അഹമ്മദാബാദ് | ഗുജറാത്തിലെ അഹമ്മദാബാദില്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ കറന്‍സി ചെസ്റ്റില്‍ നിന്ന് 8.7 കോടി രൂപ കവര്‍ന്ന പൊതുമേഖലാ ബേങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായ ഹര്‍സിദ്ധ കഡിയാറയാണ് പിടിയിലായത്.ആര്‍ബിഐയില്‍ നിന്ന് മോഷ്ടിച്ച പണം പ്രതി സ്വത്തുവകകളിലേക്കും ക്രിപ്‌റ്റോ കറന്‍സിയിലേക്കും മാറ്റി. പുതിയ നോട്ടുകള്‍ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ആര്‍ബിഐയുടെ സുരക്ഷിത സംഭരണ സംവിധാനമാണ് ചെസ്റ്റ്.ജനുവരി 13 നാണ് ഇയാള്‍ പണം കടത്തിയത്. കവര്‍ച്ചക്കായി ഹര്‍സിദ്ധക്കൊപ്പം രണ്ട് കരാര്‍ തൊഴിലാളികളും ഉണ്ടായിരുന്നു. പണം മോഷ്ടിച്ചത് പിടിക്കപ്പെടാതിരിക്കാന്‍ മെയ് 20 വരെ ഇയാള്‍ ജോലിക്കെത്തി. പിന്നീട് ദീര്‍ഘകാല അവധിയെടുക്കുകയായിരുന്നു. ഓഡിറ്റിനായി അധികൃതര്‍ എത്തിയപ്പോഴാണ് പണം നഷ്ടമായെന്ന വിവരമറിയുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഹര്‍സിദ്ധയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതി മെയ് 27 വരെ പോലീസ് കസ്റ്റഡിയില്‍ തുടരും.