പത്തനംതിട്ട | രോഗിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം സര്‍ക്കാര്‍ ആശുപത്രികളെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ തുടര്‍ച്ചയാണെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷന്‍. ഇടശ്ശേരിമല സ്വദേശി വത്സലയുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്ത സൂചിയുടെ ഗേജ് ഹൈപ്പോഡെര്‍മിക് നീഡില്‍ ആണോ എന്ന് ഫോറന്‍സിക് വിഭാഗവും ഇന്‍ജക്ഷന്‍ എടുത്തത് ഏത് ആശുപത്രിയിലാണെന്ന് പോലീസും അന്വേഷിച്ച് യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ വര്‍ഷം എടുത്ത ഇന്‍ജക്ഷനില്‍ സൂചി കുടുങ്ങിയെന്നാണ് വത്സല ആദ്യം പറഞ്ഞത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചതില്‍ രോഗിക്ക് മസ്‌കുലര്‍ ഇന്‍ജക്ഷന്‍ എടുത്തിട്ടില്ലെന്ന് വ്യക്തമായി. ഇതിനു പിന്നാലെ രണ്ടര വര്‍ഷം മുമ്പാണ് ഇന്‍ജക്ഷന്‍ എടുത്തതെന്ന് മാറ്റിപ്പറയുകയായിരുന്നു.ഒരു നഴ്സ് ഇന്‍ജക്ഷന്‍ എടുത്തുകഴിഞ്ഞാല്‍ തിരികെ നീഡില്‍ ബോക്സില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് ഉറപ്പായും ശ്രദ്ധിക്കും. നീഡില്‍ ഇല്ലെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അതെടുക്കാന്‍ അടിയന്തര ക്രമീകരണങ്ങള്‍ ചെയ്യും. പ്രമേഹം, പ്രഷര്‍ എന്നിവയുള്ള പരാതിക്കാരി 2023ന് ശേഷം വേറെ ആശുപത്രികളില്‍ പോയ സാധ്യതകളും പരിശോധിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.