ന്യൂഡൽഹി | കർണാടക രാഷ്ട്രീയത്തിൽ വീണ്ടും വൻ രാഷ്ട്രീയ അട്ടിമറി സൂചനകൾ നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി സൂചന. ഡൽഹിയിൽ നടന്ന നിർണായക കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചത്. രാജ്യസഭ വഴി സിദ്ധരാമയ്യയെ പാർലമെന്റിലെത്തിച്ച് ദേശീയതലത്തിൽ വലിയ സംഘടനാ ചുമതലകളോ ഭരണപരമായ പങ്കോ നൽകാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞാൽ പകരം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയേക്കുമെന്നാണ് വിവരം.എ ഐ സി സി ആസ്ഥാനത്ത് നടന്ന നിർണായക യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള രൺദീപ് സുർജേവാല എന്നിവർക്കൊപ്പം സിദ്ധരാമയ്യയും ഡി കെ ശിവകുമാറും പങ്കെടുത്തു. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാനുള്ള പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശത്തോട് സിദ്ധരാമയ്യ ഇതുവരെ പൂർണ്ണമായി യോജിച്ചിട്ടില്ലെന്നാണ് വിവരം. യോഗത്തിന് ശേഷം തന്റെ അടുത്ത അനുയായികളായ മന്ത്രിമാരുമായും വിശ്വസ്തരുമായും അദ്ദേഹം പാർട്ടി ആസ്ഥാനത്ത് വെച്ച് തന്നെ പ്രത്യേക കൂടിയാലോചനകൾ നടത്തി.അതേസമയം, കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തകൾ കോൺഗ്രസ് ഔദ്യോഗികമായി നിഷേധിച്ചു. ഡൽഹിയിൽ നടന്ന യോഗത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പും കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പും മാത്രമാണ് ചർച്ച ചെയ്തതെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിൽ നേതൃമാറ്റം അജണ്ടയായിരുന്നില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കർണാടകയിൽ നിന്ന് ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസിനും ഒരെണ്ണത്തിൽ ബി ജെ പിക്കും ജയം ഉറപ്പാണ്. മല്ലികാർജുൻ ഖാർഗെ വീണ്ടും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷിന്റെ പേരും ഒ ബി സി അല്ലെങ്കിൽ വനിതാ പ്രതിനിധിയുടെ പേരും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. എന്നാൽ ഈ ഔദ്യോഗിക വിശദീകരണങ്ങൾക്കിടയിലും, 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡി കെ ശിവകുമാറിന് വാഗ്ദാനം ചെയ്യപ്പെട്ട മുഖ്യമന്ത്രി പദം കൈമാറാനുള്ള നീക്കങ്ങളാണ് ഡൽഹിയിൽ സജീവമാകുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.SummaryThe Congress high command has reportedly asked Karnataka Chief Minister Siddaramaiah to step down and transition to national politics via the Rajya Sabha. If the leadership transition is finalized, Deputy Chief Minister DK Shivakumar is expected to take over as the next Chief Minister. Although senior party leaders like KC Venugopal publicly denied the rumors, stating that the Delhi meeting was focused solely on upcoming Rajya Sabha and MLC elections, political speculation within the state remains intense.