‘സർവകലാശാലകളിലെ വിദ്യാർഥി സംഘടനാ പ്രവർത്തനത്തെ നിയന്ത്രിക്കണമെന്ന ഉത്തരവ് അതീവ ഗുരുതരം’: പി എസ് സഞ്ജീവ്

Wait 5 sec.

സർവകലാശാലകളിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തെ നിയന്ത്രിക്കണമെന്ന ഗവർണറുടെ ഉത്തരവ് അതീവ ഗുരുതരമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കേരളത്തിൽ വിദ്യാർത്ഥി സംഘടന പ്രവർത്തനം കൊണ്ട് നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. വിദ്യാർത്ഥി സംഘടന പ്രവർത്തനം കാരണമാണ് സംഘപരിവാറിന് കേരളത്തെ കീഴടക്കാൻ സാധിക്കാത്തത്. ഇത് തിരിച്ചറിഞ്ഞ സംഘിയായ ഗവർണർ അപകടകരമായ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.സർവകലാശാലകളിൽ രാഷ്ട്രീയ നിരോധനം ഏർപ്പെടുത്തുകയാണ് ലക്ഷ്യം. യുഡിഎഫ് സർക്കാർ ഇതിനെതിരെ ചെറുവിരൽ അനക്കില്ല എന്നത് ഇതിനകം വ്യക്തമായി. മതനിരപേക്ഷതയുടെ കേന്ദ്രങ്ങളായ സർവ്വകലാശാലകളെ സംഘപരിവാറിന് വിട്ടു തരില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംരാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തീ കൊള്ളി കൊണ്ട് തല ചൊറിയുന്നു.സർവകലാശാലകളിലെ വിദ്യാർത്ഥി സംഘടന പ്രവർത്തനത്തെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ സർവകലാശാലകളിലേക്ക് ഗവർണർ അയച്ച ഉത്തരവ് അതീവ ഗുരുതര സ്വഭാവത്തോടെ കാണണം എന്നാണ് കേരള പൊതുസമൂഹത്തോട് പറയാനുള്ളത്.രോഹിത് വെമുലയും, ഫാത്തിമ ലത്തീഫും, ജിഷ്ണു പ്രണോയിയും, ഏറ്റവുമവസാനം നിതിൻ രാജ് ഉൾപ്പെടെയുള്ള ജാതി, മത വിവേചന കൊലപാതകങ്ങൾ നടന്നപ്പോൾ ഇനിയൊന്ന് ആവർത്തിക്കരുതെന്ന് ഉരുവിട്ട മലയാളികളോടാണ്. വർഷങ്ങളായി കേരളം വളർത്തിയ മതനിരപേക്ഷ ബോധത്തെ നാം നട്ടുവളർത്തിയത് ക്യാമ്പസുകളിൽ നിന്നാണ്, അവിടത്തെ വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിൽ നിന്നാണ്.കേരളത്തിന്‌ വിദ്യാർത്ഥി സംഘടന പ്രവർത്തനം കൊണ്ട് നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല മുന്നേറ്റമേ ഉണ്ടായിട്ടുമുള്ളു.കേരളത്തിലെ വിദ്യാർത്ഥി സംഘടന പ്രവർത്തനം തന്നെയാണ് കേരള സമൂഹത്തെ “പ്രബുദ്ധ മലയാളി” പദവിയിലേക്ക് എത്തിച്ചതും. ഈ കാരണത്താൽ തന്നെയാണ് സംഘപരിവാറിന് കേരളത്തെ കീഴടക്കാൻ കഴിയാത്തതും.ഇത് തിരിച്ചറിഞ്ഞ സംഘിയായ ഗവർണർ കേരള സമൂഹത്തിൽ അരാഷ്ട്രീയത പടർത്താനും, അതുവഴി അപരമത വിദ്വേഷം സൃഷ്ടിക്കാനും ഉള്ള വഴിയായി സർവകലാശാലകളിൽ രാഷ്ട്രീയ നിരോധനം ഏർപ്പെടുത്തുക എന്ന അപകടകരമായ രാഷ്ട്രീയം കളിക്കുന്നു. കേരളത്തിൽ യുഡിഎഫ് ഗവൺമെന്റ് വന്നതുകൊണ്ട് മാത്രം സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ കഴിയില്ല എന്ന് സംഘപരിവാർ തിരിച്ചറിയുന്നു, സെനറ്റിലും, സിൻഡിക്കേറ്റിലും, വിസിമാരിലും അപ്രമാദിത്വം സൃഷ്ടിച്ചാലും കേരളത്തിലെ ക്യാമ്പസിലെ കുട്ടികളുടെ രാഷ്ട്രീയ ബോധ്യത്തിന് മുന്നിൽ, എസ്എഫ്ഐ ക്ക് മുന്നിൽ തോൽക്കുമെന്ന് ആർലെക്കർക്ക് നന്നായി അറിയാം.അതിനെ ഇല്ലാതാക്കാനാണ് ഈ ഉത്തരവ്.യുഡിഎഫ് ഗവണ്മെന്റും, അതിന്റെ മുഖ്യമന്ത്രിയും, ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇതിനെതിരെ ചെറുവിരൽ അനക്കില്ലെന്ന് ഇതിനോടകം ഗവർണറുമായ വിഷയത്തിൽ അവരുടെ നിലപാട് പറഞ്ഞുകൊണ്ട് കേരളത്തെ നോക്കി കൊഞ്ഞനം കുത്തിയതുമാണ്. അവരുടെ വിദ്യാർത്ഥി സംഘടനകളായ കെഎസ്‍യു, എം.എസ്.എഫ് സംഘടനകൾ “ഗവർണർ” എന്ന വാക്ക് പോലും ഇതുവരെ കേട്ടിട്ടില്ല ഇന്നിട്ടല്ലേ ഈ ഭാരിച്ച രാഷ്ട്രീയ വിഷയം,കഴിഞ്ഞ പത്തുവർഷം തന്നെ അതിനുദാരണം.ഒന്നുറപ്പാണ് കേരളത്തെ അപ്പാടെ വിഴുങ്ങാനുള്ള സംഘപരിവാർ പദ്ധതിയുടെ വിദ്യാഭ്യാസ മേഖലയിലെ കുബുദ്ധിയാണ് ഗവർണർ ഇപ്പോൾ പുറത്തെടുത്തിരിക്കുന്നത്.ഈ ഉത്തരവ് അയച്ച ലോക് ഭവനോട് പറയാനുള്ളത് ഇത്രമാത്രമാണ് കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി സംഘടന പ്രവർത്തനം ഇനി കൂടുകയെ ഉള്ളു കുറയില്ല. മതനിരപേക്ഷതയുടെ കേന്ദ്രങ്ങളായ സർവ്വകലാശാലകളെ സംഘപരിവാറിന് വിട്ടു തരില്ല. ഞങ്ങളെ നിയന്ത്രിക്കാനും, ഇല്ലാതാക്കാനും നിങ്ങളൊന്നു ശ്രമിച്ചു നോക്കൂ അപ്പോഴറിയാം വിദ്യാർത്ഥി സംഘടനാ പ്രവർത്തനം എന്താണെന്നും, എസ്എഫ്ഐ എന്താണെന്നും…!ബഹുമാനപ്പെട്ട ഗവർണർ നിങ്ങൾ ഒരു ചുക്കും ചെയ്യില്ല.The post ‘സർവകലാശാലകളിലെ വിദ്യാർഥി സംഘടനാ പ്രവർത്തനത്തെ നിയന്ത്രിക്കണമെന്ന ഉത്തരവ് അതീവ ഗുരുതരം’: പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.