അടൂര്‍ | പോക്സോ കേസ് പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് വ്ളോഗര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍, അഞ്ചല്‍ കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചല്‍ അഗസ്തികോട് പൂവാനും വിളയില്‍ അഗ്്നി ജുവല്‍(33), തിരുവനന്തപുരം മംഗലപുരം തോന്നക്കല്‍ രോഹിണിയില്‍ അനീഷ് വിജയന്‍(35) എന്നിവരെയാണ് അടൂര്‍ ടൗണില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീ വ്ളോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും, പുനലൂര്‍, അഞ്ചല്‍കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലില്‍ പ്രവര്‍ത്തിക്കുന്ന അഗ്നി ജൂവല്‍, അനീഷ് വിജയന്‍, റഹീം എന്നിവര്‍ ചേര്‍ന്നാണ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ മെയ് മാസം രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ ഒന്നാം പ്രതിയുടെ പിതാവിനെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.പോക്സോ കേസില്‍ അറസ്റ്റിലായ മകന്റെ ഫോണില്‍ നിന്നുമുള്ള വീഡിയോകള്‍ പോലീസുകാര്‍ മുഖേന തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും, ഈ വീഡിയോകള്‍ തങ്ങളുടെ ചാനലിലൂടെ പ്രചരിപ്പിക്കാതെ ഇരിക്കണമെങ്കില്‍10 ലക്ഷം രൂപ തരണമെന്നുമായിരുന്നു വേ്ളോഗര്‍മാരുടെ ആവശ്യം. ഇത്രയും വലിയ തുക കൈവശം ഇല്ലെന്ന് പോക്സോ കേസ് പ്രതിയുടെ പിതാവ് വ്ളോഗര്‍മാരെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്തി രണ്ടര ലക്ഷം രൂപ കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഈ വിവരം പോക്സോ കേസ് പ്രതിയുടെ പിതാവ് അടൂര്‍ പോലിസിനെ അറിയിക്കുകയും ചെയ്തു. അടൂര്‍ പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം വെള്ളിയാഴ്ച തുക കൈമാറാമെന്ന് വ്ളോഗര്‍മാരെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അടൂരിലെത്തിയ പ്രതികളെ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടൂര്‍ ഡിവൈ എസ് പി പ്രദീപ്കുമാര്‍ വി എസിന്റെ മേല്‍നോട്ടത്തില്‍ എസ് എച്ച് ഒ അജയന്‍ ജെ, എസ് ഐമാരായ അഭിലാഷ് എ ആര്‍, ദീപു ജി എസ്, രാധാകൃഷ്ണന്‍, അനൂപ് രാഘവന്‍, സി പി ഒ മാരായ രാജഗോപാല്‍, നിധിന്‍, അര്‍ജുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.