പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെയും വീടുകളിൽ നടന്ന അന്യായമായ ഇഡി റെയ്ഡിൽ രൂക്ഷ വിമർശനവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. കേരളമാകെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായി മാറിയിരിക്കുകയാണെന്നും കോടതി തന്നെ വലിച്ചെറിഞ്ഞ ഒരു കേസിന്റെ പേരിലാണ് ഇഡിയുടെ ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. 142 പ്രതിപക്ഷ നേതാക്കളെ റെയ്ഡ് ചെയ്തതിൽ 125 പേരും ബിജെപിയിൽ ചേർന്നതുപോലെ, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാക്കളും കീഴ്പ്പെട്ടുപോകുമെന്ന് നിങ്ങൾ ധരിച്ചിട്ടുണ്ടെങ്കിൽ തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു.ഇടത് നേതാക്കളെ ആ ഗണത്തിൽ കൂട്ടരുതെന്നും നിങ്ങൾ കൂട്ടിയാൽ കൂടുന്ന ആളുകളല്ല തങ്ങളെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. ‘രാവിലെ മുതൽ അകാരണമായി പിണറായിയുടെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ വീട്ടിലും എല്ലാം റെയ്ഡ് നടത്തിയിരിക്കുകയാണ്. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കേസാണെന്നാണ് പറയുന്നത്. പക്ഷേ ഈ കേസ് വിജിലൻസ് കോടതിയും കേരളത്തിലെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതാണ്. കോടതി തന്നെ വലിച്ചെറിഞ്ഞ ഒരു കേസിന്റെ പേരിലാണ് ഈ നീക്കം.ALSO READ: കോൺഗ്രസേ നിങ്ങൾ ഓർക്കുന്നുണ്ടോ രാഹുൽ ഗാന്ധിക്കെതിരെയുള്ള കേന്ദ്ര നിലപാടിനെ എതിർത്ത പിണറായി വിജയനെ…മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെ ഇന്ന് രാവിലെ ആറുമണിക്ക് 10 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തിയിട്ട് എന്തെങ്കിലും കിട്ടിയോ? ഒരു കടലാസ് കഷ്ണമെങ്കിലും കിട്ടിയെന്ന് വെളിപ്പെടുത്താൻ ഇഡിക്ക് കഴിഞ്ഞോ? നിങ്ങളുടെ വാൾമുനക്ക് മുന്നിലൊന്നും ഞങ്ങൾ മുട്ടുമടക്കില്ല. ഞങ്ങളുടെ സഖാക്കളെ വേട്ടയാടുമ്പോൾ കയ്യും കെട്ടി നോക്കിയിരിക്കാനാകില്ല.ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേരളത്തിൽ ഈ റെയ്ഡ് നടക്കുന്നത്’. തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ഡീൽ എന്ന് ആക്ഷേപിച്ച കോൺഗ്രസ്സുകാരുടെ പെട്ടിയിലേക്കാണോ ബിജെപിയുടെ വോട്ട് പോയതെന്ന് പരിശോധിക്കണം എന്നും ഇ എൻ സുരേഷ് ബാബു കൂട്ടിച്ചേർത്തു.The post ‘റെയ്ഡ് പേടിച്ച് ഞങ്ങൾ ബിജെപിക്ക് കീഴ്പ്പെട്ടുപോകുമെന്ന് കരുതിയോ? നിങ്ങൾ കൂട്ടിയാൽ കൂടുന്ന ആളുകളല്ല ഞങ്ങൾ’: ഇഎൻ സുരേഷ് ബാബു appeared first on Kairali News | Kairali News Live.