നവകേരളയാത്ര മർദനക്കേസ്;അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Wait 5 sec.

ആലപ്പുഴ | നവകേരളയാത്രക്കിടെ കെ എസ്‌ യു, യൂത്ത് കോൺഗ്രസ്സ് നേതാക്കളെ മർദിച്ച കേസിലെ പോലീസ് ഉദ്യോഗസ്ഥരായ അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. അനിൽകുമാർ, സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവരാണ് പ്രതികൾ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് ഹരജികളിൽ വാദം കേൾക്കുന്നത്.ഇന്നലെ ഹരജികൾ പരിഗണിച്ചപ്പോൾ ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ അപേക്ഷകളിൽ വിശദമായ ആക്ഷേപം സമർപ്പിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ അഞ്ച് പ്രതികളുടെയും ഹരജികൾ ഒരുമിച്ചാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.അന്വേഷണം പൂർത്തിയാകുന്നതുവരെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. കുറ്റം തെളിയിക്കപ്പെട്ടതായി പ്രാഥമികമായി കണ്ടെത്തിയ കേസുകളിൽ അറസ്റ്റ് തടയാനുള്ള അധികാരം ജില്ലാ സെഷൻസ് കോടതിക്കല്ലെന്നും അതിന് ഹൈക്കോടതിയെ സമീപിക്കണമെന്നും കോടതി വ്യക്തമാക്കി.അതേസമയം, പ്രതികളായ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ഭയന്ന് ഒളിവിലാണെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെയാണ് ഇവർ ഒളിവിൽ പോയതെന്നും പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും എസ്‌ ഐ ടി കോടതിയെ അറിയിച്ചു.