ആലപ്പുഴ | നവജാത ശിശുവിനെ ആശുപത്രി ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ മാതാവിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. സംഭവത്തില്‍ വീയപുരം പോലീസ് അന്വേഷണം നടത്തിവരികയാണ്.ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച പത്തൊമ്പതുകാരിയാണ് നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞത്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവമുണ്ടായത്. കടുത്ത വയറുവേദനയുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടി ഇന്നലെ രാത്രി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. പരിശോധനയില്‍ വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. എന്നാല്‍, ഇത് സമ്മതിക്കാതിരുന്ന പെണ്‍കുട്ടി പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറായില്ല. വേദന കുറയാനുള്ള മരുന്ന നല്‍കിയിട്ടും ഫലമുണ്ടാകാതിരുന്നതിനാല്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കി. അര്‍ധരാത്രിയോടെ പെണ്‍കുട്ടി ശുചിമുറിക്കുള്ളില്‍ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് പൊക്കിള്‍ കൊടി സ്വയം മുറിച്ച് മാറ്റിയ ശേഷം കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. കരച്ചില്‍ കേട്ട ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.വണ്ടാനം മെഡിക്കല്‍ കോളജില്‍ കഴിയുന്ന അമ്മയും കുഞ്ഞും അപകട നില തരണം ചെയ്തിട്ടുണ്ട്.