അബൂദബി | ടൂറിസം രംഗത്ത് യു എ ഇ തുടര്‍ച്ചയായ വളര്‍ച്ചയില്‍. എമിറേറ്റ്സ് ടൂറിസം കൗണ്‍സില്‍ തയാറാക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപോര്‍ട്ടും കഴിഞ്ഞ വര്‍ഷത്തില്‍ ടൂറിസം മേഖല കൈവരിച്ച നേട്ടങ്ങളും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം വിലയിരുത്തി.ഹോട്ടലുകളില്‍ എത്തിയ അതിഥികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.1 ശതമാനം വര്‍ധനയുണ്ടായി. 3.2 കോടിയിലധികം അതിഥികളാണ് രാജ്യത്തെ വിവിധ ഹോട്ടലുകളില്‍ എത്തിയത്. ഇതോടൊപ്പം ഹോട്ടല്‍ വരുമാനത്തില്‍ 9.7 ശതമാനം വര്‍ധനയോടെ 4,921 കോടി ദിര്‍ഹം സ്വന്തമാക്കാനും യു എ ഇക്ക് സാധിച്ചു.നിലവില്‍ രാജ്യത്തെ 1,240 ലധികം ഹോട്ടല്‍ സ്ഥാപനങ്ങളിലായി ആകെ ഹോട്ടല്‍ മുറികളുടെ എണ്ണം 2.17 ലക്ഷമായി ഉയര്‍ന്നു. ഹോട്ടലുകളിലെ ശരാശരി ഒക്യുപ്പന്‍സി നിരക്ക് (മുറികള്‍ വാടകക്ക് പോകുന്ന നിരക്ക്) 79.5 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. ഇത് പ്രാദേശികവും ആഗോളവുമായ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്നതാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ദേശീയ ടൂറിസം മേഖല കൈവരിച്ച ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളില്‍ ഹോട്ടല്‍ നൈറ്റുകളുടെ എണ്ണം പത്ത് കോടിയില്‍ എത്തിയതും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര തലത്തിലുള്ള 2024 ലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്സ് പ്രകാരം മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 18-ാം സ്ഥാനത്തും യു എ ഇ ഇടംപിടിച്ചതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.