പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ക്രിക്കറ്റ് പരിശീലകന് കഠിന തടവും പിഴയും

Wait 5 sec.

തിരുവനന്തപുരം |  പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ചിന് കഠിന തടവും പിഴയും. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെയാണ് 16 വര്‍ഷം കഠിന തടവിനും 24,000 രൂപ പിഴയടക്കാനും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷകള്‍ ഉണ്ടെങ്കിലും അഞ്ച് വര്‍ഷം അനുഭവിച്ചാല്‍ മതി. കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുട്ടി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ എത്തിയത്. പ്രതി കുട്ടിയെ പരിശീലനത്തിനെന്നു പറഞ്ഞ് ജിമ്മിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി പ്രതിയുടെ ഇഷ്ടത്തിനു വഴങ്ങാതെ വന്നതോടെ ശരിയായ കോച്ചിങ് നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. 2021ല്‍ കുട്ടി കോച്ചിങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. ഇതോടെ പീഡന വിവരം പുറത്തു പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി.ഈ കുട്ടിക്കു പുറമെ കോച്ചിങിനെത്തിയ മറ്റ് 5 കുട്ടികളെ കൂടി ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ട്.2024ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കു ശേഷം പ്രതിയെ കണ്ടതോടെ ഭയന്ന് ബഹളം വച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഏഴാം ക്ലാസുകാരി പരാതി നല്‍കിയതിനു പിന്നാലെയാണ് മറ്റ് കുട്ടികളും സംഭവം പുറത്തു പറഞ്ഞത്. ഇതോടെ പ്രതിയ്‌ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാല് കേസുകളുടെ വിചാരണ പൂര്‍ത്തിയായി.