‘അമ്മയിൽ നടക്കുന്നത് ആസൂത്രിത നീക്കം, അൻസിബ നൽകിയ രാജി കത്തിൽ ടിനി ടോമിനെതിരെയുള്ള ആരോപണങ്ങൾ പരാമർശിച്ചിരുന്നില്ല’; ശ്വേത മേനോൻ

Wait 5 sec.

അൻസിബയുടെ പരാതിയെ കുറിച്ച് അമ്മയുടെ രീതിയ്ക്ക് അനുസരിച്ച് പരിശോധിക്കും എന്ന് താരസംഘടനയായ അമ്മയുടെ അധ്യക്ഷ ശ്വേത മേനോൻ. നടക്കുന്നത് ആസൂത്രിതമായ നീക്കമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശ്വേത മേനോൻ ആരോപിച്ചു. ഇന്ന് സംഘടനയുടെ മെഡിക്കൽ ക്യാമ്പ് നടക്കുമ്പോൾ തന്നെ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചത് കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്നാണ് ശ്വേതയുടെ പക്ഷം.അൻസിബയുടെ പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചന സംശയിക്കുന്നു. മെഡിക്കൽ ക്യാമ്പ് നടക്കുന്ന ദിവസം തന്നെ പരാതി ലഭിച്ചത് ഇതിന്റെ ഭാഗമാണ്. അൻസിബ ഹസ്സന്റെ രാജി ഈ മാസം 12-ന് തന്നെ സംഘടന സ്വീകരിച്ചതാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നതെന്നാണ് താരം കത്തിൽ അറിയിച്ചിരുന്നത്.ടിനി ടോമിനെതിരെ ഇപ്പോൾ ഉയർന്നു വന്ന ആരോപണങ്ങൾ അൻസിബ നൽകിയ രാജി കത്തിൽ ഒരിടത്തും പരാമർശിച്ചിരുന്നില്ല. പോലീസിൽ നൽകിയ പരാതിയെക്കുറിച്ച് അൻസിബ തന്നോട് സംസാരിച്ചിരുന്നുവെങ്കിലും അത്തരം കാര്യങ്ങളിൽ സംഘടനയ്ക്ക് ഇടപെടാൻ കഴിയില്ലെന്ന് താൻ വ്യക്തമാക്കിയിരുന്നുവെന്ന് ശ്വേത പറഞ്ഞു.ALSO READ:‘നിയമപരമായി നേരിടില്ല’; നടി അൻസിബ ഹസ്സന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടിനി ടോംഒരു മത സ്ഥാപനത്തെ സ്പോൺസറാക്കുന്നതിനെക്കുറിച്ച് അൻസിബ കമ്മിറ്റിയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കമ്മിറ്റിയിലെ ഭൂരിഭാഗം പേരും സ്പോൺസർഷിപ്പിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. അൻസിബയുടെ പരാതി അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പരിശോധിക്കും. സംഘടനയുടെ നിലവിലുള്ള രീതി അനുസരിച്ചായിരിക്കും പരിശോധന നടക്കുക. ഇതിനായി പ്രത്യേക സമിതിയെ രൂപീകരിക്കില്ല. പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചുവെങ്കിലും അവർ ഫോൺ എടുത്തില്ലെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.The post ‘അമ്മയിൽ നടക്കുന്നത് ആസൂത്രിത നീക്കം, അൻസിബ നൽകിയ രാജി കത്തിൽ ടിനി ടോമിനെതിരെയുള്ള ആരോപണങ്ങൾ പരാമർശിച്ചിരുന്നില്ല’; ശ്വേത മേനോൻ appeared first on Kairali News | Kairali News Live.