അവസാന സ്റ്റാഫ് ന്യൂസ് റീഡറും പടിയിറങ്ങുന്നു; ആകാശവാണിക്ക് മലയാളത്തിൽ ഇനി സ്വന്തം വാർത്താ അവതാരകരില്ല

Wait 5 sec.

കോഴിക്കോട് | ആകാശവാണിയുടെ മലയാളം വാർത്താ വിഭാഗത്തിൽ ഇനി സ്റ്റാഫ് ന്യൂസ് റീഡർമാരുടെ സുപരിചിത ശബ്ദങ്ങൾ കേൾക്കില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ആകാശവാണിയിൽ വാർത്താ അവതാരകനായ അനിൽ ചന്ദ്രൻ ഈ മാസം 31ന് സർവീസിൽ നിന്ന് വിരമിക്കുന്നതോടെ മലയാളം വാർത്താ വിഭാഗത്തിൽ ഒരു യുഗത്തിന് വിരാമമാകും. ഇതോടെ തിരുവനന്തപുരം, കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗങ്ങളിൽ ഇനി കോൺട്രാക്ട്/കാഷ്വൽ വാർത്താ അവതാരകർ മാത്രമായിരിക്കും വാർത്തകൾ അവതരിപ്പിക്കുക. നിലവിൽ കോഴിക്കോട് നിലയത്തിൽ ന്യൂസ് റീഡർ കം ട്രാൻസ്‌ലേറ്റർ ഗ്രേഡ്-2 ആയി സേവനമനുഷ്ഠിക്കുകയാണ് അനിൽ ചന്ദ്രൻ.ഗോപൻ, മാവേലിക്കര രാമചന്ദ്രൻ, രത്നാ ബായ്, സുഷമാ ബായി, ശ്രീകുമാർ തുടങ്ങി ശബ്ദഗാംഭീര്യം കൊണ്ട് ശ്രോതാക്കളെ ആകർഷിച്ച നിരവധി വാർത്താ അവതാരകരുടെ പാരമ്പര്യമുണ്ടായിരുന്നു ആകാശവാണിക്ക്. കഴിഞ്ഞ വർഷം വിരമിച്ച ഹക്കീം കൂട്ടായിയായിരുന്നു സ്ഥിരം നിയമനത്തിലുള്ള അവസാന വാർത്താ അവതാരകൻ. 1997ലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. അതിന് ശേഷം സ്ഥിരം ന്യൂസ് റീഡർമാരെ നിയമിച്ചിട്ടില്ല. കാഷ്വൽ ന്യൂസ് റീഡർമാരുടെ പാനലിലുള്ളവരും കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെട്ട ജീവനക്കാരുമാണ് ഇപ്പോൾ വാർത്തകൾ അവതരിപ്പിക്കുന്നത്.മലയാളത്തിലെ അവസാനത്തെ സ്റ്റാഫ് ന്യൂസ് റീഡറായ അനിൽ ചന്ദ്രൻ പടിയിറങ്ങുമ്പോൾ 30 വർഷത്തിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനാണ് വിരാമമാകുന്നത്. 1995 ഒക്ടോബർ 19 ന് ഡൽഹി ആകാശവാണി മലയാള വാർത്താ വിഭാഗത്തിൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ ഗ്രേഡ് 3 ആയിട്ടായിരുന്നു തുടക്കം. അന്ന് പ്രശസ്ത വാർത്ത അവതാരകൻ ഗോപനായിരുന്നു വാർത്താ യൂണിറ്റിന്റെ മേധാവി. സുഷമാ ബായി, ശ്രീകുമാർ, ശ്രീദേവി തുടങ്ങിയ പ്രമുഖരായ വാർത്താ അവതാരകരോടൊപ്പം പ്രവർത്തിച്ചു. സത്യേന്ദ്രൻ, മാവേലിക്കര രാമചന്ദ്രൻ തുടങ്ങിയവർ റിട്ടയർമെന്റിന് ശേഷവും കാഷ്വൽ ന്യൂസ് റീഡർമാരായി വരുമ്പോൾ അവർക്കൊപ്പവും വാർത്തകൾ തയ്യാറാക്കാനും അവതരിപ്പിക്കാനും അനിൽ ചന്ദ്രന് അവസരം ലഭിച്ചു. 1997 മേയ് മാസത്തിലാണ് അദ്ദേഹം ഡൽഹിയിൽ നിന്ന് കോഴിക്കോട് പ്രാദേശിക വാർത്താ യൂണിറ്റിലേക്ക് സ്ഥലം മാറുന്നത്.ഗോപൻവാർത്താ അവതാരക പരീക്ഷ രണ്ടു തവണ എഴുതിയെങ്കിലും റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. മൂന്നാം തവണത്തെ ശ്രമത്തിലാണ് ജോലി ലഭിക്കുന്നത്. 1997 ൽ എൻ എൻ കക്കാടിന് വയലാർ അവാർഡ് സമ്മാനിച്ച വേളയിൽ സംഘടിപ്പിച്ച സംസ്ഥാനതല കവിതാരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെയാണ് ആകാശവാണിയുമായുള്ള ബന്ധം തുടങ്ങുന്നത്. അന്ന് കവിത ആലപിക്കാൻ പ്രോഗ്രാം എക്സിക്യുട്ടീവായിരുന്ന ആർ ശ്രീകണ്ഠൻ നായർ (ഇപ്പോൾ 24 ന്യൂസിന്റെ ചീഫ് എഡിറ്റർ) ക്ഷണിച്ചെങ്കിലും ആലാപനം വശമില്ലാത്തതിനാൽ നിലയത്തിലെ കലാകാരനാണ് അത് അവതരിപ്പിച്ചത്. പിന്നീട് ആകാശവാണിയിൽ കവിതാവതരണവും കഥാവതരണവും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. ആയിരത്തി അഞ്ഞൂറിലേറെ എപ്പിസോഡുകൾ പിന്നിട്ട ജനപ്രിയ പരിപാടിയായ ‘വാർത്താ ദീപ്തി’യുടെ ഭൂരിഭാഗം എപ്പിസോഡുകളുടെയും സ്ക്രിപ്റ്റും അവതരണവും നിർവ്വഹിച്ചതും അനിൽ ചന്ദ്രൻ ആയിരുന്നു.എം രാമചന്ദ്രൻവാർത്തയിലെ ഭാഷാ പ്രയോഗത്തിൽ ചെറുതെങ്കിലും ചില വിപ്ലവാത്മക മാറ്റങ്ങൾ കൊണ്ടു വരാൻ കഴിഞ്ഞു എന്നാണ് തന്റെ വിശ്വാസമെന്ന് അനിൽ ചന്ദ്രൻ സിറാജ് ലൈവിനോട് പറഞ്ഞു. മാധ്യമ-സംസാര ഭാഷകളിൽ അനാവശ്യമായി കടന്നു കൂടിയ ‘ഉള്ള’ എന്ന പ്രയോഗത്തെ പരമാവധി നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞു. ആകാശവാണിയുടെ പരമ്പരാഗത ശൈലികളായ ചൂണ്ടിക്കാണിക്കൽ, പ്രസ്താവിക്കൽ, ഊന്നിപ്പറച്ചിൽ, പ്രഖ്യാപിക്കൽ എന്നിവ കുറയ്ക്കാനും പേരിനൊപ്പം ചേർക്കുന്ന ‘ശ്രീ’, ‘ശ്രീമതി’ പ്രയോഗങ്ങൾ വാർത്താ ബുള്ളറ്റിനിൽ നിന്ന് പാടേ ഒഴിവാക്കാനും സാധിച്ചതും വാർത്താ ഭാഷയെ കാലികമാക്കാനും പഴയ ക്ലീഷേകൾ ഒഴിവാക്കാനും കഴിഞ്ഞതും അഭിമാനകരമായ നേട്ടമായി അദ്ദേഹം എടുത്തുപറയുന്നു.ചരിത്രത്തിൻ്റെ ഭാഗമായ ഒട്ടനവധി വലിയ വാർത്തകൾ മലയാളി ശ്രോതാക്കളിലേക്ക് ആദ്യം എത്തിക്കാനുള്ള നിയോഗവും അനിൽ ചന്ദ്രനായിരുന്നു. മദർ തെരേസയുടെ മരണം, മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിൻ്റെ വധശിക്ഷ, ഒടുവിലായി ഉണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്തം തുടങ്ങിയവയെല്ലാം രാവിലെ പ്രാദേശിക വാർത്തയിലൂടെ ശ്രോതാക്കൾ അറിഞ്ഞത് അനിൽ ചന്ദ്രന്റെ ശബ്ദത്തിലൂടെയാണ്. 2004-ലെ സുനാമി പ്രകൃതിദുരന്തത്തിന്റെ സമയത്ത് കോഴിക്കോട് ബീച്ചിന് ഏതാനും വാര അകലെ മാത്രം സ്ഥിതി ചെയ്യുന്ന നിലയത്തിൽ വലിയ ആശങ്കയോടെയാണ് വാർത്താ വിഭാഗം ജീവനക്കാരും എഞ്ചിനീയർമാരും കഴിച്ചുകൂട്ടിയതെന്ന് അനിൽ ചന്ദ്രൻ ഓർക്കുന്നു. വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ച ആ രാത്രി ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.വിരമിച്ച ആകാശവാണി വാർത്ത അവതാരകരായ രത്നാ ബായിക്കും ഹക്കീം കൂട്ടായിക്കും ഒപ്പം അനിൽ ചന്ദ്രൻതൃശൂർ ശ്രീ കേരള വർമ്മ കോളജിൽ നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയ അനിൽ ചന്ദ്രൻ, കാക്കനാട് കേരള പ്രസ് അക്കാദമിയിൽ നിന്ന് (ഇന്നത്തെ മീഡിയ അക്കാദമി) മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മൂന്നാം റാങ്കോടെയാണ് പി ജി ഡിപ്ലോമ പാസ്സായത്. മാതൃഭൂമി ദിനപത്രത്തിലെ ഇൻ്റേൺഷിപ്പിന് ശേഷം മംഗളം ദിനപ്പത്രത്തിലും പിന്നീട് ചെന്നൈയിൽ മദർലാൻ്റ് പബ്ലിക്കേഷൻസ് തുടങ്ങാനിരുന്ന പത്രത്തിലും പ്രവർത്തിച്ചു. ഇതിനു ശേഷമാണ് ആകാശവാണിയിൽ നിയമിതനാകുന്നത്. ഇതിനിടെ, 2007 ൽ മധുര യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷൻ & ജേർണലിസത്തിൽ എം എ ബിരുദവും സ്വന്തമാക്കി.അനിൽ ചന്ദ്രൻ ഔദ്യോഗിക ജീവിതത്തോട് വിടപറയുന്ന ഇതേ ദിവസം തന്നെയാണ് ഭാര്യ ശ്രീകലയും കാലിക്കറ്റ് സർവകലാശാലയിലെ സെക്ഷൻ ഓഫീസർ തസ്തികയിൽനിന്ന് വിരമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മകൻ അർജുൻ വൈശാഖ് എഴുത്തിന്റെ വഴിയിലാണ്. ‘ദി പ്രൊഫറ്റിക് കേഴ്സ്’ അടക്കം മൂന്ന് ഇംഗ്ലീഷ് നോവലുകൾ അർജുൻ രചിച്ചിട്ടുണ്ട്. ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ചാലും റേഡിയോ ശ്രോതാക്കളുടെ മനസ്സിൽ അനിൽ ചന്ദ്രൻ എന്ന വാർത്താ അവതാരകന്റെ ഗാംഭീര്യമുള്ള ശബ്ദം എന്നും നിലനിൽക്കും.Summary:The state-sponsored broadcaster Akashvani will no longer have permanent staff news readers for its Malayalam section as the last staff reader, Anil Chandran, is set to retire on May 31, 2026. Serving for more than 30 years across Delhi and Kozhikode stations, he brought significant stylistic and linguistic updates to news broadcasting, removing archaic clichés. Following his retirement, the regional news units in Thiruvananthapuram and Kozhikode will completely rely on contractual and casual announcers.