ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം നടക്കുകയാണ് അറഫയില്‍. എല്ലാവിധ അതിരുകളും മായ്ച്ചു കളഞ്ഞ് മനുഷ്യനെന്ന മേല്‍വിലാസത്തെ വിളംബരം ചെയ്യുന്ന മനോഹരമായ മുഹൂര്‍ത്തം. അറഫാ മൈതാനിയിലെ വൈവിധ്യങ്ങളിലേക്ക് നോക്കൂ. ഭാഷയും നിറവും ആകാരവും സംസ്‌കൃതിയുമെല്ലാം എണ്ണിത്തീര്‍ക്കാനാകാത്ത വിധം വ്യത്യസ്തമാകുമ്പോഴും ആ മനുഷ്യസാഗരം വിളംബരം ചെയ്യുന്നത് ഏകതയെയാണ് എന്നത് എത്ര ഹൃദയസ്പര്‍ശിയായ അനുഭവമാണ്.പല ഭാഷ മൊഴിയുന്ന മനുഷ്യര്‍ ഒരേ ലക്ഷ്യത്തില്‍ സംഗമിക്കുമ്പോള്‍ ആര്‍ക്കും ആരേക്കാളും ഒരു പ്രാധാന്യവുമില്ല എന്ന ആശയം ആവിഷ്‌കരിക്കപ്പെടുകയാണ് ഓരോ നിമിഷത്തിലും. അറഫാ മൈതാനിയിലെ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും സാങ്കേതിക വിദ്യയുടെ വളര്‍ച്ച മാത്രമല്ല കാണിക്കുന്നത്, മറിച്ച് അവ മാനവികതയുടെയും സമത്വത്തിന്റെയും തത്ത്വശാസ്ത്രത്തെ കൂടുതല്‍ മനോഹരമായി പ്രതിഫലിപ്പിക്കുന്നുണ്ട്. അറഫയില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത് ഒരേ നിറത്തിലും മാതൃകയിലുമുള്ള തമ്പുകളാണ്. ഇവിടെ പണക്കാരന് പ്രത്യേക കൊട്ടാരങ്ങളോ പാവപ്പെട്ടവന് മോശം കൂടാരങ്ങളോ ഇല്ല. രാജ്യാതിര്‍ത്തികളുടെ പേരില്‍ പരിഗണനയോ വിവേചനങ്ങളോ ഇല്ല. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഒരേ സൗകര്യമുള്ള കൂടാരങ്ങളില്‍ ഒരുമിച്ച് കഴിയുമ്പോള്‍, ഭൗതികമായ വേര്‍തിരിവുകളെല്ലാം ഇല്ലാതാകുകയും എല്ലാവരും സമന്മാരാണെന്ന ബോധ്യം ഹൃദയത്തില്‍ ഉറയ്ക്കുകയും ചെയ്യുന്നു. സൗജന്യമായി സംവിധാനിച്ച ഭക്ഷണം കൈപറ്റാന്‍ വലിയ വ്യവസായികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേ ക്യൂവില്‍ നില്‍ക്കുന്നു. കോടീശ്വരനായ ഒരാള്‍ ഒരു തുള്ളി വെള്ളത്തിനായി സാധാരണക്കാരന്റെ പിന്നില്‍ വരി നില്‍ക്കുമ്പോള്‍ താന്‍ സമ്പാദിച്ച ഭൗതികമായ അലങ്കാരങ്ങളെല്ലാം ശൂന്യമാണെന്ന തിരിച്ചറിവ് അവരുടെ ഹൃദയത്തെ സ്വാധീനിക്കുന്നു. പരസ്പരം കാണിക്കുന്ന ഈ കാരുണ്യം മാനവികതയുടെ വലിയൊരു പാഠമാണ്.അറഫയിലെ കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ മൈതാനിയിലുടനീളം ലക്ഷക്കണക്കിന് കൂളിംഗ് ടവറുകളും എയര്‍കണ്ടീഷണറുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ തണുത്ത കാറ്റും ജലകണികകളും ഒരു വിവേചനവുമില്ലാതെ രാജാവിനും പ്രജയ്ക്കും കറുത്തവനും വെളുത്തവനും ഒരേപോലെയാണ് കുളിര്‍മ നല്‍കുന്നത്. പ്രകൃതിയുടെയും സംവിധാനങ്ങളുടെയും അവകാശം എല്ലാവര്‍ക്കും തുല്യമാണെന്നും അത് പങ്കുവെക്കേണ്ടതാണെന്നുമുള്ള ഇസ്ലാമിന്റെ നിലപാടിന്റെ ഓര്‍മപ്പെടുത്തലായാണ് ഇത് അനുഭവിക്കാനാകുന്നത്. അറഫയെയും മുസ്ദലിഫയെയും മിനയെയും ബന്ധിപ്പിക്കുന്ന അല്‍മശാഇര്‍ മെട്രോ ട്രെയിനും ബസ് സര്‍വീസുകളും കോടിക്കണക്കിന് രൂപയുടെ സംവിധാനങ്ങളാണ്. എന്നാല്‍ ഇതില്‍ യാത്ര ചെയ്യുമ്പോള്‍ മന്ത്രിയും യാചകനും ഒരേ കമ്പാര്‍ട്ട്മെന്റില്‍ തോളോടുതോള്‍ ചേര്‍ന്നാണ് ഇരിക്കുന്നത്. ഈ ഒരുമിച്ചുള്ള യാത്ര ‘നമ്മളെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്ന സഹയാത്രികരാണ്’ എന്ന ബോധ്യമുണ്ടാക്കുന്നു. അറഫാ മൈതാനിയില്‍ താത്കാലികമായി നിര്‍മിക്കുന്ന അത്യാധുനിക ആശുപത്രികളും മൊബൈല്‍ ക്ലിനിക്കുകളും ഏത് രാജ്യക്കാരനായ തീര്‍ഥാടകനും പൂര്‍ണമായും സൗജന്യമായാണ് ചികിത്സ നല്‍കുന്നത്. വംശമോ ഭാഷയോ നോക്കാതെ, ‘മനുഷ്യജീവന്‍’ എന്ന ഒരൊറ്റ പരിഗണനയില്‍ നല്‍കുന്ന ഈ സേവനം ഇസ്ലാം വിഭാവനം ചെയ്യുന്ന സാര്‍വലൗകിക സാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.ആദ്യ മനുഷ്യന്‍ മുതല്‍ ചരിത്രത്തിന്റെ പാദം പതിഞ്ഞ മണ്ണാണ് അറഫയുടേത്. അറഫയുടെ വര്‍ത്തമാനത്തിന്റെ പ്രമേയം മാനവികതയാണ്. വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്ക് സഞ്ചരിച്ചാലും ഈ ആശയം ആവര്‍ത്തിക്കപ്പെടുന്നതിന് നാം സാക്ഷികളാകും. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള പറിച്ചുനടലിനെ തുടര്‍ന്ന് രണ്ടിടത്തായി അകപ്പെട്ടുപോയ ആദം നബി(അ)ന്റെയും പത്നി ഹവ്വാഅ് ബീവി(റ)യുടെയും വൈകാരികമായ സമാഗമത്തിന്റെ രംഗഭൂമിയായിരുന്നു അറഫ(റ). ഹജ്ജിന്റെ കര്‍മങ്ങള്‍ ഇബ്റാഹീം നബി(അ)നെ ഓരോ സ്ഥലങ്ങളിലും കൊണ്ടുപോയി ജിബ് രീല്‍(അ) പഠിപ്പിച്ചുകൊടുത്തപ്പോള്‍ അവരുടെ കൂടിച്ചേരല്‍ അറഫയിലും നടക്കുന്നുണ്ട്. ഇബ്റാഹീം നബി(അ) കഅ്ബ പുനര്‍ നിര്‍മിച്ച ശേഷം നിയോഗിതരായ മുഴുവന്‍ പ്രവാചകന്മാരും അറഫയില്‍ സംഗമിച്ചവരാണെന്ന് ‘ഒരു പ്രവാചകനും ഹജ്ജ് ചെയ്യാതിരുന്നിട്ടില്ല’ എന്ന ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് ഇമാം ബൈഹഖി(റ) ഉദ്ധരിച്ച ഹദീസിന്റെ വെളിച്ചത്തില്‍ പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഇപ്രകാരം അനേകം പ്രവാചകന്മാരുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ചരിത്രത്തിന്റെ സൗന്ദര്യം അറഫാ മൈതാനത്തിനുണ്ടെങ്കിലും, വിടവാങ്ങല്‍ ഹജ്ജിന്റെ സമയത്ത് നബി(സ) നടത്തിയ പ്രഭാഷണമാണ് മനുഷ്യരാശി എക്കാലവും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന അറഫയുടെ ഏറ്റവും വലിയ സ്മാരകം. ഹിജ്റ പത്താം വര്‍ഷം ദുല്‍ഹിജ്ജ ഒമ്പതിന് നബി(സ) നടത്തിയ പ്രസ്തുത പ്രഭാഷണം ചരിത്രത്തിലെ ഏറ്റവും മഹത്തായ മനുഷ്യാവകാശ പ്രഖ്യാപനങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.വൈജാത്യങ്ങള്‍ക്കപ്പുറത്ത് മനുഷ്യന്‍ എന്ന പ്രമേയത്തെ മുന്‍നിര്‍ത്തി എല്ലാ കാലത്തും ജീവിക്കുന്നവരെ അഭിസംബോധന ചെയ്ത് നബി(സ) പഠിപ്പിച്ച സന്ദേശങ്ങള്‍ക്ക് എല്ലാ ജനപഥങ്ങളിലും വലിയ പ്രാധാന്യമുണ്ടായിരുന്നു. പുതിയ കാലത്തും ആ പ്രസംഗത്തിലെ മനോഹരമായ ആശയങ്ങള്‍ വലിയ പ്രാധാന്യത്തോടെ ഉയര്‍ന്നുനില്‍ക്കുക തന്നെയാണ്. വിവേചനമില്ലാത്ത സമത്വവും മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും സ്ത്രീ സുരക്ഷയും ലിംഗനീതിയും സാമ്പത്തിക ചൂഷണത്തിനെതിരെയുള്ള നിലപാടുമെല്ലാം പുതിയകാല വ്യവസ്ഥിതിയെ കണ്ടുകൊണ്ട് പറഞ്ഞ പോലെ ഏറ്റവും കാലികമായി അനുഭവിക്കാന്‍ നമുക്ക് സാധിക്കുന്നു.മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളുടെ നാഥന്‍ ഒന്നാണ്. നിങ്ങളുടെ പിതാവും ഒന്നാണ്. ഒരു അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒരു ശ്രേഷ്ഠതയും ഇല്ല. കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു മേന്മയുമില്ല, ഇലാഹീഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ എന്ന് 15 നൂറ്റാണ്ടുകള്‍ക്കപ്പുറം നബി(സ) ഒരര്‍ഥശങ്കക്കുമിടമില്ലാതെ പ്രഖ്യാപിച്ചു. വര്‍ണവിവേചനത്തിന്റെ പുതിയ കാലത്തും മാനുഷികതയുടെ ശബ്ദമായി അത് നമുക്കിടയില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ബ്ലാക്ക് ലൈവ് മാറ്റര്‍ പോലെയുള്ള, അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെ സമരസ്രോതസ്സായി തിരുനബിയുടെ ഈ പ്രഖ്യാപനം നിലനില്‍ക്കുന്നു. ട്രൈവോണ്‍ മാര്‍ട്ടിന്‍ എന്ന ആഫ്രിക്കന്‍ – അമേരിക്കന്‍ കൗമാരക്കാരനെ വെടിവെച്ചു കൊന്ന ജോര്‍ജ് സിമ്മര്‍മാനെ അമേരിക്കന്‍ കോടതി കുറ്റവിമുക്തനാക്കിയ സമയത്തും ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്റെ കഴുത്തില്‍ ഡറക് ചൗവിന്‍ എന്ന പോലീസുകാരന്‍ കാല്‍മുട്ട് അമര്‍ത്തിപ്പിടിച്ച് അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു കൊന്നുകളഞ്ഞപ്പോഴും ലോകം ഒന്നാകെ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ഹാഷ്ടാഗ് പ്രചരിച്ചപ്പോഴും ‘കറുത്തവനെക്കാള്‍ വെളുത്തവന് ഒരു പ്രാധാന്യവും ഇല്ല’ എന്ന തിരുനബി(സ)യുടെ അറഫാ പ്രഖ്യാപനത്തിന്റെ പുനരാവിഷ്‌കാരമാണ് ലോകത്ത് മുഴങ്ങിയത്.തീര്‍ച്ചയായും നിങ്ങളുടെ ഈ ദിവസത്തിന്, ഈ മാസത്തിന്, ഈ നഗരത്തിന് എത്രത്തോളം വിശുദ്ധിയുണ്ടോ അത്രത്തോളം വിശുദ്ധവും ആദരണീയവുമാണ് നിങ്ങളുടെ രക്തവും സ്വത്തും അഭിമാനവും എന്ന് പ്രസ്തുത പ്രഭാഷണത്തില്‍ തിരുനബി(സ) കൂട്ടിച്ചേര്‍ക്കുന്നു. യുദ്ധങ്ങളും ഭീകരവാദവും ആഭ്യന്തര കലഹങ്ങളും കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് നിരപരാധികളുടെ ജീവനും സ്വത്തും ദിനംപ്രതി നഷ്ടമായിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ ഇന്നും തുടരുന്നു. അന്താരാഷ്ട്ര നിയമങ്ങളും യു എന്‍ ചാര്‍ട്ടറുകളും നിലവിലുണ്ടായിട്ടും മനുഷ്യാവകാശ നിഷേധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരാളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും മേല്‍ കൈവെക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന് നബി(സ)യുടെ അറഫാ പ്രഖ്യാപനം അശാന്തമായ ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ ഏറ്റവും അനിവാര്യമായ നിയമസംഹിതയാണ് എന്നതില്‍ ഒരു സംശയവുമില്ല. ‘സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. അവരോട് നല്ല നിലയില്‍ പെരുമാറാന്‍ ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു’ എന്ന ഓര്‍മപ്പെടുത്തലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറഫയില്‍ ഒരുമിച്ചു കൂടിയ മനുഷ്യരോട് നബി(സ) നടത്തിയിരുന്നു. സ്ത്രീപീഡനങ്ങളും ഗാര്‍ഹിക കുറ്റകൃത്യങ്ങളും സ്ത്രീയായി എന്നതിന്റെ പേരില്‍ അനുഭവിക്കേണ്ടിവരുന്ന കടുത്ത ജീവിതാനുഭവങ്ങളും നിറഞ്ഞുനില്‍ക്കുന്ന കാലത്ത് അവരുടെ മോചനത്തിനുള്ള അവകാശരേഖ പോലെ ഈ പ്രഭാഷണത്തെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നു.‘ജാഹിലിയ്യാ കാലഘട്ടത്തിലെ എല്ലാ പലിശ ഇടപാടുകളും ഇതാ ഞാന്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു’ എന്നും നബി(സ) അന്ന് അറഫയില്‍ നിന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും വലിയ ശാപം പലിശയും കോര്‍പറേറ്റ് ചൂഷണങ്ങളുമാണ്. പാവപ്പെട്ടവനെ കൂടുതല്‍ പാവപ്പെട്ടവനും പണക്കാരനെ കൂടുതല്‍ പണക്കാരനുമാക്കുന്ന പുതിയകാല വ്യവസ്ഥയില്‍, ദരിദ്രരെ ചൂഷണം ചെയ്യുന്ന സാമ്പത്തിക ക്രമങ്ങള്‍ പാടില്ലെന്ന് എത്ര ജാഗ്രതയോടെയാണ് നബി(സ) ഓര്‍മപ്പെടുത്തിയത്. സാമ്പത്തിക നീതിയും തുല്യതയും ഉറപ്പാക്കാന്‍ ചൂഷണരഹിതമായ ഒരു സാമ്പത്തിക വ്യവസ്ഥിതി അനിവാര്യമാണ് എന്ന് ഇത് ഓര്‍മിപ്പിക്കുന്നു. പരിഷ്‌കൃതമെന്ന് സ്വയം മേല്‍വിലാസമണിയുന്ന പുതിയ കാലത്ത് ഭരണകൂടത്തിന് പോലും കുത്തകകളുടെ അമ്മിക്കടിയില്‍ നിന്ന് തങ്ങളുടെ വാല്‍ മോചിപ്പിക്കാന്‍ കഴിയാത്ത ഘട്ടമാണ്. എന്നാല്‍ അറഫാ പ്രഭാഷണത്തിലൂടെ തിരുനബി(സ) മനുഷ്യപക്ഷ നിലപാടുകളുടെ സൗന്ദര്യം പ്രകടമാക്കുകയായിരുന്നു. ഇങ്ങനെ അറഫ എന്നത് മനുഷ്യനൊപ്പം നിലയുറപ്പിക്കാനുള്ള പ്രേരണ കൂടിയായി മാറുന്നു.ഹജ്ജിന്റെ കര്‍മങ്ങള്‍ക്കിടയില്‍ വിനീത വിധേയരായി എല്ലാ അഹങ്കാരത്തെയും താഴെ വെച്ച് അല്ലാഹുവിന് മുന്നില്‍ സമര്‍പ്പിതരാകുന്നവരുടെ ഹൃദയങ്ങളിലെ ഭാവങ്ങള്‍ മാത്രമല്ല അറഫയുടെ പാഠം. മനുഷ്യന്‍ എന്ന പ്രമേയത്തിന്റെ മഹത്വത്തെ ഉദ്ഘോഷിക്കുകയും അതിന്റെ സംരക്ഷണത്തിനായി മനുഷ്യരാശി നിലനില്‍ക്കുന്ന കാലത്തോളം അനുവര്‍ത്തിക്കേണ്ട നിയമനിര്‍മാണങ്ങളുടെ അടിസ്ഥാന ചട്ടങ്ങള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത ദിവസം എന്നത് കൂടിയാണ്. അതിനാല്‍ അറഫയുടെ ഓര്‍മകളില്‍ നമുക്ക് മനുഷ്യരാകാം.