‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

Wait 5 sec.

ദേശീയതലത്തിലുള്ള പരീക്ഷാ നടത്തിപ്പുകൾ നിരന്തരം പ്രതിസന്ധിയിലാകുന്ന പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിന്റെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും (NTA) പരാജയങ്ങളെ വീണ്ടും വിചാരണ ചെയ്തിരിക്കുകയാണ് കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യങ്ങളിലൂടെ സുപ്രീം കോടതി. പരീക്ഷാ അട്ടിമറികൾ ലക്ഷക്കണക്കിന് യുവാക്കളിലും അവരുടെ കുടുംബങ്ങളിലും ഉണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. കേവലം താൽക്കാലിക നടപടികൾക്കപ്പുറം വീഴ്ച വരുത്തിയ യഥാർത്ഥ വ്യക്തികളെ കണ്ടെത്തണമെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനോട് കർശനമായി ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിൽ കേന്ദ്രത്തോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ട കോടതി, വിഷയം കൂടുതൽ ആഴത്തിൽ പരിശോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്തൊക്കെയാണ് കേന്ദ്രത്തോട് സുപ്രീം കോടതി പറഞ്ഞത്?കേന്ദ്രം പ്രതിക്കൂട്ടിൽ, ചോദ്യങ്ങളുമായി സുപ്രീം കോടതികേന്ദ്ര സർക്കാരിന്റെ വിശ്വാസ്യതയെ സുപ്രീം കോടതി പൂർണ്ണമായും ചോദ്യം ചെയ്യുകയായിരുന്നു. വിഷയത്തിൽ ഇടപെട്ട സുപ്രീം കോടതി ബെഞ്ച്, കേന്ദ്ര ഭരണകൂടത്തിനും അതിന്റെ കീഴിലുള്ള പരീക്ഷാ നടത്തിപ്പ് ഏജൻസികൾക്കും നേരെ ഉന്നയിച്ച ചോദ്യങ്ങൾ കേവലം നീറ്റ് പരീക്ഷയിൽ മാത്രം ഒതുങ്ങുന്നതല്ല.പഴയ വീഴ്ചകളിൽ നിന്ന് ഇനിയും പാഠം പഠിച്ചില്ലേ?മുൻ വർഷങ്ങളിലും രാജ്യത്ത് വിവിധ പരീക്ഷാ നടത്തിപ്പുകളിൽ ഗുരുതരമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് സുതാര്യവും ശക്തവുമായ ഒരു സുരക്ഷാ സംവിധാനം ഒരുക്കാൻ എൻ.ടി.എയ്ക്ക് കഴിയാതെ പോയത്? ഭരണസംവിധാനങ്ങൾക്ക് എന്തുകൊണ്ടാണ് കൃത്യമായൊരു 'ഇൻസ്റ്റിറ്റ്യൂഷണൽ മെമ്മറി' (Institutional Memory) അല്ലെങ്കിൽ മുൻകാല അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഇല്ലാതെ പോകുന്നത്? ഇതിന് എൻ.ടി.എ തയ്യാറായിട്ടില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.മാനസികാഘാതത്തിന് ആര് മറുപടി പറയും?പരീക്ഷാ ചോർച്ച കേവലം ഒരു സാങ്കേതിക പിഴവല്ല, മറിച്ച് 22 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും കഠിനാധ്വാനത്തെ തകർക്കുന്ന ഒന്നാണ്. ഒരു മത്സരാധിഷ്ഠിത പരീക്ഷയ്ക്കായി വർഷങ്ങളോളമാണ് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും തയാറെടുപ്പ് നടത്തുന്നത്. ഈ ക്രിമിനൽ അട്ടിമറികൾ യുവാക്കളിലുണ്ടാക്കുന്ന നിരാശയ്ക്കും മാനസികാഘാതത്തിനും ഭരണകൂടം എന്ത് മറുപടിയാണ് നൽകാനുള്ളത്? അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന ചോദ്യവും കോടതി ഉയർത്തി.സംവിധാനം അടിമുടി മാറേണ്ടതില്ലേ?എൻ.ടി.എയുടെ ഇപ്പോഴത്തെ ഘടന പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുനഃസംഘടിപ്പിക്കുകയോ, അല്ലെങ്കിൽ കൂടുതൽ സുതാര്യവും സ്വതന്ത്രവുമായ മറ്റൊരു ഏജൻസിയെ പരീക്ഷാ ചുമതല ഏൽപ്പിക്കുകയോ ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.സംസ്ഥാനങ്ങൾ കടന്ന തട്ടിപ്പ്, സി.ബി.ഐ അന്വേഷണംകേന്ദ്ര ഏജൻസിയായ സി.ബി.ഐയാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്. മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്ന വലിയൊരു മാഫിയാ ശൃംഖലയാണ് പരീക്ഷയ്ക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് സി.ബി.ഐ കണ്ടെത്തി. പൂനെയിലെ ഒരു പ്രമുഖ കോച്ചിംഗ് സെന്ററിലെ കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണിയെ പ്രധാന സൂത്രധാരനെന്ന് കണ്ടെത്തി സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇയാൾ ചോദ്യപേപ്പർ ചോർത്തുകയും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുകൾ വഴി ഉത്തരങ്ങൾ മുൻകൂട്ടി നൽകുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി. കേസിൽ ഇതുവരെ പതിമൂന്നിലധികം ആളുകളെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൂനെ, ലാത്തൂർ തുടങ്ങിയ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് ആസൂത്രണം ചെയ്തത്.കേന്ദ്ര സർക്കാർ നിലപാട്?യുവാക്കളുടെ ആശങ്കകളെ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. റദ്ദാക്കിയ പരീക്ഷയ്ക്ക് പകരമുള്ള പുതുക്കിയ നീറ്റ്-യുജി പുനഃപരീക്ഷ ജൂൺ 21ന് നടത്താൻ തീരുമാനിച്ചു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയും മൾട്ടി-ലെയർ ഒതന്റിക്കേഷനോടെയും നടത്താനാണ് നിലവിലെ തീരുമാനം. പരീക്ഷാ ഫീസ് എൻ.ടി.എ വിദ്യാർത്ഥികൾക്ക് റീഫണ്ട് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.എങ്കിലും, വരാനിരിക്കുന്ന പുനഃപരീക്ഷയും ജൂലൈ രണ്ടാം വാരത്തിൽ സുപ്രീം കോടതി നടത്തുന്ന അടുത്ത സമഗ്രമായ വാദവും കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് നിർണ്ണായകമാകും. പരീക്ഷാ സംവിധാനങ്ങളിലെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ സർക്കാർ എന്ത് നടപടികൾ സ്വീകരിക്കുമെന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.ഇനി എന്ത്?സുപ്രീം കോടതിയുടെ ഇടപെടലുകൾ കേന്ദ്ര സർക്കാരിനെ വലിയ പ്രതിരോധത്തിലാണ് ആക്കിയത്. എങ്കിലും ഭാവിയിലേക്ക് നോക്കുമ്പോൾ ചില  ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. മെറിറ്റിന്റെ വിലയെന്ത്?പണവും സ്വാധീനവുമുള്ളവർക്ക് ചോദ്യപേപ്പറുകൾ മുൻകൂട്ടി വിലയ്ക്ക് വാങ്ങാൻ കഴിയുന്ന ഒരു സംവിധാനത്തിൽ, സാധാരണക്കാരായ വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് എന്ത് മൂല്യമാണുള്ളത്? കേന്ദ്രീകരണത്തിന്റെ പരാജയമോ?രാജ്യത്തെ മുഴുവൻ മെഡിക്കൽ പ്രവേശനവും ഒറ്റ ഏജൻസിയുടെ കീഴിൽ കേന്ദ്രീകരിച്ചതാണോ ഇത്തരം അട്ടിമറികൾക്ക് വഴിവെക്കുന്നത് ? സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി പരീക്ഷ നടത്താനുള്ള അധികാരം തിരികെ നൽകേണ്ടതുണ്ടോ?ദേശിയതല പരീക്ഷകളുടെ വിശ്വാസ്യതയും മെഡിക്കൽ പ്രവേശന പ്രക്രിയയുടെ സുതാര്യതയും ഉറപ്പുവരുത്തുക എന്നത്ത് രാജ്യത്തെ ആരോഗ്യരംഗത്തിന്റെ ഗുണനിലവാരത്തെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാരും പരീക്ഷാ ഏജൻസികളും നൽകുന്ന വിശദീകരണവും, കോടതി നിർദേശിക്കുന്ന ഘടനാപരമായ മാറ്റങ്ങളുമായിരിക്കും  ഇന്ത്യയിലെ പരീക്ഷാ സംവിധാനങ്ങളുടെ ഭാവി നിർണ്ണയിക്കുക.