എം വി ഹോണ്‍ഡിയസ് കപ്പലിലെ സ്പാനിഷ് പൗരനും ഹാന്റാ വൈറസ് രോഗബാധ സ്ഥിരീകരിച്ചു

Wait 5 sec.

അന്റാര്‍ട്ടിക്ക | അര്‍ജന്റീനയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് പുറപ്പെട്ട എം വി ഹോണ്‍ഡിയസ് എന്ന കപ്പലില്‍ യാത്ര ചെയ്ത സ്പാനിഷ് പൗരനും ഹാന്റാ വൈറസ് രോഗം സ്ഥിരീകരിച്ചു. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പൗരന് ഹാന്റാ വൈറസ് പോസിറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായതായി സ്പാനിഷ് മന്ത്രാലയം വ്യക്തമാക്കി. ഗോമസ് ഉല്ല ആശുപത്രിയിലെ ഐസൊലേഷന്‍ യൂണിറ്റിലേക്ക് രോഗിയെ മാറ്റിയിട്ടുണ്ട്. അധികൃതര്‍ അറിയിച്ചു. സ്‌പെയിനില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഹാന്റാവൈറസ് കേസാണിത്.12 ഹാന്റാ വൈറസ് കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചതായും മൂന്ന് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതായും ലോകാരോഗ്യസംഘടന അറിയിച്ചു. മെയ് രണ്ടിന് ശേഷം മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. രോഗം ബാധിതര്‍ ബ്രിട്ടന്‍, ജര്‍മനി, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്.കഴിഞ്ഞ മാസം ഒന്നിനാണ് 114 യാത്രക്കാരുമായി അര്‍ജന്റീനയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് എം വി ഹോണ്‍ഡിയസ് എന്ന കപ്പല്‍ വിനോദയാത്ര പുറപ്പെട്ടത്. ഏപ്രില്‍ ആറിന് ഒരു ഡച്ച് പൗരനാണ് വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഇയാള്‍ ഏപ്രില്‍ 11-ന് മരിച്ചു. ഇയാളുടെ ഭാര്യ നാട്ടിലേക്ക് പുറപ്പെട്ടെങ്കിലും വൈറസ് ബാധിച്ച ഇവര്‍ ജോഹന്നസ്‌ബെര്‍ഗില്‍ വെച്ച് മരണപ്പെട്ടു. മേയ് രണ്ടിന് മൂന്നാമത്തെ യാത്രക്കാരനും മരിച്ചു.ഹാന്റാ വൈറസ്അണുബാധയുള്ള എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവയിലെ വളരെ ചെറിയ കണങ്ങള്‍ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്പര്‍ശിക്കുകയോ അറിയാതെ ഭക്ഷണത്തില്‍ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേല്‍ക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. കോവിഡിനെപ്പോലെ വായുവിലൂടെ എളുപ്പത്തില്‍ പടരുന്ന വൈറസല്ല ഇത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് വളരെ അപൂര്‍വമാണ്.ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിലാണ് ഇത് മനുഷ്യശരീരത്തിലെത്തുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പള്‍മണറി സിന്‍ഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇത് ബാധിച്ചാല്‍ മരണനിരക്ക് 40 ശതമാനത്തോളമാണ്.1970-കളില്‍ തെക്കന്‍ കൊറിയയിലെ ഹാന്റാന്‍ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേര് ലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകള്‍ താരതമ്യേന കുറവാണ്.ലക്ഷണങ്ങള്‍സാധാരണ പനിക്ക് സമാനമാണ് ഹാന്റാ വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങള്‍. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ടുമുതല്‍ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പനിക്കു പുറമെ ശരീരവേദന, തലവേദന, ഛര്‍ദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മര്‍ദം കുറയല്‍, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം തന്നെ സംഭവിക്കും.ചികിത്സഹാന്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതിയില്ല. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നല്‍കുന്നത്. എലികള്‍ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗം പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം.