‘പാരിയത്തുകാവിൽ മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമിച്ചു’; ഒരു മനുഷ്യനെയും ഇവിടെ നിന്ന് ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

വയനാട് പാരിയത്തുകാവിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ മുത്തങ്ങ സമരത്തിന്റെയും കർണാടകയിലെ ബുൾഡോസർ രാഷ്ട്രീയത്തിന്റെയും മറ്റൊരു പതിപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. കർണാടകയിലും ആന്ധ്രയിലുമുള്ള കോൺഗ്രസ് സർക്കാരുകൾ പാവപ്പെട്ടവരെ വ്യാപകമായി കുടിയൊഴിപ്പിക്കുമ്പോൾ അവരെ സംരക്ഷിക്കുക എന്നതാണ് യഥാർത്ഥ ഇടതുപക്ഷ നിലപാടെന്നും, പാവപ്പെട്ടവരെ കടന്നാക്രമിക്കുന്ന നടപടി ഒരു തരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കൽ ശ്രമത്തിനിടെ നടന്ന പോലീസ് നടപടിയെ അദ്ദേഹം ശക്തമായി അപലപിച്ചു. സമരത്തിനിടെ തലയ്ക്ക് പരിക്കേറ്റ സ്ത്രീയോടും ചികിത്സയിലിരിക്കെ ആക്രമിക്കപ്പെട്ട രോഗിയോടും താൻ നേരിട്ട് സംസാരിച്ചുവെന്നും ഇത്തരം കടന്നാക്രമണങ്ങൾ കേരളത്തിൽ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ALSO READ: അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു1921 മുതൽ, അതായത് നാല് തലമുറകളായി ഈ ഭൂമിയിൽ താമസിച്ചു വരുന്ന കുടുംബങ്ങളെയാണ് ഇപ്പോൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്. 1957-ൽ ഇ.എം.എസ് സർക്കാരിന്റെ കാലം മുതൽ തുടങ്ങിയ കുടിയൊഴിപ്പിക്കൽ നിരോധന നിയമങ്ങളും 1970-കളിലെ ശക്തമായ പോരാട്ടങ്ങളും വഴി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭൂമി ഉറപ്പാക്കിയ ചരിത്രമാണ് കേരളത്തിനുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം പോരാട്ടങ്ങളിലൂടെയാണ് 36 ലക്ഷത്തോളം കുടുംബങ്ങൾക്ക് കേരളത്തിൽ ഭൂമി ലഭിച്ചത്.പാരിയത്തുകാവിൽ നിലവിൽ തർക്കത്തിലുള്ള രണ്ടര ഏക്കർ മാത്രമല്ല, ആകെ 19 ഏക്കർ റവന്യൂ പുറമ്പോക്ക് ഭൂമിയാണുള്ളതെന്നും അവിടെ താമസിക്കുന്ന എല്ലാവരെയും സംരക്ഷിക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. താമസക്കാരുടെ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും എല്ലാവർക്കും പട്ടയം നൽകി അവരെ അവിടെത്തന്നെ നിലനിർത്തണമെന്നുമാണ് പാർട്ടിയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.കോടതി നടപടികൾ എന്തുതന്നെയായാലും, സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പാവപ്പെട്ട ഈ മനുഷ്യരെ തെരുവിലിറക്കാൻ അനുവദിക്കില്ലെന്നും അവർക്ക് അവിടെ താമസിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവർത്തിച്ചു. പാരിയത്തുകാവിലെ താമസക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം, അവർക്ക് നീതി ലഭിക്കുന്നതുവരെ കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി.The post ‘പാരിയത്തുകാവിൽ മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമിച്ചു’; ഒരു മനുഷ്യനെയും ഇവിടെ നിന്ന് ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.