റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുദ്ധപ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉൾപ്പെടെയുള്ള പ്രമുഖ പ്രാദേശിക നേതാക്കൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി.മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന ചർച്ചയിൽ സൗദി കിരീടാവകാശിക്കും ട്രംപിനും പുറമെ വിവിധ അറബ് ഭരണാധികാരികളും സംയുക്ത ഫോൺ കോൺഫറൻസിൽ പങ്കാളികളായി.ഗൾഫ് മേഖലയിലെ പ്രമുഖ ഭരണാധികാരികളായ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ പങ്കാളികളായി.ഇവർക്ക് പുറമെ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരും, ഏഷ്യൻ മേഖലയിൽ നിന്നുള്ള പ്രതിനിധിയായി പാകിസ്താൻ സൈനിക മേധാവി ജനറൽ ആസിം മുനീറും ഈ ഉന്നതതല സംയുക്ത ചർച്ചയുടെ ഭാഗമായി.മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന പുതിയ സംഭവവികാസങ്ങൾ നേതാക്കൾ വിശദമായി വിലയിരുത്തി. പശ്ചിമേഷ്യൻ നേതാക്കളുമായി നിരന്തരം കൂടിയാലോചനകൾ നടത്തുന്നതിലും നയതന്ത്ര ഏകോപനം ഉറപ്പാക്കുന്നതിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാണിക്കുന്ന താല്പര്യത്തെയും നേതൃത്വത്തെയും കോൺഫറൻസിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.നിലവിലെ സൈനിക നീക്കങ്ങളും യുദ്ധാവസ്ഥയും അവസാനിപ്പിക്കുന്നതിനായുള്ള കരാറിലെത്താൻ ഖത്തറും പാകിസ്താനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ നേതാക്കൾ പ്രത്യേകം എടുത്തുപറയുകയും നന്ദി അറിയിക്കുകയും ചെയ്തു.മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന രീതിയിലുള്ള ഒരു ശാശ്വത പരിഹാരത്തിന് സംയുക്തമായി ശ്രമിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.The post പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിർണായക ചർച്ച; യുഎസ് പ്രസിഡന്റും സൗദി കിരീടാവകാശിയും ഉൾപ്പെടെ 9 രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു appeared first on Arabian Malayali.