്ങള്‍ അവരെ തിരസ്‌കരിക്കാന്‍ കാരണം. അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ പുതിയ സര്‍ക്കാറിന് ബാധ്യതയുണ്ട്. മുന്‍ സര്‍ക്കാറിന്റെ ചെറിയ വീഴ്ചകള്‍ പോലും കൃത്യമായി ചൂണ്ടിക്കാണിച്ച ഒരു നേതൃത്വത്തിന് ഇത്തരമൊരു നിയമനം സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധമുണ്ടാകേണ്ടതായിരുന്നു.മികച്ച ജനപിന്തുണയോടെയാണ് വി ഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. വിവാദങ്ങള്‍ക്കിടയാക്കുന്ന നടപടികള്‍ ഒഴിവാക്കി ഭരണത്തിലെ നിഷ്പക്ഷത പ്രകടമാക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണ് ജനവിശ്വാസം നിലനിര്‍ത്താന്‍ ചെയ്യേണ്ടത്. അധികാരത്തില്‍ മാത്രമല്ല, ആത്മനിയന്ത്രണത്തിലുമാണ് ഒരു സര്‍ക്കാറിന്റെ ശക്തി. ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുക മാത്രമല്ല, ചെയ്യരുതാത്തത് ഒഴിവാക്കുകയെന്നതും നല്ല ഭരണത്തിന്റെ ഭാഗമാണ്. ആവശ്യമെങ്കില്‍ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാനുള്ള രാഷ്ട്രീയ വിനയവും കാണിക്കണം. അധികാരവും പാര്‍ട്ടിയും തമ്മിലുള്ള അകലം സംരക്ഷിച്ചു കൊണ്ടായിരിക്കണം സര്‍ക്കാറിന്റെ പ്രവര്‍ത്തനം. ഒരു ജനാധിപത്യ ഭരണകൂടം എല്ലാ പൗരന്മാരുടേതുമാണ്. അതിന്റെ സ്ഥാപനങ്ങള്‍ പാര്‍ട്ടിയുടെ ഉപകരണമായി മാറുന്നുവെന്ന തോന്നലുണ്ടാക്കുന്ന നടപടി പോലും ശരിയല്ല. ഭരണസംവിധാനങ്ങളുടെ നിഷ്പക്ഷതയിലുള്ള വിശ്വാസം തകരുമ്പോള്‍ ജനാധിപത്യത്തിന്റെ അടിത്തറക്ക് ഇളക്കം സംഭവിക്കും.