ശുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടേയും ജാമ്യം റദ്ദാക്കി

Wait 5 sec.

കണ്ണൂര്‍ \  ശുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യം കോടതി റദ്ദ് ചെയ്തു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് അസാധാരണ നടപടി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്.പ്രതികളെ റിമാന്‍ഡ് ചെയ്യാനും കോടതി നിര്‍ദേശിച്ചു. പ്രതികള്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്.പ്രതികളുടെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ക്രോസ് വിസ്താരത്തിനു തയാറായില്ല. കേസ് നിലവിലെ കോടതിയില്‍നിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതില്‍നിന്ന് അഭിഭാഷകര്‍ വിട്ടു നിന്നത്. അഭിഭാഷകരുടെ തീരുമാനം തന്നെയാണോ പ്രതികള്‍ക്കുമെന്ന് കോടതി ചോദിച്ചപ്പോള്‍ അതെയെന്നു പ്രതികള്‍ മറുപടി നല്‍കി. ഇതോടെയാണ് കേസ് അനന്തമായി നീട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ്‌ െചയ്യാന്‍ ഉത്തരവിട്ടത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാദം തുടരട്ടെയെന്നും കോടതി അറിയിച്ചു. മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ. ജോസാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത് കഴിഞ്ഞയാഴ്ചയാണ് ശുഹൈബ് വധക്കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സമയത്ത് ശുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തില്‍ പരുക്കേറ്റ ഇ റിയാസിനെയാണ് കോടതി വിസ്തരിച്ചത്. മാരകായുധങ്ങളുമായി എത്തിയ സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നായിരുന്നു റിയാസിന്റെ മൊഴി. ജൂണ്‍ 14 വരെ വിസ്താരം തുടരും. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ 11 പേരാണ് കേസിലെ ആദ്യ കുറ്റപത്രത്തിലുണ്ടായിരുന്നത്. പിന്നീട് തുടരന്വേഷണം നടത്തി ആറ് പ്രതികളെ കൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.