ആലപ്പുഴ | മയക്കുമരുന്ന് മാഫിയയെ തളക്കാന്‍ സര്‍ക്കാര്‍ ‘തൂഫാന്‍’ പദ്ധതി പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ ആലപ്പുഴയില്‍ വന്‍തോതില്‍ മയക്കുമരുന്ന് ശേഖരവും പണവും ആയുധങ്ങളുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ആറാട്ടുവഴി വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍ അന്‍ഷാദ് (36), പുന്നമട ഫിനിഷിംഗ് മുറിയില്‍ കരിചിറ വീട്ടില്‍ അര്‍ഷാദ് (23) എന്നിവരാണ് പിടിയിലായത്.ജില്ലയില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ നിര്‍ണായക പരിശോധനയിലാണ് വ്യാവസായിക അളവില്‍ മെത്താഫിറ്റമിന്‍ പിടിച്ചെടുത്തത്. പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തിയത്. ആറാട്ടുവഴി വിശാല്‍ മാര്‍ട്ടിന്റെ എതിര്‍വശത്ത് അന്‍ഷാദ് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്ന് ഏകദേശം 150 ഗ്രാം മെത്താഫിറ്റമിനാണ് കണ്ടെത്തിയത്. ലഹരി വില്‍പനയില്‍ നിന്ന് ലഭിച്ചതെന്ന് കരുതുന്ന 4,64,020 രൂപയും എക്‌സൈസ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരി വസ്തുവിന് ലക്ഷങ്ങള്‍ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ എക്‌സൈസ് ഏറ്റവും കൂടിയ അളവില്‍ മെത്താഫിറ്റമിന്‍ പിടികൂടുന്ന കേസാണിത്.പരിശോധനക്കിടെ പ്രതികളില്‍ നിന്ന് അപകടകാരികളായ ആയുധങ്ങളായ മഴു, എസ് കത്തി എന്നിവയും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി ശൃംഖല സജീവമാകുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ശക്തമാക്കിയ പരിശോധനയുടെ ഭാഗമായാണ് നടപടി. പ്രതി അന്‍ഷാദ് മുമ്പും സമാന ലഹരി കേസുകളിലും നിരവധി ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടയാളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്നും ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചതായും എക്‌സൈസ് അറിയിച്ചു.ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി പി ദിലീപ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് മുഹമ്മദ് സുധീര്‍, പ്രിവന്റീവ് ഓഫീസര്‍ പി അനിലാല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് സുലേഖ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം ആര്‍ റെനീഷ്, സനല്‍ സിബിരാജ്, സാജന്‍ ജോസഫ്, അരുണ്‍ അശോക്, ജോസഫ് തോമസ് പങ്കെടുത്തു.