കോഴിക്കോട് | നൂറ്റാണ്ടിന്റെ നിറവില്‍ നില്‍ക്കുന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ‘സെന്‍സോറിയം-26’ മുതഅല്ലിം സംഗമത്തിന്റെ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജില്ലാ തലത്തില്‍ നടന്ന ‘മിന്‍ഹാജ്’ ഫൈനല്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍ ജൂനിയര്‍, സീനിയര്‍ കാറ്റഗറികളില്‍ നിന്നായി 462 വിദ്യാര്‍ത്ഥികളാണ് അര്‍ഹത നേടിയത്.‘സമസ്ത: സമഗ്രതയുടെ സഞ്ചാരം’ എന്ന പ്രമേയത്തില്‍ ജൂണ്‍ 11, 12 തിയ്യതികളില്‍ തൃശൂരില്‍ വെച്ചാണ് സെന്‍സോറിയം നടക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന സമസ്തയുടെ ഒരു നൂറ്റാണ്ടുകാലത്തെ പാരമ്പര്യവും പണ്ഡിത ശ്രേഷ്ഠരുടെ ജ്ഞാനാനുഭവങ്ങളും പങ്കുവെക്കുന്ന വിജ്ഞാന സദസ്സുകള്‍ക്കാണ് ഈ സംഗമം വേദിയാകുന്നത്.വിവിധ ഘട്ടങ്ങളിലായി നടന്ന മത്സര പരീക്ഷകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ദഅവാ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി നടന്ന വിപുലമായ പ്രക്രിയക്കൊടുവിലാണ് സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റാങ്ക് ജേതാക്കളെ തിരഞ്ഞെടുത്തത്.സീനിയര്‍ വിഭാഗത്തില്‍ കൊണ്ടോട്ടി ബുഖാരി ദഅവ കോളേജിലെ മുസദ്ധിഖുല്‍ ഇസ്ലാം ഒന്നാം റാങ്ക് കരസ്ഥമാക്കി. ബുഖാരി ദഅവ കോളേജിലെ തന്നെ മുഹമ്മദ് സാബിത് എം., പുതുപ്പറമ്പ് അബ്ദുല്‍ ബാരി അക്കാഡമിയിലെ മുഹമ്മദ് ഹുസൈന്‍ എന്നിവര്‍ രണ്ടാം റാങ്കും, ഹിദായ പാലാഴിയിലെ മുഹമ്മദ് ഉബയ്യ്, സിറാജുല്‍ ഹുദ കുറ്റ്യാടിയിലെ ഇസ്ഹാഖ് എന്നിവര്‍ മൂന്നാം റാങ്കും പങ്കിട്ടു. ജൂനിയര്‍ വിഭാഗത്തില്‍ മര്‍കസ് ഗാര്‍ഡന്‍ പൂനൂരിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കൊയ്തു; മുഹമ്മദ് സിനാന്‍ ഒന്നാം റാങ്കും അബ്ദുറഷീദ് രണ്ടാം റാങ്കും നേടി. നോളജ് സിറ്റി വിറാസിലെ മുഹമ്മദ് ഫസല്‍ പി., സയ്യിദ് മുഹമ്മദ് ബിശ്ര്‍ എന്നിവരാണ് ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം റാങ്ക് പങ്കിട്ടത്.യോഗ്യത നേടിയ പ്രതിഭകളെ എസ്.എസ്.എഫ് കേരള സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. ജൂണ്‍ 11,12 തിയ്യതികളില്‍ തൃശൂരില്‍ വെച്ചാണ് ഇസ്ലാമിക് സ്റ്റുഡന്റസ് സെന്‍സോറിയം നടക്കുക.