സി സി സാജുകണ്ണൂർ | ആഗോള സാങ്കേതിക വളർച്ചക്കനുസൃതമായി വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനായി നിർമിത ബുദ്ധി(എ ഐ) പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കി. വ്യവസായ മേഖലയിലെ പ്രമുഖരുമായി സഹകരിച്ചാണ് വിപുലമായ പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നത്. തിയറികൾക്കപ്പുറം തൊഴിലിടങ്ങളിൽ നേരിട്ട് പ്രയോഗിക്കാൻ കഴിയുന്ന കഴിവുകൾ വളർത്തിയെടുക്കുക എന്നതുൾപ്പെടെയാണ് ലക്ഷ്യമിടുന്നത്.രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുള്ള ബാച്ചിലർ ഓഫ് ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ്, മറ്റ് അനുബന്ധ കോഴ്സുകൾ എന്നിവയുടെ പാഠ്യപദ്ധതിയെക്കുറിച്ച് നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് സമഗ്ര മാറ്റം ശിപാർശ ചെയ്യുന്നത്. പ്രമുഖ ഐ ടി സംഘടനയായ നാസ്‌കോം, വ്യവസായ രംഗത്തെ വിദഗ്ധർ എന്നിവരുമായി ചേർന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐ ടി വകുപ്പ് രൂപവത്കരിച്ച “എ ഐ കരിക്കുലം ടാസ്‌ക് ഫോഴ്സാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എ ഐ പാഠ്യപദ്ധതി നിലവിൽ വിപുലീകരിക്കപ്പെട്ടതായി പഠനം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും നിരവധി പോരായ്മകളുണ്ടെന്നും കണ്ടെത്തിയിരുന്നു. അധ്യാപന രീതിയിൽ മാറ്റം വേണമെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കുറക്കണമെന്നതടക്കമുള്ള കാര്യങ്ങളാണ് പഠനത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കൂടാതെ ജനറേറ്റീവ് എ ഐ, മെഷീൻ ലേണിംഗ് ഓപറേഷൻസ്, ഫൗണ്ടേഷനൽ മോഡൽ ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ പ്രായോഗിക പരിശീലനക്കുറവ് പരിഹരിക്കണമെന്നും എ ഐ കരിക്കുലം ടാസ്‌ക് ഫോഴ്സ് പഠനത്തിൽ പറഞ്ഞിരുന്നു.ഇതെല്ലാം കണക്കിലെടുത്താണ് പാഠ്യ പദ്ധതി പരിഷ്‌കരിക്കുന്നത്. പരിഷ്‌കരണത്തിന്റെ ഭാഗമായി പരമ്പരാഗത ലക്ചർ രീതികളിൽ നിന്ന് മാറി, ഒന്നാം സെമസ്റ്റർ മുതൽ തന്നെ വ്യവസായ മേഖലയിലെ യഥാർഥ പ്രൊജക്ടുകളെയും ഉദാഹരണങ്ങളെയും അടിസ്ഥാനമാക്കിയുള്ള പഠനരീതിയിലേക്ക് മാറണമെന്ന് നിർദേശിക്കപ്പെട്ടിട്ടുണ്ട്. വ്യവസ്ഥാപിതമായി സെമസ്റ്റർ തിരിച്ചുള്ള ഘടനയിലൂടെ എ ഐ കോഴ്സുകളെ ഔദ്യോഗിക അക്കാദമിക് ക്രെഡിറ്റ് സമ്പ്രദായത്തിന്റെ ഭാഗമാക്കാനും ശിപാർശ ചെയ്യുന്നുണ്ട്.നിലവിലുള്ള 25-30 ശതമാനം പ്രായോഗിക പരിശീലനം, ബിരുദത്തിന്റെ സ്വഭാവവും തിരഞ്ഞെടുക്കുന്ന സ്‌പെഷ്യലൈസേഷനും അനുസരിച്ച് 40-75 ശതമാനമായി ഉയർത്തുക, എ ഐ, എ ഐ ഗവേണൻസ് എന്നിവ ഏതെങ്കിലും ഒരു പ്രത്യേക മൊഡ്യൂളിൽ ഒതുക്കാതെ എല്ലാ സെമസ്റ്ററുകളിലും പാഠ്യപദ്ധതിയുടെ ഭാഗമായി തുടർച്ചയായി ഉൾപ്പെടുത്തുക എന്നിവയും പരിഷ്‌കരണത്തിന്റെ ഭാഗമായി നടപ്പാക്കും.ദേശീയ വിദ്യാഭ്യാസ നയം പ്രകാരം ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ വിദ്യാർഥി സൗഹൃദ സംവിധാനമായ മൾട്ടിപ്പിൾ എൻട്രി-എക്‌സിറ്റ് ഓപ്ഷനുകൾ നടാപ്പാക്കും. ദേശീയ വിദ്യാഭ്യാസ നയ പ്രകാരം ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ വിദ്യാർഥി സൗഹൃദ സംവിധാനമായ മൾട്ടിപ്പിൾ എൻട്രി-എക്‌സിറ്റ് ഓപ്ഷനുകൾ നടാപ്പാക്കും.ഇത് വിദ്യാർഥികൾക്ക് അവരുടെ പഠനം എപ്പോൾ വേണമെങ്കിലും താത്കാലികമായി നിർത്താനും പിന്നീട് അനുയോജ്യമായ സമയത്ത് അതേ കോഴ്‌സിലേക്ക് തിരികെ വരാനും അവസരം നൽകുന്നു. ഒന്നാം വർഷത്തിന് ശേഷം “സർട്ടിഫിക്കറ്റും’ രണ്ടാം വർഷത്തിന് ശേഷം “ഡിപ്ലോമയും’ മൂന്നാം വർഷത്തിന് ശേഷം “അഡ്വാൻസ്ഡ് ഡിപ്ലോമയും’ ഇതിലൂടെ സ്വന്തമാക്കാനാകും.പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊപ്പം അധ്യാപകരുടെ ശേഷി വർധിപ്പിക്കാനും കൃത്യമായ പരിശീലനം നടത്താനും ശിപാർശ ചെയ്യുന്നുണ്ട്. നേരത്തേ രാജ്യത്തെ ക്രിയേറ്റീവ് മേഖലയിലുള്ളവർക്ക് നിർമിത ബുദ്ധിയിൽ (എ ഐ) പ്രായോഗിക പരിശീലനം നൽകുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്‌കരിച്ചിരുന്നു.