കോഴിക്കോട് | മുനമ്പം വഖ്ഫ് ഭൂമിയെച്ചൊല്ലി മുഖ്യമന്ത്രിയും വഖ്ഫ് ബോര്‍ഡും നേര്‍ക്കുനേര്‍. മുനമ്പം ഭൂമി കേന്ദ്ര വഖ്ഫ് ബോര്‍ഡിന്റെ പുതിയ പോര്‍ട്ടലായ ഉമീദില്‍ രജിസ്റ്റര്‍ ചെയ്തതാണ് പുതിയ വിവാദത്തിന് തുടക്കം. ഇടതു സര്‍ക്കാര്‍ രൂപവത്കരിച്ച വഖ്ഫ് ബോര്‍ഡ് പുതിയ സര്‍ക്കാറിന് എട്ടിന്റെ പണി നല്‍കിയെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന. വഖ്ഫ് സ്വത്തുക്കളുടെ മുതവല്ലിമാരാണ് (കൈകാര്യക്കാര്‍) ഉമീദ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതെന്നിരിക്കെ മുനമ്പം ഭൂമി വഖ്ഫ് ബോര്‍ഡ് തന്നെ ഏറ്റെടുത്ത് ഉമീദില്‍ രജിസ്റ്റര്‍ ചെയ്തതിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.എന്നാല്‍, കേന്ദ്രത്തിന്റെ പുതിയ വഖ്ഫ് ഭേദഗതി നിയമപ്രകാരം രാജ്യത്തെ വഖ്ഫ് സ്വത്തുക്കള്‍ പൂര്‍ണമായും ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. ഇതനുസരിച്ചാണ് മുനമ്പത്തെ 404 ഏക്കര്‍ ഭൂമി ഉമീദില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ വിശദീകരണം. നിലവില്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കാനിരിക്കെ സ്വാഭാവിക നടപടിക്രമം പൂര്‍ത്തിയാക്കുക മാത്രമാണുണ്ടായത്. സാധാരണ ഗതിയില്‍ വഖ്ഫ് സ്വത്തുക്കളില്‍ മുതവല്ലിമാരാണ് ഉമീദ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതെങ്കിലും തര്‍ക്കമുള്ള കേസുകള്‍ ബോര്‍ഡ് തന്നെ ഏറ്റെടുത്ത്munambam ചെയ്യുകയാണെന്നും ചെയര്‍മാന്‍ കെ എസ് ഹംസ വ്യക്തമാക്കി.അതേസമയം, മുനമ്പം ഭൂമി സംബന്ധിച്ച തര്‍ക്കം വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിട വരുത്തിയേക്കുമെന്നാണ് സൂചന. കാരണം മുനമ്പം വഖ്ഫ് ഭൂമിയല്ലെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട്. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഈ നിലപാട് പരസ്യമായി പറഞ്ഞതാണ്. അധികാരത്തിലെത്തിയാല്‍ പത്ത് മിനിട്ട് കൊണ്ട് പ്രശ്നം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് മുനമ്പം ഭൂമി കേന്ദ്ര വഖ്ഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ, മുനമ്പം സംബന്ധിച്ച് പുതിയ യു ഡി എഫ് സര്‍ക്കാറില്‍ മുസ്ലിം ലീഗിന്റെ നിലപാടും നിര്‍ണായകമാണ്. മുനമ്പം വഖ്ഫ് ഭൂമിയാണോ അല്ലേ എന്നത് സംബന്ധിച്ച കേസ് നിലവില്‍ ട്രൈബ്യൂണലില്‍ തുടരുകയാണ്. മുനമ്പം വഖ്ഫ് സ്വത്താണെന്ന കാര്യത്തില്‍ വഖ്ഫ് ബോര്‍ഡ് ഉറച്ചുനില്‍ക്കുകയാണ്. പ്രശ്നം പഠിക്കാന്‍ നിയോഗിച്ച ഉന്നതാധികാര സമിതി മുമ്പാകെയും വഖ്ഫ് ബോര്‍ഡ് ഈ വാദം ആവര്‍ത്തിച്ചിട്ടുണ്ട്. മുനമ്പം ഭൂമിയുടെ മുതവല്ലിയായിരുന്ന ഫാറൂഖ് കോളജ് വഖ്ഫ് സ്വത്ത് അനധികൃതമായി വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ ബദല്‍ സംവിധാനം ഉണ്ടാക്കേണ്ടത് ഫാറൂഖ് കോളജാണെന്നാണ് ബോര്‍ഡിന്റെ നിലപാട്.അതേസമയം, വഖ്ഫ് സ്വത്തുക്കളില്‍ ഉമീദ് രജ്സ്ട്രേഷന്‍ നടത്തിയാലും സ്വത്തുക്കള്‍ സംബന്ധിച്ച നിയമനടപടികള്‍ക്ക് തടസ്സമില്ല. ഈ സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച വിവാദത്തില്‍ അര്‍ഥവുമില്ല. രജിസ്ട്രേഷന് വഖ്ഫ് ആധാരം മാത്രം മതിയെന്നിരിക്കെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അടക്കം ഉപയോഗിച്ചുവെന്ന വാദവും അസ്ഥാനത്താണ്. മുനമ്പം ഭൂമി വഖ്ഫില്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ ദീപിക പത്രം കഴിഞ്ഞദിവസം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ, വിഷയം കൂടുതല്‍ വിവാദമാക്കുന്നതിന് ബി ജെ പിയും ശ്രമം ആരംഭിച്ചിട്ടുണ്ട്.നിയമപരമായി നേരിടും: മുഖ്യമന്ത്രിതിരുവനന്തപുരം | മുനമ്പം ഭൂമി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സഭവത്തില്‍ മുന്‍ എല്‍ ഡി എഫ് സര്‍ക്കാറിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇപ്പോഴത്തെ നടപടിയെ നിയമപരമായി സര്‍ക്കാര്‍ നേരിടും. വിഷയത്തില്‍ നിയമപരമായ തീരുമാനമെടുക്കും. പത്ത് മിനുട്ട് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാന്‍ മനഃപൂര്‍വം രാഷ്ട്രീയമായി ചെയ്ത നടപടിയാണ്.സത്യത്തില്‍ എന്തിനാണ് പോര്‍ട്ടലില്‍ പെടുത്തിയതെന്ന് അവര്‍ ജനങ്ങളോട് പറയേണ്ടതാണ്. ഇക്കാര്യം സര്‍ക്കാര്‍ നിയമപരമായി പരിശോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരിക്കും വഖ്ഫ് ഭൂമിയാണെന്ന് എസ്റ്റാബ്ലിഷ് ചെയ്താല്‍ ഇവര്‍ കൈയേറ്റക്കാരാണ്. ഇവരെ ഒഴിപ്പിക്കാന്‍ കോടതിക്കും സര്‍ക്കാറിനും പാടായിരിക്കും. പുതിയ സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ അനുമതി നല്‍കുന്നതിന് പകരം എട്ടിന്റെ പണി കൊടുക്കുകയാണ് വഖ്ഫ് ബോര്‍ഡ് ചെയ്തത്.മുനമ്പം നിവാസികളെ യാതൊരു കാരണവശാലും കുടിയൊഴിപ്പിക്കില്ല, അവര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കും. മുന്‍ സര്‍ക്കാറിന്റെ കാലത്തെ വഖ്ഫ് ബോര്‍ഡ്, ഭരണമൊഴിയുന്നതിന് തൊട്ടുമുമ്പ് മുനമ്പത്തെ ഭൂമി വഖ്ഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് പുതിയ സര്‍ക്കാറിന് പ്രതിസന്ധി സൃഷ്ടിക്കാനാണ്. ഈ വിഷയത്തില്‍ വേഗത്തില്‍ പരിഹാരം കണ്ടെത്താനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് ഈ നടപടി കാരണം കാലതാമസം നേരിടും. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ ഭൂമിക്ക് നികുതി അടക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉടന്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.