സി ബി എസ് ഇ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടില്‍ അടിയന്തര ഇടപെടല്‍ വേണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് വി ശിവന്‍കുട്ടി

Wait 5 sec.

തിരുവനന്തപുരം | സി ബി എസ് ഇ പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ ക്രമക്കേടുകളിലും വീഴ്ചയിലും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യമുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അദ്ദേഹം കത്തയച്ചു.രാജ്യത്തെ വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് കത്ത്. സി ബി എസ് ഇ പോലുള്ള ദേശീയ ബോര്‍ഡിന്റെ വിശ്വാസ്യതയും സുതാര്യതയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.സി ബി എസ് ഇ സംവിധാനത്തിലുണ്ടാകുന്ന ക്രമക്കേടുകളും വീഴ്ചകളും വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം വീഴ്ചകള്‍ വിദ്യാര്‍ഥികളുടെ കഠിനാധ്വാനത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്. പൊതുവിദ്യാഭ്യാസ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ഇത് ഇടവരുത്തും. വിഷയം അതീവ ഗൗരവത്തോടെ കാണണം. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണം. ക്രമക്കേടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. കുറ്റക്കാര്‍ക്കെതിരെ കാലതാമസമില്ലാതെ കര്‍ശനമായ നിയമ-അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും വി ശിവന്‍കുട്ടി കത്തില്‍ ആവശ്യപ്പെട്ടു.