വിശുദ്ധ ഹജ്ജിന്റെ പുണ്യം നുകർന്ന് ലക്ഷങ്ങൾ; അറഫാ മൈതാനിയിൽ വിശ്വാസക്കടലിരമ്പം

Wait 5 sec.

മക്ക | വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ആത്മീയവുമായ അറഫാ സംഗമത്തിനായി പതിനാറ് ലക്ഷത്തിലധികം തീർത്ഥാടകർ അറഫാ മൈതാനിയിൽ ഒത്തുകൂടി. ദുൽഹിജ്ജ ഒമ്പതാം തീയതി പുലർച്ചെ മുതൽ തന്നെ തീർത്ഥാടകർ അറഫാ മൈതാനിയിലേക്ക് ഒഴുകിയെത്തിയിരുന്നു. സൂര്യാസ്തമയം വരെ വിശുദ്ധ പ്രദേശത്തിന്റെ നിശ്ചിത അതിരുകൾക്കുള്ളിൽ തങ്ങി ആരാധനകളിലും ഖുർആൻ പാരായണത്തിലും പ്രാർത്ഥനകളിലും ഇവർ മുഴുകും. ഇസ്‌ലാമിക പാരമ്പര്യത്തിൽ ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫാ സംഗമം ഹജ്ജിന്റെ ഹൃദയമായാണ് കണക്കാക്കപ്പെടുന്നത്. ഹജ്ജ് എന്നാൽ അറഫയാണ് എന്ന പ്രവാചകർ മുഹമ്മദ് നബി (സ്വ) യുടെ വചനം ഈ സംഗമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.ഇസ്‌ലാമിക കലണ്ടറിലെ ഏറ്റവും വിശുദ്ധമായ ദിവസങ്ങളിലൊന്നായാണ് പണ്ഡിതന്മാർ അറഫാ ദിനത്തെ വിശേഷിപ്പിക്കുന്നത്. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും നിമിഷമാണിത്. എ ഡി 632 ൽ പ്രവാചകർ അവിടുത്തെ വിടവാങ്ങൽ പ്രസംഗം നടത്തിയതും അറഫയിലെ ജബലുർറഹ്മയിൽ വെച്ചായിരുന്നു. നീതി, സമത്വം, ജീവിതത്തിന്റെയും സ്വത്തിന്റെയും വിശുദ്ധി എന്നിവയെക്കുറിച്ചുള്ള പ്രധാന തത്വങ്ങളാണ് പ്രവാചകർ അന്ന് പ്രഖ്യാപിച്ചത്.ഉച്ചയോടെ അറഫാ ഖുതുബ നടന്നു. ഈ ദിനത്തിന്റെ പുണ്യങ്ങളെക്കുറിച്ചും മതപരമായ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലുകൾ പ്രഭാഷണത്തിൽ പങ്കുവെച്ചു. തുടർന്ന് തീർത്ഥാടകർ പ്രവാചക ചര്യ പിൻപറ്റി ളുഹ്ർ, അസ്വർ നിസ്കാരങ്ങൾ ഒരുമിച്ച് ചുരുക്കി നിർവ്വഹിച്ചു. പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ തൽബിയത്തും തക്ബീറുകളും ചൊല്ലി പാപമോചനം തേടി ലക്ഷക്കണക്കിന് വിശ്വാസികളാണ് കൈകളുയർത്തിയത്.മക്കയിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അറഫാ മൈതാനിയിൽ പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടുന്ന പ്രധാന സ്ഥലമാണ് ജബലുർറഹ്മ അഥവാ കാരുണ്യത്തിന്റെ മല. ആദം നബിയും ഹവ്വ ബീവിയും ഭൂമിയിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയ ഇടം എന്ന നിലയിൽ മുസ്ലിംകൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ പ്രദേശം.തിങ്കളാഴ്ച മിനായിലെ തർവിയത്ത് ദിനത്തിന് ശേഷമാണ് തീർത്ഥാടകർ അറഫയിലേക്ക് നീങ്ങിയത്. തീർത്ഥാടകരുടെ സുരക്ഷിതമായ യാത്രയ്ക്കായി സൗദി അധികൃതർ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്രൗഡ് കൺട്രോൾ സംവിധാനങ്ങൾ, മെഡിക്കൽ സേവനങ്ങൾ, ഗതാഗത ശൃംഖലകൾ, അടിയന്തര പ്രതികരണ വിഭാഗങ്ങൾ എന്നിവ വിശുദ്ധ നഗരങ്ങളിൽ ഉടനീളം സജ്ജമാക്കിയിട്ടുണ്ട്.അറഫയിൽ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം കനത്ത ജാഗ്രതയിലാണ്. തീർത്ഥാടകർ ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സൂര്യാസ്തമയത്തോടെ തീർത്ഥാടകർ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങി. അവിടെ മഗ്‍രിബ്, ഇശാഅ് നിസ്കാരങ്ങൾ ഒന്നിച്ച് ചുരുക്കി നിർവ്വഹിച്ച ശേഷം ജംറകളിലെ കല്ലേറ് കർമ്മത്തിനായുള്ള കല്ലുകൾ ശേഖരിച്ച് അവർ രാത്രി അവിടെ ചെലവഴിക്കും.Content Highlights:More than 1.6 million pilgrims gathered on the Plain of Arafat for the sacred and spiritually defining stage of the Hajj pilgrimage. Pilgrims spent the day in intense devotion, prayer, and recitation of the Qur’an despite temperatures rising above 45°C. Following the Arafah sermon, they performed combined prayers and prepared to move to Muzdalifah at sunset. Saudi authorities ensured strict safety protocols and medical services to manage the massive crowd effectively.