കൊലപാതകികളെ സംരക്ഷിക്കുന്ന കോൺഗ്രസ്, ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയ നടപടി പ്രതിഷേധാ‌ർഹം: സി വി വർഗീസ്

Wait 5 sec.

എസ്എഫ്ഐ നേതാവ് ധീരജ് വധക്കേസിലെ പ്രതി നിഖിൽ പൈലിയെ ഇടുക്കി ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത നടപടിയിൽ രൂക്ഷ വിമർശനവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി. വി. വർഗീസ്. ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിഖിൽ പൈലി. കോൺഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകത്തിലെ കൊലയാളികൾക്ക് നൽകുന്ന പാരിതോഷികമാണ് ഈ പുതിയ പദവിയെന്ന് സി.വി. വർഗീസ് പറഞ്ഞു.പയനാവ് എൻജിനീയറിങ് കോളേജിലെ വിദ്യാ‌ർഥിയായിരുന്നു ധീരജ്. ഇവിടെ യാതൊരു വിധ സംഘർഷവും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായി ധീരജ് കൊല്ലപ്പെട്ടതെന്ന് സി. വി. വർഗീസ് പറഞ്ഞു. ആയുധം കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച, ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ട തലവനാണ് നിഖിൽ പൈലിയെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവർത്തകരോട് പോലും അഹങ്കാരത്തോടെയാണ് ഇയാൾ ആക്രോശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് കൊലക്കേസ് പ്രതികളെ സംരക്ഷിക്കുന്നത് ഇത് ആദ്യമായല്ലെന്നും സി വി വർ​ഗീസ് ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ സോയിമോനെ കഞ്ഞിക്കുഴി പഞ്ചായത്തിൽ സുരക്ഷിതമായ വാർഡ് നൽകി പഞ്ചായത്ത് മെമ്പറാക്കിയെന്ന് പറഞ്ഞ അദ്ദേഹം വേറൊരു കൊലയാളിയെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാക്കിയെന്നും പറഞ്ഞു.ALSO READ: സിജെപിക്കെതിരെ കേന്ദ്രകക്ഷികൾ നീങ്ങുന്നു, യുവാക്കളുടെ പ്രതിഷേധം അടിച്ചമർത്താൻ ശ്രമം; ധർമ്മേന്ദ്ര പ്രധാനെ പോലുള്ളവർ രാജിവെക്കണം: ‍ഡോ. ജോൺ ബ്രിട്ടാസ് എംപിഅതേസമയം കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന ഡിസിസി പ്രസിഡന്റിന്റെ വാദം സി വി വർഗീസ് തള്ളി. ഡീൻ കുര്യാക്കോസ് എംപിയുടെ പി.എയുടെ കൈവശം കത്തി ഉണ്ടെന്ന് അയാൾ തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. നിഖിൽ പൈലിക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്താനാണ് ഇയാൾക്കെതിരെ വധഭീഷണിയുണ്ടെന്ന പേരിൽ പുതിയ കഥകൾ മെനയുന്നതെന്നും സി.വി. വർഗീസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥികൾക്കൊപ്പം പരസ്യമായി നടന്നിരുന്ന പ്രതിക്ക് ഇപ്പോൾ ഭീഷണിയുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പരിഹസിച്ചു.കൊലക്കേസ് പ്രതി നിഖിൽ പൈലിക്ക് പുതിയ സ്ഥാനമാനങ്ങൾ നൽകിയ നടപടിക്കെതിരെ ജില്ലയിൽ ഏരിയ അടിസ്ഥാനത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ച് നിഖിൽ പൈലിക്ക് ജയിൽവാസം ഉറപ്പാക്കുമെന്നും സി.വി. വർഗീസ് കൂട്ടിച്ചേർത്തു.The post കൊലപാതകികളെ സംരക്ഷിക്കുന്ന കോൺഗ്രസ്, ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയ നടപടി പ്രതിഷേധാ‌ർഹം: സി വി വർഗീസ് appeared first on Kairali News | Kairali News Live.