“ഓപറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ സമഗ്ര ലഹരിവിരുദ്ധ നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസും എക്‌സൈസും പൊതുജന സംഘങ്ങളും കൈകോര്‍ക്കുന്ന ബഹുമുഖ നടപടികളാണ് ആവിഷ്‌കരിക്കുന്നത്.ഓപറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ ലഹരിവിരുദ്ധ സംയുക്ത യജ്ഞത്തിന്റെ തുടര്‍ച്ച തന്നെയാണ് പുതിയ നീക്കവും. അന്നത്തെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ തീവ്രമായും വിശാലമായും നടപടികള്‍ കൈക്കൊള്ളുമെന്നാണ് പുതിയ ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിന്ന് മനസ്സിലാകുന്നത്. സ്‌കൂളുകളിലേക്കും യുവാക്കളിലേക്കും പടർന്നുപിടിക്കുന്ന, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കടന്നുവരുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി തടയുകയാണ് ലക്ഷ്യം. അന്തര്‍സംസ്ഥാന ലഹരി മാഫിയയെ തകര്‍ക്കാന്‍ കേരള പോലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കെമിക്കല്‍ സിന്തറ്റിക് നര്‍ക്കോട്ടിക്‌സ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ ഒഴുക്ക് തടയാന്‍ പ്രത്യേക നിരീക്ഷണമുണ്ടാകും. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ സ്‌കൂളുകളെയും കോളജുകളെയും കേന്ദ്രീകരിച്ചാകും ഓപറേഷന്‍ തൂഫാന്റെ നടപടികള്‍ വരിക.പേരിന് കുറച്ച് കാരിയേഴ്‌സിനെ പിടിച്ചതുകൊണ്ടോ കുറച്ച് റെയ്ഡുകള്‍ നടത്തിയതുകൊണ്ടോ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. നൈരന്തര്യവും നിര്‍ഭയത്വവും ആത്മാര്‍ഥതയും ഒത്തിണങ്ങിയ ആഴത്തിലുള്ള നടപടികളാണ് ലഹരിയുടെ വേരറുക്കാന്‍ വേണ്ടത്. ആരംഭശൂരത്വമൊടുങ്ങുമ്പോള്‍ ആറിത്തണുത്തു പോകുന്ന മുന്നനുഭവങ്ങള്‍ മുന്നിലുണ്ടെങ്കിലും ആഭ്യന്തര മന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ച “തൂഫാനി’ല്‍ പ്രതീക്ഷയര്‍പ്പിക്കാം. കേരളീയ സമൂഹം ആര്‍ജിച്ച സര്‍വ നേട്ടങ്ങളും കവര്‍ന്നെടുത്ത് മുന്നോട്ട് കുതിക്കുന്ന ലഹരി മാഫിയയെ നേരിടാതെ നമ്മുടെ വരും തലമുറയെ സര്‍വനാശത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകില്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം.അപ്പോള്‍ മാത്രമേ ഓപറേഷന്‍ തൂഫാന്‍ യഥാര്‍ഥ കൊടുങ്കാറ്റാകുകയുള്ളൂ.ലഹരി വ്യാപനവും ഉപയോഗവും നിയന്ത്രിക്കാന്‍ ശിക്ഷാത്മക സമീപനത്തിന് പകരം ചികിത്സയും പുനരധിവാസവും മുന്‍നിര്‍ത്തിയുള്ള നിയമ നിര്‍മാണത്തിന് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നതായി സൂചനയുണ്ട്. ലഹരിക്കേസുകളില്‍ ആദ്യമായി പിടിയിലാകുന്നവരെ കര്‍ശന ശിക്ഷാ നടപടികളിലേക്ക് മാത്രം നയിക്കുന്ന നിലവിലെ സമീപനത്തില്‍ മാറ്റം വരുത്തി അവരെ ചികിത്സാ കേന്ദ്രങ്ങളിലേക്കും പുനരധിവാസ സംവിധാനങ്ങളിലേക്കും മാറ്റാനുള്ള സാധ്യതകള്‍ പരിശോധിക്കാനാണ് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചെറിയ അളവില്‍ ലഹരിമരുന്ന് കൈവശം വെച്ച് പിടിയിലാകുന്ന ആദ്യ കുറ്റവാളികള്‍ക്ക് നിയമത്തിലെ പ്രത്യേക വ്യവസ്ഥകള്‍ ഉപയോഗിച്ച് ഇളവുകള്‍ നല്‍കാനാകുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇളവുകളില്‍ അധിഷ്ഠിതമായ ഇത്തരം സമീപനം തന്നെയാണോ ലഹരിക്കേസുകളില്‍പ്പെടുന്നവരോട് വേണ്ടത് എന്ന ആലോചന അനിവാര്യമാണ്. കര്‍ശനമായ ശിക്ഷ തന്നെയാണ് സാമൂഹിക വിപത്തായ കുറ്റകൃത്യത്തിനെതിരെ ശരിയായ പ്രതിരോധമെന്ന വസ്തുത കൂടി കണക്കിലെടുക്കേണ്ടതുണ്ട്.ലഹരിക്ക് അടിപ്പെട്ടവര്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൗര്യം കൈവരിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമുക്ക് മുന്നിലുണ്ട്. ഓരോ കുടുംബത്തിലും ഇത്തരക്കാര്‍ ഉണ്ടാക്കുന്ന ഭീതിയും വേദനയും അപമാനവും ആ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവര്‍ക്ക് മാത്രമേ പൂര്‍ണമായി മനസ്സിലാകൂ. ഇവരില്‍ പലരും സ്വയം നശിക്കുക മാത്രമല്ല ചെയ്യുന്നത് ഒരു നാടിനെയൊന്നാകെ ദുരന്തത്തിലേക്ക് വലിച്ചു കൊണ്ടുപോകുകയാണ്. ലഹരിയുടെ വേരറുക്കാതെ ഒരടി മുന്നോട്ട് പോകാന്‍ കേരളീയ സമൂഹത്തിന് സാധ്യമല്ല. റോഡുകളില്‍, കലാലയങ്ങളില്‍, ആശുപത്രികളില്‍, ആഘോഷങ്ങളില്‍ എന്നുവേണ്ട ജീവിതത്തിന്റെ സര്‍വ മേഖലയിലും ലഹരിയുടെ കെടുതികള്‍ കാണാം.മുമ്പ് വന്‍കിട നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന മയക്കുമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും ഗ്രാമങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. വിദ്യാര്‍ഥികളിലേക്കും ലഹരിയുടെ ഉപയോഗം പടരുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമാണ് കേരളത്തിലേക്ക് മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും എത്തുന്നത്. അവയുടെ കണ്ണിയറുക്കാന്‍ നിയമ സംവിധാനത്തിന് സാധിക്കുന്നേയില്ല.ലഹരിവലയില്‍പ്പെട്ടുപോയവരെ മുദ്രയടിച്ച് മാറ്റിനിര്‍ത്തരുത്, അവരെ സ്നേഹപൂര്‍വം ജീവിതത്തിലേക്ക് കൊണ്ടുവരണം, മനഃശാസ്ത്രജ്ഞരുടെ സഹായം തേടണം, ഡീ അഡിക്്ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം എന്നതൊക്കെ പ്രസക്തമായ നിര്‍ദേശങ്ങള്‍ തന്നെയാണ്. എന്നാല്‍ ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കലാണ് അതിനേക്കാളെല്ലാം പ്രധാനം.പിടിക്കപ്പെടുന്നവര്‍ക്ക് ആ ലഹരി വസ്തു എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കണം. ഉറവിടം വരെ നീളുന്ന അന്വേഷണമോ നടപടിയോ ഉണ്ടാകാത്തതാണ് പ്രശ്നം. എന്‍ ഡി പി എസ് ആക്ടിലെ വകുപ്പുകളൊക്കെ ചേര്‍ത്ത് എടുത്ത കേസുകളില്‍ നിന്ന് പുഷ്പം പോലെ രക്ഷപ്പെടുകയാണ് ക്രിമിനലുകള്‍. എമ്പാടും പഴുതുകളുണ്ട് ഈ നിയമങ്ങള്‍ക്ക്. 1985ലെ എന്‍ ഡി പി എസ് ആക്ടിലെ 64 എ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. കുറ്റാരോപിതനായ വ്യക്തി ഡി അഡിക്്ഷന്‍ പ്രക്രിയക്ക് സ്വയം സന്നദ്ധമായാല്‍ കേസില്‍ നിന്ന് ഒഴിവാകാന്‍ അവസരമൊരുക്കുന്നതാണ് ഈ വകുപ്പ്.കേസെടുക്കുന്ന ശുഷ്‌കാന്തി കേസ് നടത്തുന്നതിനും തെളിവുകൾ കണ്ടെത്തി കോടതിയിലെത്തിക്കുന്നതിനും എക്സൈസ് ഉദ്യോഗസ്ഥര്‍ കാണിക്കാറില്ല. കടുത്ത ശിക്ഷ തന്നെ കിട്ടുന്ന നിലയില്‍ നിയമം മാറണം. ലഹരി മാഫിയക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടാകരുത്. മതത്തില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും മനുഷ്യരെ അകറ്റി സര്‍വസ്വതന്ത്ര വ്യക്തികളെ സൃഷ്ടിക്കാനിറങ്ങുന്നവരെല്ലാം ഈ കുറ്റകൃത്യങ്ങള്‍ക്കുത്തരവാദികളാണ്. മൂല്യവിചാരമുള്ള ജനതക്ക് മാത്രമേ ലഹരിയുടെ പ്രലോഭനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാകൂ.