ആഴ്ചയിലെ ആറ് ദിവസത്തെ ജോലി കഴിഞ്ഞ് നമ്മൾ ഏറെ കാത്തിരിക്കുന്ന ദിവസമാണ് ഞായറാഴ്ച. കാലങ്ങളായി ലോകത്ത് അവശ്യ സര്‍വീസുകളല്ലാത്ത എല്ലാ മേഖലയ്ക്കും ഞായറാഴ്ച അവധി ദിനമാണ്. അതായത് ആശുപത്രികള്‍, സുരക്ഷാ സേനകള്‍, പൊതുഗതാഗത രംഗം പോലുള്ളവയല്ലാത്ത, സ്ഥാപനങ്ങളും സംവിധാനങ്ങളും ഞായറാഴ്ച പൊതുവെ പ്രവര്‍ത്തിക്കാറില്ല. കടകമ്പോളങ്ങള്‍ ഏറിയ പങ്കും ഈ ദിവസം അടഞ്ഞുകിടക്കും. എന്നാല്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന മേഖലകളും തൊഴിലാളികളുമുണ്ടുതാനും. ഞായറാഴ്ച തൊഴിലെടുക്കുന്ന ദിവസവേതനക്കാരുമുണ്ട്. എങ്കിലും പൊതുവില്‍ ഞായറാഴ്ചയെ അവധി ദിനമായാണ് കണക്കാക്കുന്നത്.എ.ഡി 321-ല്‍, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ഏഴ് ദിവസം നീളുന്ന ഔദ്യോഗിക ആഴ്ചാസമ്പ്രദായം പ്രഖ്യാപിക്കുന്നത്. അതില്‍ ഞായറാഴ്ച അദ്ദേഹം പൊതു അവധി ദിനമാക്കുകയും ചെയ്തു. എ.ഡി 321-ല്‍ ഞായറാഴ്ച അവധിയായിരിക്കുമെന്നത് സംബന്ധിച്ച് അദ്ദേഹം ആദ്യത്തെ സിവില്‍ നിയമം അവതരിപ്പിക്കുകയും, ആ ദിവസം എല്ലാ ജോലികളും നിര്‍ത്തിവയ്ക്കണമെന്ന് കല്‍പ്പിക്കുകയും ചെയ്തു. അലക്സാണ്ടര്‍ ചക്രവര്‍ത്തി മധ്യ-പൗരസ്ത്യ പ്രദേശങ്ങളില്‍ ഗ്രീക്ക് സംസ്കാരം വ്യാപിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍, ഏഴ് ദിവസത്തെ ആഴ്ച എന്ന ആശയം പ്രചാരം കൈവരിച്ചു.കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഈ ദിവസം ആഘോഷിക്കുമ്പോൾ, ഇന്ത്യാക്കാർക്ക് എങ്ങനെയാണ് ഈ അവധി ലഭിച്ചതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് ഏതെങ്കിലും ഭരണാധികാരി നമുക്ക് വെറുതെ നൽകിയതല്ല, മറിച്ച് ഒരു വലിയ മനുഷ്യന്റെ പോരാട്ടത്തിന്റെ ഫലമാണ്.ALSO READ: പച്ചയും മഞ്ഞയും കറുപ്പും നിറത്തിൽ വരെ നമ്പർ പ്ലേറ്റുകൾ; ഇത് സ്റ്റൈലല്ല, പിന്നിലെ കാരണം അറിയാംപത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ അവസ്ഥ ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. 1843 മുതൽ തന്നെ കൊളോണിയൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ഞായറാഴ്ച അവധി അനുവദിച്ചിരുന്നു. എന്നാൽ, മിക്ക ഇന്ത്യൻ തൊഴിലാളികൾക്കും ആഴ്ചയിലെ ഏഴ് ദിവസവും വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്യേണ്ടി വന്നിരുന്നു. വിശ്രമമില്ലാത്ത ഈ ജീവിതത്തിൽ നിന്നും തൊഴിലാളികളെ മോചിപ്പിക്കാൻ ഒരാൾ മുന്നിട്ടിറങ്ങി. അദ്ദേഹമാണ് നാരായൺ മേഘാജി ലോഖണ്ഡേ.മുംബൈയിലെ മിൽ തൊഴിലാളികളുടെ ഇടയിൽ നിന്ന് ഉയർന്നുവന്ന ഒരു വിപ്ലവകാരിയായ നേതാവ്. പ്രമുഖ സാമൂഹിക പരിഷ്കർത്താവ് മഹാത്മാ ജ്യോതിറാവു ഫൂലെയുടെ അടുത്ത സഹപ്രവർത്തകനായിരുന്നു അദ്ദേഹം. ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.മിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി അദ്ദേഹം ബോംബെ മിൽ ഹാൻഡ്സ് അസോസിയേഷൻ (BMHA) സ്ഥാപിക്കുകയും അതിന്റെ ആദ്യ പ്രസിഡന്റായി മാറുകയും ചെയ്തു. 1883 മുതൽ മിൽ തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകണമെന്ന് അദ്ദേഹം ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടു. എന്നാൽ അധികാരികൾ അദ്ദേഹത്തിന്റെ അപേക്ഷ ഏഴ് വർഷത്തോളം ആവർത്തിച്ച് നിരസിച്ചു. എങ്കിലും ലോഖണ്ഡേ തന്റെ പോരാട്ടത്തിൽ നിന്ന് പിന്മാറിയില്ല.അദ്ദേഹത്തിന്റെ വിട്ടുപോകാത്ത പോരാട്ടത്തിനൊടുവിൽ, 1890 ആയപ്പോഴേക്കും മിൽ തൊഴിലാളികൾക്ക് ഞായറാഴ്ച അവധി ദിവസമായി അംഗീകരിക്കപ്പെട്ടു. പിന്നീട് മറ്റ് തൊഴിൽ മേഖലകളും ഇത് പിന്തുടരാൻ തുടങ്ങി. പിൽക്കാലത്ത് 1881-ലെയും 1891-ലെയും ഫാക്ടറി നിയമങ്ങൾ വന്നതോടെ ആഴ്ചതോറുമുള്ള അവധികൾ നിയമപരമായി തന്നെ അംഗീകരിക്കപ്പെട്ടു.തൊഴിലാളി ക്ഷേമത്തിന് പുറമെ വിദ്യാഭ്യാസ രംഗത്തും അദ്ദേഹം വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. പൂനയിലും പരിസരത്തുമായി അദ്ദേഹം 18 സ്കൂളുകൾ തുറന്നു, അതിൽ ഭൂരിഭാഗവും അക്കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന പെൺകുട്ടികൾക്കും ദളിതർക്കും വേണ്ടിയുള്ളതായിരുന്നു.ഇന്ന് നമ്മൾ ആസ്വദിക്കുന്ന ഓരോ ഞായറാഴ്ചയ്ക്ക് പിന്നിലും നാരായൺ മേഘാജി ലോഖണ്ഡേ എന്ന ആ വലിയ മനുഷ്യന്റെ വിയർപ്പും പോരാട്ടവുമുണ്ട്. അടുത്ത ഞായറാഴ്ച അവധി ആഘോഷിക്കുമ്പോൾ ഈ ചരിത്രം കൂടി നമുക്ക് ഓർക്കാം.The post എന്തുകൊണ്ടാണ് ഇന്ത്യയിൽ ഞായറാഴ്ച അവധിയായത് ? അതിനായി പോരാടിയത് ഈ മനുഷ്യൻ appeared first on Kairali News | Kairali News Live.