യുദ്ധക്കെടുതിയിൽ പൊലിഞ്ഞ് ഗസ്സയിലെ പെരുന്നാൾ

Wait 5 sec.

ഗസ്സാ സിറ്റി | ഏതാനും വർഷങ്ങൾക്ക് മുന്പ് വരെ ബലിപെരുന്നാൾ പുലരികളിൽ ഗസ്സയിലെ കന്നുകാലി വിപണികൾ ജനങ്ങളാൽ സജീവമായിരുന്നു. തങ്ങളുടെ മക്കൾക്കൊപ്പം എത്തി ഇഷ്ടമുള്ള ബലിമൃഗത്തെ തിരഞ്ഞെടുക്കുന്നതും അയൽക്കാർക്കും ബന്ധുക്കൾക്കും പാവപ്പെട്ടവർക്കുമായി മാംസം പങ്കുവെക്കുന്നതുമെല്ലാം ഗസ്സയിലെ ഓരോ കുടുംബത്തിന്റെയും പ്രധാന പെരുന്നാൾ ആചാരങ്ങളായിരുന്നു. എന്നാൽ, രണ്ട് വർഷത്തിലേറെയായി തുടരുന്ന ഇസ്റാഈൽ അധിനിവേശവും സാമ്പത്തിക തകർച്ചയും ഗസ്സയിലെ പെരുന്നാൾ വസന്തങ്ങളെ പൂർണമായും ഇല്ലാതാക്കിയിരിക്കുകയാണ്.“പെരുന്നാളിന്റെ അർഥം നൽകിയിരുന്ന എല്ലാ സന്തോഷങ്ങളും ഞങ്ങൾക്ക് നഷ്ടപ്പെട്ടു’- എട്ട് മക്കളുടെ പിതാവായ അബൂ മുഹമ്മദ് സൈദാം (55) തന്റെ സങ്കടം പങ്കുവെച്ചു. നേരത്തേ മുൻഗണന ഏത് ആടിനെ വാങ്ങണമെന്നതിനായിരുന്നുവെങ്കിൽ, ഇന്ന് ആരെങ്കിലും തങ്ങൾക്ക് ഒരു കഷ്ണം ഇറച്ചി സഹായമായി തരുമോ എന്ന് ചോദിക്കുന്ന അവസ്ഥയിലാണ് കുട്ടികളെന്ന് അദ്ദേഹം പറയുന്നു. കിലോക്കണക്കിന് ഇറച്ചി വാങ്ങി വിതരണം ചെയ്തിരുന്നവർ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെ പട്ടിണിയിൽ ഒരൊറ്റ കിലോ ഇറച്ചി പോലും വാങ്ങാനാകാത്ത സ്ഥിതിയിലാണ്.തുടർച്ചയായ ബോംബാക്രമണങ്ങളും കടുത്ത ഉപരോധവും ഗസ്സയിലെ കാർഷിക- കന്നുകാലി മേഖലയെ പൂർണമായി തകിടം മറിച്ചു. ഫാമുകളുടെ തകർച്ച, തീറ്റയുടെയും വെറ്ററിനറി മരുന്നുകളുടെയും ലഭ്യതക്കുറവ്, ഇസ്റാഈലിന്റെ ഇറക്കുമതി നിയന്ത്രണങ്ങൾ എന്നിവയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഗസ്സ കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മുൻവർഷങ്ങളിൽ പെരുന്നാൾ സീസണിൽ ഇരുപതിനായിരത്തോളം പോത്തുകളെയും 40,000ത്തോളം ആടുകളെയും ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇത്തവണ വിപണിയിൽ മൃഗങ്ങൾ തീരെയില്ല.ലഭ്യതക്കുറവ് കാരണം ബലിമൃഗങ്ങളുടെ വില സാധാരണക്കാർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായി ഉയർന്നു. യുദ്ധത്തിന് മുന്പ് 400 ഡോളറിൽ താഴെ വിലയുണ്ടായിരുന്ന ആടിന് ഇപ്പോൾ വിപണിയിൽ 4,000 ഡോളറിലധികം (ഏകദേശം 3.3 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നൽകേണ്ട അവസ്ഥയാണെന്ന് വ്യാപാരിയായ നുഅ്മാൻ അബൂ മഹ്ദി പറയുന്നു.ഖാൻ യൂനുസിലെ തകർന്നടിഞ്ഞ തെരുവുകളിൽ തന്റെ പിതാവിന്റെ വസ്വിയ്യത്ത് അനുസരിച്ച് ബലി കർമം നടത്താൻ വിലകുറഞ്ഞ ആടിനെ തിരഞ്ഞു മടുത്ത അലാ അൽ നജ്ജാർ (30) പറയുന്നത്, തന്റെ സമ്പാദ്യം മുഴുവൻ വിറ്റാൽ പോലും ഇന്നത്തെ വിലക്ക് ഒരു ആടിനെ വാങ്ങാൻ കഴിയില്ലെന്നാണ്. നിലവിൽ തലചായ്ക്കാൻ ഒരിടവും ഭക്ഷണവും മരുന്നും കണ്ടെത്തുക എന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.കുട്ടികൾക്ക് പുതിയ വസ്ത്രങ്ങളോ നല്ല ഭക്ഷണമോ നൽകാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് ഗസ്സയിലെ ഉമ്മമാർ. മാസങ്ങളായി ഒരേ വസ്ത്രം ധരിച്ച്, കുടിവെള്ളത്തിനും ഒരു കഷ്ണം റൊട്ടിക്കും വേണ്ടി വരിനിൽക്കുന്ന ജനങ്ങൾക്ക് പെരുന്നാൾ തക്ബീർ ധ്വനികളേക്കാൾ ഇന്ന് കേൾക്കേണ്ടി വരുന്നത് ബോംബാക്രമണങ്ങളുടെ വാർത്തകളാണ്. ചില സന്നദ്ധ സംഘടനകൾ ഗസ്സക്ക് പുറത്ത് ബലി നടത്തി ഫ്രോസൺ ഇറച്ചി പാക്കറ്റുകൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ലക്ഷക്കണക്കിന് വരുന്ന അഭയാർഥികളുടെ ആവശ്യങ്ങൾക്ക് മുന്നിൽ അത് തികച്ചും അപര്യാപ്തമാണ്.