കുവൈത്തില്‍ ശക്തമായ പൊടിക്കാറ്റ്; കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞു

Wait 5 sec.

കുവൈത്ത് സിറ്റി | കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കാലത്ത് മുതല്‍ ശക്തമായ പൊടിക്കാറ്റ് തുടരുന്നതിനാല്‍ കാഴ്ചാപരിധിയില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. രാജ്യത്ത് വീശുന്ന ശക്തമായ വടക്കു പടിഞ്ഞാറന്‍ കാറ്റാണ് കാലാവസ്ഥ പ്രതികൂലമാകുന്നതിന് കാരണമായതെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ രൂപപ്പെട്ട തണുത്ത വായു പ്രവാഹത്തിന്റെ സ്വാധീന ഫലമായി മണിക്കൂറില്‍ 50 കിലോമീറ്ററില്‍ ഏറെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇതുകാരണം പല പ്രദേശങ്ങളിലും കനത്ത പൊടിപടലങ്ങള്‍ ഉയരുകയും കാഴ്ചാപരിധി ആയിരം മീറ്ററില്‍ താഴെയായി ചുരുങ്ങുകയും ചെയ്തിട്ടുണ്ട്.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കാറ്റിനെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം. തിങ്കളാഴ്ച വൈകിട്ടോടെ കാലാവസ്ഥയില്‍ ക്രമേണ പുരോഗതിയുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്.കുവൈത്തില്‍ കടുത്ത വേനല്‍ ഇത്തവണ നേരത്തെ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ഈസാ റമദാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് അവസാനത്തോടെ താപനിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. പകല്‍ സമയങ്ങളില്‍ താപനില ചിലപ്പോള്‍ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തുമെന്നും ജൂണ്‍ ആരംഭത്തോടെ 50 ഡിഗ്രിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ വേനല്‍ക്കാലത്ത് പതിവിലും നേരത്തെ ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതായി റമദാന്‍ വിശദീകരിച്ചു. ഭവാരീഹ്, ഭാരിഹ്, അല്‍ തുറയ്യാ തുടങ്ങിയ സീസണുകള്‍ നേരത്തെ ആരംഭിക്കുന്നതിനെ തുടര്‍ന്നാണിത്. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ രൂപപ്പെടുത്തുവാനും പകല്‍ സമയങ്ങളില്‍ താപനില വര്‍ധിക്കുവാനും ഇത് കാരണമാകുമെന്നും ഈസാ റമദാന്‍ പറഞ്ഞു.