നിയമ വിദ്യാര്‍ഥികളുടെ ഹാജര്‍ മാനദണ്ഡങ്ങളില്‍ ഇളവ്; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

Wait 5 sec.

ന്യൂഡല്‍ഹി | നിയമ ബിരുദ വിദ്യാര്‍ഥികളുടെ ഹാജര്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തരവിനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബി സി ഐ) സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഇടക്കാല സ്റ്റേ. നിയമ വിദ്യാഭ്യാസം പ്രായോഗിക പരിശീലനത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ഒന്നാണെന്നും നിശ്ചിത ഹാജര്‍ ഇല്ലാതെയുള്ള ബിരുദം അതിന്റെ നിലവാരത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചത്.നിയമ വിദ്യാര്‍ഥികള്‍ അക്കാദമിക് വര്‍ഷത്തില്‍ നിശ്ചിത ശതമാനം ഹാജര്‍ നിലനിര്‍ത്തണമെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിന് തിരിച്ചടിയായിരുന്നു ഹൈക്കോടതി നടപടി. ഹൈക്കോടതി വിധി നിയമപരമായ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും, ഇത് നിയമ വിദ്യാഭ്യാസത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. ബി സി ഐയുടെ ചട്ടങ്ങള്‍ സര്‍വ്വകലാശാലകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.വിദ്യാര്‍ഥികളാണ് ഹാജര്‍ മാനദണ്ഡങ്ങളില്‍ ഇളവ് തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥികളുടെ അക്കാദമിക് പശ്ചാത്തലം കൂടി പരിഗണിച്ച് ഹാജര്‍ കാര്യത്തില്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചത്.