പത്തനംതിട്ട ജില്ലാ കലക്ടറായി എ നിസാമുദ്ദീന്‍ ചുമതലയേറ്റു

Wait 5 sec.

പത്തനംതിട്ട | ജില്ലയുടെ 39-ാമത് കലക്ടറായി എ നിസാമുദ്ദീന്‍ ചുമതലയേറ്റു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന മുന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പുതിയ കലക്ടര്‍ക്ക് ചുമതല കൈമാറി. 2024 ജൂലൈ മുതല്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ഡയറക്ടറാണ് നിസാമുദ്ദീന്‍.ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന് എ നിസാമുദ്ദീന്‍ പറഞ്ഞു. ഔദ്യോഗിക ജീവിതം ആരംഭിച്ച പത്തനംതിട്ട ജില്ലയില്‍ തന്നെ കലക്ടറായി എത്തിയതിന്റെ സന്തോഷവും അദ്ദേഹം പങ്കിട്ടു. 1998 ല്‍ പത്തനംതിട്ടയില്‍ മണ്ണു പര്യവേഷണ ഓഫീസറായാണ് സര്‍ക്കാര്‍ നിസാമുദ്ദീന്‍ സേവനം ആരംഭിക്കുന്നത്. കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍, കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ മിഷന്‍ ഡയറക്ടര്‍ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. 2023 ല്‍ സിവില്‍ സര്‍വീസ് ലഭിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്. കൃഷി, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവുമുണ്ട്.2017 ല്‍ ചീഫ് മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ ഇന്നോവേഷന്‍ ഇന്‍ പബ്ലിക് പോളിസിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ‘വറ്റാത്ത ഉറവക്കായി ജലസമൃദ്ധി’ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് 2020 ല്‍ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചു. എ എം ഷീനയാണ് ഭാര്യ. ആര്‍ക്കിടെക്ടായ ഫര്‍സീന്‍, കൊല്ലം ടി കെ എം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ ഫര്‍ഹാന്‍, ഫര്‍സാന്‍ എന്നിവരാണ് മക്കള്‍. മരുമകന്‍ ഫര്‍ഹാന്‍ മുഹമ്മദും ആര്‍ക്കിടെക്ടാണ്.പടിയിറങ്ങുന്നത് ചടുല തീരുമാനങ്ങളുടെ കലക്ടര്‍പത്തനംതിട്ട | രണ്ടു വര്‍ഷത്തിലേറെയായി പത്തനംതിട്ട ജില്ലയുടെ സാരഥിയായിരുന്ന എസ് പ്രേം കൃഷ്ണന്‍ ഇനി ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍. 2024 മാര്‍ച്ചില്‍ ജില്ലാ കലക്ടറായി അദ്ദേഹം എത്തിയതിനു പിന്നാലെയായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്ന നിലയില്‍ കൃത്യവും സൂക്ഷ്മവുമായിരുന്നു പ്രേം കൃഷ്ണന്റെ പ്രവര്‍ത്തനം. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പും പരാതിരഹിതമായി പൂര്‍ത്തിയാക്കി. അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും സമയബന്ധിതമായി നടപ്പാക്കി. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനവും ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖ വ്യക്തികളുടെ ജില്ലാ സന്ദര്‍ശനവും ഏകോപിപ്പിച്ചു. സുഗമമായും സുരക്ഷിതമായും ശബരിമല തീര്‍ഥാടനം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 2024-2025, 2025-2026 വര്‍ഷങ്ങളില്‍ ഒരുക്കി.നഗരത്തിന്റെ രാത്രികാലത്തെ സജീവമാക്കാന്‍ 700 ഓളം പേരെ പങ്കെടുപ്പിച്ച് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച മിഡ് നൈറ്റ് മരത്തോണ്‍ വേറിട്ട അനുഭവമായി. കലക്ടറുടെ മേല്‍നോട്ടത്തില്‍ കാതോലിക്കേറ്റ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കരവിരുതില്‍ തെളിഞ്ഞ കലക്ടറേറ്റ് മതിലിലെ പടയണി കോലത്തിന്റെ ചുവര്‍ ചിത്രം കലാസൃഷ്ടിയുടെ മകുടോദാഹരണമാണ്. പൊതു ഇടങ്ങള്‍ മനോഹരവും വൃത്തിയുള്ളതുമാക്കുകയായിരുന്നു ചുവര്‍ ചിത്രത്തിന്റെ ലക്ഷ്യം. അമിത ഫോണ്‍ ഉപയോഗത്തിനും ലഹരിക്കുമെതിരെ കുട്ടികള്‍ക്കൊപ്പം പാടത്ത് ക്രിക്കറ്റ് കളിച്ച് അവരില്‍ ഒരാളായി കലക്ടര്‍. വ്യത്യസ്ത വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച കലക്ടറുടെ സ്പീക്സ് വീഡിയോ പരമ്പര ശ്രദ്ധ നേടി.കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് ഡയറക്ടറായിരിക്കെയാണ് എസ് പ്രേം കൃഷ്ണന്‍ പത്തനംതിട്ടയുടെ 38-ാമത് ജില്ലാ കലക്ടറായി ചുമതലയേറ്റത്. 2017 ബാച്ച് ഐ എ എസ് ഓഫീസറാണ്. തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായാണ് തിരുവനന്തപുരം സ്വദേശിയായ പ്രേം കൃഷ്ണന്‍ സിവില്‍ സര്‍വീസിലെത്തുന്നത്. ഭാര്യ: അഞ്ജു ശിവദാസ്. മകള്‍: വൈഗ കൃഷ്ണ.