ഇസ്‌റാഈലിനെ കയറൂരിവിട്ട് എന്ത് സമാധാന ചര്‍ച്ച

Wait 5 sec.

പരസ്പരവിരുദ്ധമായ പ്രഖ്യാപനങ്ങള്‍ അന്തരീക്ഷത്തില്‍ നിറയുകയല്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സമാധാനത്തിന്റെ വെട്ടം തെളിഞ്ഞുകാണുന്നേയില്ല. ലബനാനിനും ഗസ്സക്കും സിറിയക്കും നേരെ ഇസ്‌റാഈല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാ ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാക് മാധ്യസ്ഥ്യത്തിലടക്കം നടക്കുന്ന പരോക്ഷ ചര്‍ച്ചകള്‍ നിര്‍ത്തുന്നതായും മധ്യസ്ഥ്യര്‍ വഴി സന്ദേശങ്ങള്‍ കൈമാറില്ലെന്നുമാണ് ഇറാനിലെ ഉന്നതരെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയത്. അതേസമയം, കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുവെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ ആവര്‍ത്തിക്കുന്നു. ഇത് പക്ഷേ ശരിവെക്കാന്‍ ഇറാന്‍ നേതൃത്വം തയ്യാറായിട്ടില്ല. “നിരന്തരം മാറിക്കൊണ്ടിരിക്കുന്ന’ യു എസ് നിലപാടിനെ വിമര്‍ശിച്ച ഇറാന്‍ നേതാക്കള്‍, കൃത്യമായ ഉറപ്പുകളില്ലാതെ ധാരണ സാധ്യമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ലബനാനില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാത്തതാണ് ഇറാന്‍ പ്രധാനമായും ഉന്നയിക്കുന്നത്. ഒരു യുദ്ധമുന്നണിയിലെ വെടിനിര്‍ത്തല്‍ ലംഘനം എല്ലായിടത്തെയും ലംഘനമായി കണക്കാക്കുമെന്നും ചര്‍ച്ചകള്‍ തകരുന്നതിന്റെ ഉത്തരവാദിത്വം യു എസിനും ഇസ്‌റാഈലിനുമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തുറന്നടിച്ചു. ചര്‍ച്ചകള്‍ പരാജയപ്പെടുന്നതിന്റെ കാരണം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിടിവാശിയാണെന്ന് ട്രംപും പറഞ്ഞുവെന്നാണ് ഏറ്റവുമൊടുവില്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. “താങ്കളെ എല്ലാവരും വെറുക്കുന്നു. ഞാന്‍ സഹായിച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടയാളാണെ’ന്ന് ഫോണ്‍ സംഭാഷണത്തില്‍ നെതന്യാഹുവിനോട് ട്രംപ് പറഞ്ഞുവെന്നാണ് റിപോര്‍ട്ട്.കൃത്യമാണ് ഇപ്പറഞ്ഞത്. ഇറാനുമായി ആണവ കരാറിന്റെ തൊട്ടരികില്‍ നില്‍ക്കുമ്പോഴാണ് ഒമാന്‍, ഈജിപ്ത് അടക്കമുള്ള മധ്യസ്ഥരെ മുഴുവന്‍ അപമാനിച്ച് ട്രംപ് ആക്രമണത്തിലേക്ക് എടുത്തുചാടിയത്. ആഭ്യന്തര പ്രക്ഷോഭത്തിന് തിരികൊളുത്തിയിട്ടും സാധ്യമാകാതിരുന്ന ഭരണകൂടമാറ്റം ഇറാനില്‍ ആക്രമണത്തിലൂടെ സാധ്യമാക്കാനായിരുന്നു പുറപ്പാട്. അതിന് പിന്നില്‍ ട്രംപിന്റെ യുദ്ധോത്സുകതയും ആയുധക്കച്ചവട ത്വരയുമുണ്ടെങ്കിലും ആക്രമണം യാഥാര്‍ഥ്യമാക്കിയത് നെതന്യാഹുവിന്റെയും സംഘത്തിന്റെയും ലോബിയിംഗായിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പുയര്‍ന്നിട്ടും ഒന്നും നേടാനാകാത്ത യുദ്ധത്തിലേക്ക് ട്രംപ് എടുത്തുചാടിയതിന് പിന്നില്‍ സയണിസ്റ്റുകളല്ലാതെ മറ്റാരുമല്ല. ഇറാനുമായി ആണവ കരാറിലെത്തുകയും അവര്‍ക്കെതിരായ ഉപരോധം അവസാനിക്കുകയും ചെയ്താല്‍ വലിയ അപകടങ്ങള്‍ സംഭവിക്കുമെന്നും അറബ് രാജ്യങ്ങളുമായി ചേര്‍ന്ന് മേഖലയില്‍ തങ്ങളുടെ താത്പര്യങ്ങള്‍ക്കെതിരെ ഇറാന്‍ കരുനീക്കുമെന്നും പലവുരു ആവര്‍ത്തിക്കുകയായിരുന്നു സയണിസ്റ്റ് സംഘം. ഈ ആഖ്യാനം ട്രംപ് ഭരണകൂടത്തിലെ ഇറാന്‍വിരുദ്ധര്‍ തൊണ്ടതൊടാതെ വിഴുങ്ങി. രായ്ക്കുരാമാനം ജയിച്ചുവരാവുന്ന യുദ്ധമായിരുന്നു അവരുടെ മനസ്സില്‍. ഒടുവിലിപ്പോള്‍ വിജയത്തിന്റെ ഒരു സൂചനയെങ്കിലും സാധ്യമാക്കി ഇറാനില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കുന്ന ട്രംപിന്റെ ദയനീയ ചിത്രമാണ് കാണുന്നത്. ഈ ഘട്ടത്തിലും വെടിനിര്‍ത്തല്‍ കരാറിന് തുരങ്കം വെക്കുന്നത് ഇസ്‌റാഈലാണ്. ഹോര്‍മുസിലും ആക്രമണവിരാമത്തിലും നില്‍ക്കേണ്ട ചര്‍ച്ച ആണവ ചര്‍ച്ചയാക്കി മാറ്റി ഊരാക്കുടുക്കില്‍ അകപ്പെടുത്തുകയാണ് സയണിസ്റ്റ് ലോബി.സിറിയയിലും ലബനാനിലും ഫലസ്തീനിലാകെയും അധിനിവേശം നടത്തി ഗ്രേറ്റര്‍ ഇസ്‌റാഈല്‍ പദ്ധതിക്ക് തുടക്കം കുറിക്കാനുള്ള അവസരമായാണ് ഈ സംഘര്‍ഷകാലത്തെ ഇസ്‌റാഈല്‍ കാണുന്നത്. ഗസ്സയില്‍ ഒക്‌ടോബറില്‍ യു എസ് നിര്‍ദേശപ്രകാരം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ട്. അത് കടലാസിലേ ഉള്ളൂ. ദിനംപ്രതി ഇസ്‌റാഈല്‍ അവിടെ ആക്രമണം നടത്തുകയാണ്. ആദ്യ ഘട്ടത്തില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണം 58 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നും പിന്നീട് പൂര്‍ണ പിന്‍മാറ്റം സാധ്യമാക്കണമെന്നും വെടിനിര്‍ത്തല്‍ കരാറില്‍ വ്യവസ്ഥയുണ്ട്. അത് നടന്നില്ലെന്ന് മാത്രമല്ല, ഐ ഡി എഫ് നിയന്ത്രണം 11 ശതമാനം കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. അത് 70 ശതമാനത്തിലേക്കും പടിപടിയായി ഗസ്സയുടെ പൂര്‍ണ നിയന്ത്രണത്തിലേക്കും എത്തിക്കണമെന്ന് നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കിയത് കഴിഞ്ഞ ദിവസമാണ്. വെസ്റ്റ് ബാങ്കില്‍ അതിവേഗം അധിനിവേശം നടക്കുകയാണ്. അതിനായി ഇസ്‌റാഈല്‍ പാര്‍ലിമെന്റ്നിരന്തരം നിയമനിര്‍മാണം നടത്തുന്നു.ലബനാനില്‍ ഹിസ്ബുല്ലയെ തകര്‍ക്കാനെന്ന പേരില്‍ നടക്കുന്നത് ഭീകരമായ അധിനിവേശമാണ്. ബെയ്‌റൂത്തിന്റെ തെക്കന്‍ മേഖലയില്‍ നിന്ന് കൂട്ടപ്പലായനം നടക്കുന്നു. ലബനാനിലെ അഞ്ചാമത്തെ വലിയ നഗരമായ നബാത്തിഹിന് സമീപമുള്ള തന്ത്രപ്രധാന കുന്നിന്‍ മുകളിലെ ബ്യൂഫോര്‍ട്ട് കോട്ട ഇസ്‌റാഈല്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം നടക്കുന്നത് വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണെന്നോര്‍ക്കണം. ഒരു അന്താരാഷ്ട്ര നിയമവും സയണിസ്റ്റ്, അക്രമി രാഷ്ട്രത്തിന് ബാധകമല്ല. ഇസ്‌റാഈലിനെ നിലയ്ക്ക് നിര്‍ത്താന്‍ ആര്‍ക്കുമില്ല നട്ടെല്ല്. ബെയ്്റൂത്തിലേക്ക് ആക്രമണം വ്യാപിപ്പിക്കില്ലെന്ന് നെതന്യാഹുവിനെക്കൊണ്ട് സമ്മതിപ്പിക്കാൻ മാത്രമാണ് ട്രംപിന് സാധിച്ചത്.അതുകൊണ്ടാണ് ഹോര്‍മുസിനെ മുന്‍നിര്‍ത്തി ഇറാന്‍ വിലപേശുന്നത്. നിര്‍ദിഷ്ട സമാധാന കരാറില്‍ ഉണ്ടാകണമെന്ന് ഇറാന്‍ പറയുന്ന പ്രധാന വ്യവസ്ഥ ഗസ്സയിലും ലബനാനിലും സിറിയയിലും മറ്റിടങ്ങളിലും ഇസ്‌റാഈല്‍ അധിനിവേശ ആക്രമണം നിര്‍ത്തണമെന്നാണ്. ആ വ്യവസ്ഥ അംഗീകരിപ്പിക്കാന്‍ അമേരിക്കക്ക് ത്രാണിയുണ്ടോ എന്നതാണ് ചോദ്യം. ഇസ്‌റാഈലിനെ കയറൂരിവിട്ട് നടക്കുന്ന ചര്‍ച്ചകള്‍ പ്രഹസനം മാത്രമായിരിക്കും.