ബിക്കാനീര്‍ | രാജസ്ഥാനിലെ ബിക്കാനീറില്‍ വീശിയടിച്ച ശക്തമായ മണല്‍ക്കാറ്റ് (പൊടിക്കാറ്റ്) ജനങ്ങളില്‍ ഭീതിപരത്തി. ആകാശത്തെയാകെ മൂടിയ കനത്ത പൊടിപടലങ്ങള്‍ പകല്‍വെളിച്ചത്തെപ്പോലും പൂര്‍ണ്ണമായി ഇരുട്ടിലാഴ്ത്തി. നഗരത്തിലേക്ക് പൊടിക്കാറ്റ് ആഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.മണല്‍ക്കാറ്റിനെ തുടര്‍ന്ന് പ്രധാന റോഡുകളിലെല്ലാം കാഴ്ചപരിധി പൂര്‍ണ്ണമായും കുറഞ്ഞു. നഗരമാകെ കനത്ത പൊടിപടലങ്ങളാല്‍ മൂടി. അന്തരീക്ഷത്തിന് ഭയാനകമായ ഒരു മഞ്ഞ-തവിട്ട് നിറം കൈവരുകയും ചെയ്തു. ഇതോടെ വാഹനയാത്ര തടസപ്പെട്ടു. കാറ്റിന്റെ വേഗത കൂടിയതോടെ പലയിടങ്ങളിലും ജനങ്ങള്‍ പരിഭ്രാന്തരായി.വ്യാപാരികള്‍ പെട്ടെന്ന് തന്നെ കടകളുടെ ഷട്ടറുകള്‍ താഴ്ത്തുകയും വഴിയാത്രക്കാര്‍ കൊടുങ്കാറ്റില്‍ നിന്ന് സ്വയം രക്ഷപ്പെടാനായി ഓടിമാറുകയും ചെയ്തു. കാറ്റിന്റെ കടുപ്പം നഗരത്തിലെ സാധാരണ ജനജീവിതത്തെ പൂര്‍ണ്ണമായും തടസ്സപ്പെടുത്തി. ശക്തമായ കാറ്റില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീഴാനും പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെടാനും കാരണമായിട്ടുണ്ട്.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.Video: Massive Dust Storm Plunges Rajasthan’s Bikaner Into Near-Darkness https://t.co/Rg7I8Ans9r pic.twitter.com/6Ng225RSax— NDTV (@ndtv) May 30, 2026കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജസ്ഥാനിലെ പല ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴ രേഖപ്പെടുത്തി. ധോല്‍പൂര്‍ ജില്ലയിലെ ബാരിയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ശനിയാഴ്ച ബിക്കാനീര്‍, ജയ്പൂര്‍, അജ്മീര്‍, ഭരത്പൂര്‍, കോട്ട, ജോധ്പൂര്‍, ഉദയ്പൂര്‍ ഡിവിഷനുകളിലെ ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ ഇടിമിന്നലും ചുഴലിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജയ്പൂരിലെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.