പത്തനംതിട്ട | ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ അവഗണിച്ച് സര്‍വീസ് നടത്തിയതിന് കെ എസ് ആര്‍ ടി സി നഷ്ട പരിഹാരം നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്. കെ എസ് ആര്‍ ടി സി ചെയര്‍മാനും മാനേജിങ് ഡയറക്ടറും ചേര്‍ന്ന് 35,146 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കമ്മീഷന്‍ ഉത്തരവ്. തിരുവല്ല ചാലക്കുഴി മാളിയേക്കല്‍ ശ്രുതി സൂസന്‍ ഫിലിപ്പ് നല്‍കിയ പരാതിയിലാണ് ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്.കാട്ടാക്കടയില്‍ നിന്നും തിരുവല്ല വഴി അമൃത ഹോസ്പിറ്റലിലേക്ക് 2024 ആഗസ്റ്റ് മാസം 24ാം തിയ്യതി ടിക്കറ്റ് ബുക്ക് ചെയ്യുകയും രാവിലെ 7.30 മുതല്‍ 8.10 വരെ നിന്നിട്ടും ബസ് കാണാതെ വരികയും ചെയ്തു. തുടര്‍ന്ന് ബസിലെ ക്രൂവിന്റെ നമ്പരില്‍ വിളിച്ചപ്പോള്‍ ബസ് കോട്ടയം എത്തിയെന്നറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ മാസ്റ്ററോട് കാര്യം പറഞ്ഞപ്പോള്‍ തിരുവല്ല ഡിപ്പോയില്‍ ബസ് ക്രൂ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു. അമൃതയില്‍ ശ്രുതി 12.30ന് ഡോക്ടറെ കാണാന്‍ 500 രൂപ അടച്ച് ബുക്ക് ചെയ്തിരുന്നു. ഐ ടി ജോലിയില്‍ അവധിയെടുത്ത് വന്നതിനാലും ഒരു മണി കഴിഞ്ഞു ചെന്നാല്‍ ഡോക്ടറെ കാണാന്‍ പറ്റാത്തതിനാലും ഇവര്‍ ഹോസ്പിറ്റലിലേക്കുളള യാത്ര ക്യാന്‍സല്‍ ചെയ്ത് തിരിച്ച് പോയി. പിന്നീട് വേറെ ദിവസം അവധിയെടുത്ത് പോകേണ്ടി വന്നു. ‘ഒറ്റയ്ക്കു യാത്ര ചെയ്യേണ്ടി വന്നതിനാലും സുഖം ഇല്ലാത്തതിനാലുമാണ് കെ എസ് ആര്‍ ടി സി ബസില്‍ വിശ്വാസപൂര്‍വ്വം യാത്ര തിരഞ്ഞെടുത്തത്. എന്നാല്‍ ബസിലെ ക്രൂരമായ ഉത്തരവാദിത്വം ഇല്ലായ്മ മൂലം ഡോക്ടറെ കാണാന്‍ പറ്റാതെയായി. ഇതുമൂലം സാമ്പത്തിക പ്രയാസങ്ങളും മാനസിക പ്രയാസവും ഉണ്ടായതായും ശ്രുതി തിരുവല്ല സ്റ്റേഷന്‍ മാസ്റ്റര്‍ക്കും കെ എസ് ആര്‍ ടി സി എം ഡിയ്ക്കും, വകുപ്പ് മന്ത്രിക്കും പരാതി നല്‍കി. തുടര്‍ന്ന് ഈക്കാര്യം ചൂണ്ടിക്കാട്ടി ഉപഭോക്്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.പരാതി ഫയലില്‍ സ്വീകരിച്ച് കമ്മീഷന്‍ ഇരുകക്ഷികളും ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച് ഹരജിക്കാരന്റെ വാദം ശരിയാണെന്ന് കണ്ടെത്തുകയാണ് ഉണ്ടായത്. സീറ്റ് ബുക്ക് ചെയ്തതിന് 146 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചിലവിനത്തില്‍ 10,000 രൂപയും ചേര്‍ത്ത് 35,146 രൂപ കെ എസ് ആര്‍ ടി സി, ശ്രുതിക്ക് നല്‍കുന്നതിന് കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്ന് വിധി പ്രസ്താവിക്കുകയായിരുന്നു