“പാറ്റപ്പാര്‍ട്ടി’യുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ സോനം വാംഗ്ചുകും

Wait 5 sec.

ന്യൂഡല്‍ഹി | പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) ആറിന് ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പ്രമുഖ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാംഗ്ചുക് രംഗത്തെത്തി. നിലവിലെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ താനും പങ്കുചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതത്തെയും ഇന്ത്യയുടെ ഭാവിയെയും ബാധിക്കുന്ന ഇത്തരം ഗുരുതരമായ വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ സ്വയം ബഹുമാനമുള്ള ഏത് മന്ത്രിയും രാജിവെക്കണമെന്ന് വാംഗ്ചുക് എക്സിലൂടെ പ്രതികരിച്ചു. നീറ്റ്, സി യു ഇ ടി, സി ബി എസ് ഇ പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് പുറമെ, രാജ്യത്തെ വിദ്യാഭ്യാസ നയങ്ങളുടെ നടപ്പാക്കലിലെ പോരായ്മകളും വലിയ പ്രശ്‌നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പ്രമുഖ വ്യക്തി തങ്ങളുടെ പ്രസ്ഥാനത്തിനൊപ്പം ചേരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ നേരത്തേ സൂചന നല്‍കിയിരുന്നു.നിലവില്‍ വിദേശത്തുള്ള അഭിജീത് ദിപ്‌കെ ആറിന് ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ലിമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി ജന്തര്‍ മന്ദറില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുമതി തേടുമെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ കഴിഞ്ഞ ദിവസംഅറിയിച്ചിരുന്നു.