ഇന്തോനേഷ്യയിൽ അഗ്നിപർവത സ്‌ഫോടനം’. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഈ രാജ്യം ഇടം പിടിക്കാറുള്ളതിങ്ങനെയാണ്. ഭയപ്പാടോടെ മാത്രം കേട്ടുശീലിച്ച അഗ്നിപർവതസ്‌ഫോടനങ്ങൾ ഇവിടെ ജീവിച്ചു തുടങ്ങിയപ്പോൾ നിത്യകേൾവികളുടെ ഭാഗമായി. ഇന്നാട്ടുകാർക്കിത് തെല്ലും പുതുമയല്ല തന്നെ, ഭയവുമില്ല. കാരണം വോൾക്കാനോകൾ ഒരേസമയം ജീവന് ഭീഷണിയും ജീവിതത്തിന് മുതൽക്കൂട്ടുമാണ്. നൂറ്റിമുപ്പതോളം ആക്ടീവ് വോൾക്കാനോകളുണ്ട് ഇന്തോനേഷ്യയിൽ. ഓരോ നാടിന്റെയും ഐക്കണായി തലയെടുപ്പോടെ നിലകൊള്ളുന്ന കാവലാളുകൾ. സഞ്ചാരികളെ ആകർഷിക്കുന്നതിനപ്പുറം സമീപദേശത്തുകാരുടെ കൃഷി തുടങ്ങി ഭക്ഷണരീതി വരെ അഗ്നിപർവതങ്ങളെ ആശ്രയിക്കുന്നു എന്നതാണ് ഏറെ കൗതുകം.ഇപ്പോഴും അഗ്നിപർവത സ്ഫോടനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവതമാണ് സെൻട്രൽ ജാവയിൽ സ്ഥിതിചെയ്യുന്ന മെറാപ്പി. പരിസരപ്രദേശത്തിന്റെ ഭംഗിയും തണുത്ത കാലാവസ്ഥയും കാരണം ലോകത്തെ മുഴുവൻ ആകർഷിച്ച, മണൽ പരപ്പിന് നടുക്ക് (ലാവുത്താൻ പാസിർ) പുകഞ്ഞു കൊണ്ടിരിക്കുന്ന വോൾക്കാനോയാണ് മലാങ്ങിലെ ബ്രോമോ. ലോകത്ത് രണ്ടിടത്ത് മാത്രം കാണാൻ കഴിയുന്ന ബ്ലൂ ഫയർ (നീല നിറത്തിലുള്ള തീ) ദൃശ്യമാകുന്നതിനാലും ദിനേന സൾഫർ മൈനിംഗ് നടക്കുന്നതിനാലും ജനകീയമാണ് ബന്യുവാങ്ങിയിലെ ഇജെൻ അഗ്‌നിപർവതം. സൾഫറിന്റെ അമിതമായ സാന്നിധ്യവും ഇളംനീല നിറത്തിലുള്ള സൾഫ്യൂരിക് തടാകത്തിന്റെ മനോഹാരിതയും സാഹസിക പ്രേമികളെ ഇജെനിലേക്ക് കൂടുതൽ ആകർഷിക്കുന്നു. മെറാപ്പി; മരണദൂതന്റെ ജീവിതദൗത്യങ്ങൾഇന്തോനേഷ്യയിലെത്തിയത് മുതൽ ഈ മൂന്ന് പർവതങ്ങളും കാണാൻ വല്ലാത്ത ആകാംക്ഷയായിരുന്നു. ആദ്യവർഷം മെറാപ്പി അനുഭവങ്ങളുടെതായിരുന്നു. സെൻട്രൽ ജാവയിലെ ക്ലാറ്റൺ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മെറാപ്പിയിലേക്ക് ഹോസ്റ്റലിൽ നിന്ന് രണ്ട് മണിക്കൂറിനകം എത്തിച്ചേരാൻ കഴിയും. മധ്യജാവയുടെ നാഡിമിടിപ്പായ മെറാപ്പി പക്ഷേ ഒട്ടേറെ മനുഷ്യരുടെ ജീവനെടുത്ത ഒരു ദുരന്തകഥ കൂടിയാണ്. 2010 നവംബറിലെ സ്‌ഫോടനത്തിൽ മാത്രം 383 പേരാണ് മരണപ്പെട്ടത്. യോഗ്യക്കാർത്തയക്കടുത്ത കളിയുറാംഗ് ഗ്രാമത്തിലെ മെറാപ്പി മ്യൂസിയത്തിൽ നമുക്കിപ്പോഴും ആ ജീവിക്കുന്ന വേദനകളെ അനുഭവിക്കാൻ കഴിയും. മനുഷ്യരുടെയെല്ലാം അസ്ഥികൾ മറമാടിയെങ്കിലും പശുവും ആടും തുടങ്ങി ഇതര ജീവികളുടെ കൊമ്പും തലയോട്ടിയും ചാരമായിപ്പോയ വാഹനങ്ങളുടെയും വീടിന്റെയും അവശിഷ്ടങ്ങളും നമുക്കവിടെ കാണാം.ഇന്തോനേഷ്യക്കാരനായ യോഗ്യക്കാർത്ത മുഹമ്മദിയ യൂനിവേഴ്‌സിറ്റി പ്രൊഫസർ തുമിനും അദ്ദേഹത്തിന്റെ സുഹൃത്ത് ജർമനിയിൽ പി എച്ച് ഡി ചെയ്യുന്ന അഷ്‌റഫ് നൂറാനിയുമുണ്ടായിരുന്നു കളിയുറാംഗ് യാത്രയിൽ. കല്ലും കുഴിയും നിറഞ്ഞ വഴികളാണ് മ്യൂസിയത്തിലേക്കുള്ളത്. ഓഫ്‌റോഡ് ജീപ്പുകളെ ആശ്രയിക്കാതെ വയ്യ.വഴിയത്രയും വിജനമായിരുന്നു. പതിറ്റാണ്ടിനിപ്പുറവും ഒരു മരണമൂകത തളം കെട്ടിയപോലെ. പ്രകൃതിക്ക് പച്ചപ്പും ചാരവും ചേർന്ന നിറം. ഇളം തണുപ്പുള്ള കാലാവസ്ഥയിൽ മ്യൂസിയത്തിലെ കാഴ്ചകൾ കൂടിയാകുമ്പോൾ മെയ്യിനും മനസ്സിനും ഒരുപോലെ മരവിപ്പ്.പർവതമുഖത്തേക്ക് അര മണിക്കൂർ വീണ്ടും വണ്ടിയോടിച്ചെത്തിയാൽ ബങ്കർ കളിയദെമും കാണാം. സ്‌ഫോടനത്തെ പ്രതിരോധിക്കാൻ 2001ൽ നിർമിച്ച ബങ്കർ പക്ഷേ പൈറോക്ലാസ്റ്റിക് ഫ്ലോയിൽ (അഗ്‌നിപർവത സ്‌ഫോടനത്തെ തുടർന്നൊഴുകുന്ന അതിശക്തമായ തീക്കാറ്റ്) ചൂടും ചാരവും മൂടിയെന്നല്ലാതെ ഒരു ജീവനും സുരക്ഷയൊരുക്കാനായില്ല. ഓരോ അഗ്‌നിപർവതങ്ങളുടെയും നിശ്ചിത പരിധിയിൽ ജീവിക്കുന്നതിന് വിലക്കുണ്ട്. അതുകൊണ്ട് തന്നെ മിക്ക അഗ്നിപർവത സ്ഫോടനങ്ങളിലും ഹൈക്കേഴ്‌സാണ് മരിക്കാറുള്ളത്. പക്ഷേ, കണക്കുകൂട്ടലുകൾ തെറ്റിച്ച് നൂറ്റാണ്ടിലെ തന്നെ ഏറ്റവും മാരകമായ സ്‌ഫോടനമായിരുന്നു സെൻട്രൽ ജാവയുടെ മുഖച്ഛായ തന്നെ മാറ്റിവരച്ച 2010 ലെ അഗ്നിപർവത സ്ഫോടനം.മെറാപ്പി കേന്ദ്രീകരിച്ച് പത്തോളം വ്യൂ പോയിന്റ് പാർക്കുകൾ ചുറ്റുഭാഗത്തും നിർമിച്ച് വെച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച അഗ്നിപർവതത്തിന്റെ മുകൾ ഭാഗത്തേക്കുള്ള വ്യൂ എത്രയോ നേരം കണ്ണടയ്ക്കാതെ നോക്കി നിന്നിട്ടുണ്ട്. ഓരോ ദിശയിൽ നിന്നും കാഴ്ച വ്യത്യസ്തമായിരിക്കും. കാലാവസ്ഥ കൂടി തുണക്കണം അഗ്നിപർവതത്തിന്റെ കൃത്യമായ കാഴ്ച ലഭിക്കാൻ. പക്ഷേ സഞ്ചാരികളൊരിക്കലും നിരാശരാകില്ല. വ്യൂപോയിന്റുകളെല്ലാം സമുദ്രോപരിതലത്തോട് ഉയർന്ന പ്രദേശങ്ങളിലാണെന്നതിനാൽ മേഘം മൂടിയ ദിനങ്ങളിൽ തണുത്ത കാലാവസ്ഥയും കോടയും പച്ചപ്പും അനുഭവിച്ച് മടങ്ങാം. യോഗ്യക്കാർത്ത, സെലോ, ക്ലാറ്റൻ, മഗ്ലാംഗ്, ബോയോലാലി തുടങ്ങി സ്ഥലങ്ങളിലെല്ലാം മെറാപ്പി വ്യൂ പോയിന്റ് പാർക്കുകളുണ്ട്. ഈ സ്ഥലങ്ങൾ തമ്മിലുള്ള അകലം നോക്കിയാൽ മാത്രം മതി, മെറാപ്പിയുടെ വലിപ്പം മനസ്സിലാക്കാൻ.ഇത്രയും വായിച്ച് മെറാപ്പിയെ വെറുക്കാൻ വരട്ടെ. ഇന്തോനേഷ്യക്കാരെ മുഴുവൻ ശുദ്ധജലം കുടിപ്പിക്കുന്ന നീരുറവ കൂടിയാണീ അഗ്നിപർവതം. പൊള്ളുന്ന പകലിൽ തണുപ്പിക്കാനും കുളിപ്പിക്കാനും, വേനലിലും വർഷത്തിലും അന്നം നൽകാനും മെറാപ്പി തന്നെ വേണം.Content Highlights:Indonesia is home to around 130 active volcanoes which pose a continuous threat to life while simultaneously sustaining local agriculture and tourism. Mount Merapi in Central Java remains one of the most active and lethal volcanoes, remembered for its devastating 2010 eruption that claimed hundreds of lives. Despite the historical tragedies preserved in local museums, these volcanic regions attract global travelers with unique phenomena like the blue fire of Ijen and stunning views from Mount Bromo. Beyond the danger, these majestic mountains serve as crucial water sources and fertility lifelines for the people of Indonesia.