കൊച്ചി | പെണ്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ പ്രതി പിടിയില്‍. കോതമംഗലം .കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടികെട്ടി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബേങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിനെ പോലീസ് അറസ്റ്റ് ചെയ്തു.തന്റെ വിവാഹം മുടങ്ങുമെന്ന ഭയത്തിലാണ് യുവാവ് പെണ്‍സുഹൃത്തിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ മര്‍ദ്ദിച്ച് ഉപേക്ഷിക്കും മുന്‍പ് ഇയാള്‍ അവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിതിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ചയാണ് ഇയാള്‍ യുവതിയെ കാണാനെത്തിയത്.വിവാഹിതയായ ഈ സ്ത്രീ തന്റെ വിവാഹം മുടക്കുമെന്ന് നിതിന്‍ ഭയന്നു. പിന്നാലെ കാറില്‍വച്ച് തോര്‍ത്തുകൊണ്ട് കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി കോതമംഗലം ബൈപ്പാസില്‍ തള്ളി. 12 പവന്‍ ആഭരണങ്ങളും കവര്‍ന്നു. കുന്നത്തുനാട് സിഐ എസ് ശിവലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.