വലിയ നികുതി നിരക്കുകളിൽ നിന്ന് രക്ഷനേടാൻ എഞ്ചിൻ ശേഷി കുറച്ച് ട്രയംഫ് അവതരിപ്പിച്ച മോട്ടോർസൈക്കിളുകളുടെ വില ജൂൺ 1 മുതൽ കൂടാൻ സാധ്യത. ഈ വാഹനങ്ങളുടെ വില 5000 മുതൽ 10,000 രൂപ വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് മുംബയിലെ ഒരു ഡീലർഷിപ് സോഷ്യൽ മീഡിയ പേജിലൂടെ സൂചന നൽകി. എന്നാൽ ട്രയംഫ് മോട്ടോർസൈക്കിൾ ഇന്ത്യയും അവരുടെ പങ്കാളികളായ ബജാജ് ഓട്ടോയും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ട്രയംഫും ബജാജും ചേർന്ന് തങ്ങളുടെ 400 സിരീസ് ബൈക്കുകളിലെ 399 സിസി എഞ്ചിന് പകരം 350 സിസി എഞ്ചിൻ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് നികുതി ലാഭം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. ഇന്ത്യയിലെ ജിഎസ്ടി നിയമ പ്രകാരം 350 സിസിക്ക് താഴെയുള്ള ബൈക്കുകൾക്ക് 18 ശതമാനം നികുതിയും 350 സിസിയും അതിനു മുകളിലുമുള്ള ബൈക്കുകൾക്ക് 28 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. ഇതിനുപിന്നാലെ സ്ക്രാംബ്ലർ 400, ത്രക്സ്റ്റൺ 400 എന്നീ മോഡലുകൾക്ക് പതിനായിരം രൂപ മുതൽ പതിനൊന്നായിരം രൂപ വരെ വില കുറഞ്ഞിരുന്നു. എന്നാൽ ഏറ്റവും കുറഞ്ഞ വിലയുള്ള സ്പീഡ് ടി4 മോഡലിന്റെ വിലയിൽ അന്ന് മാറ്റമൊന്നും വരുത്തിയിരുന്നില്ല. ഡൽഹിയിലെ എക്സ്-ഷോറൂം വില പ്രകാരം 1.95 ലക്ഷം രൂപയായിരുന്നു ഈ ബൈക്കിന്റെ വില.also read:അതെന്താ ചുവപ്പും പച്ചയും ? ട്രാഫിക് സിഗ്നൽ നിറങ്ങൾക്ക് പിന്നിലൊരു കഥയുണ്ട്പ്രതീക്ഷിക്കുന്ന വിലവർദ്ധനവ് നടപ്പിലായാൽ, പഴയ 399 സിസി എഞ്ചിൻ ഉണ്ടായിരുന്നപ്പോഴത്തെ വിലയിലേക്ക് ഈ ബൈക്കുകൾ ഏതാണ്ട് തിരിച്ചെത്തും. എന്നാൽ, സ്പീഡ് ടി4-ന് വളരെ കുറഞ്ഞ തുക മാത്രമേ വർധിക്കാൻ സാധ്യതയുള്ളൂ. അതേസമയം ഈ നിരയിലെ ഏറ്റവും പ്രീമിയം മോഡലുകളായ ത്രക്സ്റ്റൺ 400, സ്ക്രാംബ്ലർ 400 എക്സ് സി എന്നിവയ്ക്കായിരിക്കും ഏറ്റവും കൂടുതൽ വില കൂടുക. ഏപ്രിലിൽ പ്രഖ്യാപിച്ച പ്രാരംഭ വില കമ്പനിക്ക് വലിയ ലാഭകരമല്ലാത്തതുകൊണ്ടാകാം ഈ മാറ്റം എന്നാണ് വിലയിരുത്തൽ.നിലവിൽ ഡൽഹിയിലെ എക്സ്-ഷോറൂം നിരക്കുകൾ പരിശോധിച്ചാൽ ഉയർന്ന മോഡലുകളായ ത്രക്സ്റ്റൺ 400-ന് 2.65 ലക്ഷം രൂപയും, സ്ക്രാംബ്ലർ 400 എക്സ് സിക്ക് 2.89 ലക്ഷം രൂപയുമാണ് ഇപ്പോഴത്തെ വില. സ്പീഡ് ടി4-ന് 1.95 ലക്ഷം രൂപയും, സ്പീഡ് 400-ന് 2.32 ലക്ഷം രൂപയുമാണ് വില. ട്രക്കർ 400 മോഡലിന് 2.46 ലക്ഷം രൂപയും, സ്ക്രാംബ്ലർ 400 എക്സിന് 2.59 ലക്ഷം രൂപയും നൽകണം. ട്രയംഫ് 400 മോഡലുകളുടെ വിലവർദ്ധനവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നത് ഒരു ഡീലർഷിപ്പിൽ നിന്ന് മാത്രമായത് കൊണ്ട് ഇത് ചിലപ്പോൾ പ്രാദേശികമായ മാറ്റങ്ങൾ മാത്രമാകാനും സാധ്യതയുണ്ട്.The post ട്രയംഫ് 400 മോഡലുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ വാങ്ങിക്കോ; ജൂൺ ഒന്നുമുതൽ വലിയ മാറ്റം സംഭവിക്കും appeared first on Kairali News | Kairali News Live.